’സഹ്യസാനു ശ്രുതി ചേർത്തുവെച്ച ...’ പാട്ടിൽ നിറയും കേരളം
Mail This Article
ഭാരതത്തിൻ പൊൻവിളക്കാം
കേരളമേദിനീ ദേവി
ചാരുതരഗുണാരാമ രാജിതയല്ലോ
ശ്രീവിലാസമനോജ്‌ഞമാം
ഈ വിശിഷ്‌ടമഹീതലം
ഭൂവിലാർക്കും കൺകുളിർക്കും
ഭാസുരഭാഗ്യം’’
എന്നിങ്ങനെ കേരളത്തെ സ്‌തുതിച്ചു പാടിയത് ‘ബാലനി’ലൂടെ മലയാളത്തിലെ ആദ്യത്തെ രചയിതാവായി മാറിയ മുതുകുളം രാഘവൻപിള്ളയാണ്. മലയാള മണ്ണിന്റെ സവിശേഷതകളിലേക്കെല്ലാം കടന്നുചെല്ലുന്നുണ്ട് അദ്ദേഹം.
സ്വാതന്ത്യ്രസമര സേനാനിയും കവിയുമായ ബോധേശ്വരന്റെ
‘’ജയ ജയ കോമള കേരളധരണീ
ജയ ജയ മാമക പൂജിത ജനനീ
ജയ ജയ പാവനഭാരത ഹരിണീ
ജയ ജയ ധർമസമന്വയരമണീ’’
എന്ന കേരളഗാനം മലയാളികൾക്കിടയിൽ വമ്പിച്ച പ്രചാരം നേടിയതാണ്. അതു മനസ്സിലാക്കിയിട്ടാകണം യാചകൻ എന്ന ചിത്രത്തിൽ ആ പാട്ട് അതേപടി ഉപയോഗിച്ചത്. ഇതേ ചിത്രത്തിനുവേണ്ടി ഗാനരചന നിർവഹിച്ച അഭയദേവിന്റെ തൂലികയും മറ്റൊരു കേരളീയ ഗാനം സമ്മാനിച്ചു.
‘’കോമള കേരളമേ - സസ്യ -
ശ്യാമള പൂവനമേ - സുന്ദരചന്ദന ശീതള’’
കേരളദേശത്തിന്റെ മഹിമ പിന്നെ നാം കേട്ടത് പൊൻകതിർ എന്ന ചിത്രത്തിലാണ്. തിരുനയിനാർകുറിച്ചി മാധവൻനായർ എഴുതിയ
‘’ആനന്ദവാസം അമരവിലാസം
ആഹാ കേരളദേശം അനുപമ സന്ദേശം
അണിയണിയനവധി മരതകപർവതം
അഴകിടുമെൻ ദേശം
അലകടൽ തഴുകിടുമെൻ ദേശം’’
എന്ന ഗാനത്തിലും ഉയർന്നുനിൽക്കുന്നത് മാതൃനാടിന്റെ മഹത്വമാണ്. തിരുനയിനാർകുറിച്ചിയിൽ നിന്ന് അധികം താമസിയാതെ ഇതേ ഗണത്തിൽപ്പെടുത്താവുന്ന മറ്റൊരു ഗാനവും നമുക്കു ലഭിച്ചു. ജയിൽപ്പുള്ളി എന്ന ചിത്രത്തിലെ കുറവനും കുറത്തിയും കൈനോക്കാനും പച്ചകുത്താനും വേണ്ടി പാടിനടക്കുന്ന ഗാനമാണെങ്കിലും
‘’കേരളമാ ഞങ്ങളുടെ കേളി പെരുംനാട്’’
നാളുതോറും നന്മതരും ഞങ്ങളുടെ നാട്’’...
ഉത്തരേന്ത്യയിലെ ഏതോ പട്ടാള ക്യാംപിൽ കാക്കിക്കുള്ളിൽ കഴിയുന്ന മലയാളി സൈനികൻ സ്വന്തം നാടിനെ അനുസ്‌മരിക്കുന്ന അതിമനോഹരമായ ഗാനം പി. ഭാസ്‌കരന്റെ ഭാവനയിലാണ് ഉരുത്തിരിഞ്ഞത്.
‘’മാമലകൾക്കപ്പുറത്ത് മരതകപ്പട്ടുടുത്ത്
മലയാളമെന്നൊരു നാടുണ്ട് - കൊച്ചു
മലയാളമെന്നൊരു നാടുണ്ട്
കാടും തൊടികളും കനകനിലാവത്തു
കൈകൊട്ടിക്കളിക്കുന്ന നാടുണ്ട്’’
(ചിത്രം - നിണമണിഞ്ഞ കാൽപ്പാടുകൾ)
സമാനമായ സന്ദർഭമാണെങ്കിലും തികച്ചും വ്യത്യസ്‌തമായ വരികളുമായി മറ്റൊരു ഗാനവും പി. ഭാസ്‌കരൻ സംഭാവന ചെയ്‌തിട്ടുണ്ട്. തുറക്കാത്ത വാതിൽ എന്ന ചിത്രത്തിലെ,
‘’നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്’’... എന്ന ഗാനമാണത്.
കേരളോൽപത്തിയെക്കുറിച്ചുള്ള ഐതിഹ്യത്തെ പൊളിച്ചെഴുതുകയാണ് വയലാർ രാമവർമ ഈ ഗാനത്തിൽ.
