ADVERTISEMENT

സവർണജാതിയിൽപ്പെട്ട കുട്ടികൾ ബെഞ്ചിലിരുന്നു പഠിച്ചപ്പോൾ ആ വിദ്യാർഥി നിലത്തു ചാക്ക് വിരിച്ചിരുന്നാണ് പഠിച്ചത്. മേൽജാതിക്കാർ നടക്കുന്ന വഴിയിലൂടെ നടക്കാൻ അനുവാദമില്ലായിരുന്നു. പൊതുകിണറുകളോ കുളങ്ങളോ ഉപയോഗിക്കാൻ  പാടില്ലായിരുന്നു. പ്യൂൺ വന്നു തുറന്നുകൊടുത്താലേ സ്കൂളിലെ ടാപ്പിൽനിന്നു വെള്ളം കുടിക്കാൻ കഴിയുമായിരുന്നുള്ളൂ. ‘നോ പ്യൂൺ, നോ വാട്ടർ’ എന്ന് ആ ദിനങ്ങളെക്കുറിച്ച് പിൽക്കാലത്ത് അവൻ എഴുതി. ഒരിക്കൽ പൊതുടാപ്പിൽനിന്ന് വെള്ളം കുടിച്ചതിന് അവനെ മേൽജാതിക്കാർ പൊതിരെ തല്ലിച്ചതച്ചു. പഠിക്കാൻ മിടുക്കനായിരുന്നിട്ടും ഉന്നത ബിരുദങ്ങൾ നേടിയിട്ടും മാറ്റിനിർത്തൽ തുടർന്നു. അതുമൂലം ജോലി വിടേണ്ടിവന്നു. ജാതിവിവേചനത്തിന്റെ ഭീകരത അനുഭവിച്ചു വളർന്ന ആ കുട്ടിയാണ് ഭീംറാവു റാംജി അംബേദ്കറെന്ന ബി.ആർ.അംബേദ്കർ

പതിവുതെറ്റിച്ച പേര് 
റാംജി സക്പാലിന്റെയും ഭീമാബായിയുടെയും 14 മക്കളിൽ അവസാനത്തെയാളായി 1891 ഏപ്രിൽ 14നാണ് അംബേദ്കർ ജനിച്ചത്. അവരിൽ