‘’പരശുരാമൻ മഴുവെറിഞ്ഞു നേടിയതല്ല
തിരകൾ വന്നു തിരുമുൽക്കാഴ്‌ച
നൽകിയതല്ല
മയിലാടും മലകളും പെരിയാറും സികളും
മാവേലിപ്പാട്ടു പാടുമീ മലയാളം’’
(ചിത്രം - കൂട്ടുകുടുംബം)
‘’സസ്യശ്യാമള കോമളമാകും
സഹ്യന്റെ താഴ്‌വരയിൽ
നീ ചെന്നിറങ്ങുമ്പോൾ
നിന്നെപ്പുണരുമ്പോൾ
ആകെത്തുടിക്കുമെൻ
മലയാളത്തിന്റെ അഴകൊന്നു കണ്ടോട്ടെ’’...
എന്ന് അദ്ദേഹം നിലയ്‌ക്കാത്ത ചലനങ്ങൾ എന്ന ചിത്രത്തിനു വേണ്ടി എഴുതിയിട്ടുണ്ട്.
‘’കൂഹൂ കൂഹൂ കുയിലുകൾ പാടും കുഗ്രാമം
കുറുമൊഴി മുല്ലകൾ കുമ്മിയടിക്കും
കുഗ്രാമം
കുളിച്ചു തൊഴുവാനമ്പലമുള്ളൊരു
കുഗ്രാമം’’
(ചിത്രം - ഗന്ധർവ ക്ഷേത്രം)
എന്ന ഗാനത്തിൽ കടന്നുവന്നിരിക്കുന്ന കുഗ്രാമം കേരളത്തെ മൊത്തത്തിൽ അങ്ങനെ കണ്ട് വയലാർ രാമവർമ എഴുതിയതാണ്.
മലയാളനാടിന്റെ കലാനൈപുണ്യത്തിലേക്കു കടന്നുചെന്നുകൊണ്ടാണ് ശ്രീകുമാരൻ തമ്പി ഈ ഗാനം ലോട്ടറി ടിക്കറ്റ് എന്ന ചിത്രത്തിനുവേണ്ടി എഴുതിയത്.
‘’കാവ്യനർത്തകി ചിലമ്പൊലി ചാർത്തിയ
കലയുടെ നാടേ - മലനാടേ!
കൽപനകൾ കളിവഞ്ചിപ്പാട്ടുകൾ
കല്ലോലിനികളായൊഴുകും നാടോ’’
മോഹമുണർത്തും മോഹിനിയാട്ടവും അമ്പലനടയിൽ വളർന്ന കൂടിയാട്ടവും കൂത്തും കൃഷ്‌ണനാട്ടവും രാമനാട്ടവും കഥകളിയും എല്ലാം പരാമർശവിഷയങ്ങളാവുന്നുണ്ട് ഈ ഗാനത്തിൽ.
കേരളത്തെക്കുറിച്ച് പിറന്ന പാട്ടുകൾ ഏ തൊക്കെയെന്നു ചിന്തിക്കുമ്പോൾ ആദ്യമേ തന്നെ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്നതാണ്,
‘’കേരളം... കേരളം...
കേളികൊട്ടുയരുന്ന കേരളം
കേളീകദംബം പൂക്കും കേരളം
കേരകേളീ സദനമെൻ കേരളം’’... എന്ന ‘മിനിമോളി’ലെ ഗാനം.
നിത്യസുന്ദരിയായ കേരളത്തെ പാടിപ്പുകഴ് ത്തിയ മറ്റൊരു ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്‌ണനാണ്. ചിത്രം - കാലം കാത്തുനിന്നില്ല.
‘’മാവേലിപ്പാട്ടിന്റെ മണിപ്പീലി വിരിച്ചാടും
മലർവല്ലിക്കുടിലിന്റെ മതിലകത്ത്
നിറയൗവനത്തിന്റെ നിറമാല
ചാർത്തി നിൽക്കും
നിത്യസുന്ദരിയെന്റെ കേരളം’’
ഈ വരികൾ നോക്കൂ, കവി യൂസഫലി കേച്ചേരിയാണ് എഴുതിയത്. ചിത്രം - കരുമാടിക്കുട്ടൻ.
‘’സഹ്യസാനു ശ്രുതി ചേർത്തുവെച്ച
മണിവീണയാണെന്റെ കേരളം
നീലസാഗരമതിന്റെ തന്ത്രിയി-
ലുണർത്തിടുന്നു സ്വരസാന്ത്വനം
ഇളകിയാടുന്ന ഹരിതമേലയി-
ലലയിടുന്ന കളനിസ്വനം
ഓ...നിസ്വനം...കളനിസ്വനം’’
ശ്യാമകേര കേദാരവും സത്യധർമ കേദാരവുമായ കേരളം ശാന്തിനിലയമായും സ്‌നേഹസദനമായും വിജയിക്കട്ടെ എന്നാണ് കവിയുടെ ആഹ്വാനം.
ബി.ആർ. പ്രസാദ് വാർത്തെടുത്ത ഗാനം ‘ജലോത്സവം’ എന്ന ചിത്രത്തിന് ഉത്സവലഹരി പകർന്നു.
‘’കേരനിരകളാടും ഒരു ഹരിത ചാരു തീരം
പുഴയോരം കളമേളം കവിതപാടും തീരം
കായലലകൾ പുൽകും
തണുവലിയുമിന്നു കാറ്റിൽ
ഇളഞ്ഞാറിൻ ഇലയാടും
കുളിരുലാവും നാട്
നിറപൊലിയേകാമെൻ അരിയ നേരിനായ്
പുതുവിള നേരുന്നൊരിനിയ നാടിതാ
പാടാം കുട്ടനാടിന്നീണം’’...
കേരളപ്പിറവിയുടെ ഓർമയുണർത്തുന്ന വേളയിൽ ഈ പാട്ടുകൾ ഓർക്കുന്നതും കേൾക്കുന്നതും കൂട്ടുകാർക്കു ആഹ്ലാദകരമാകും.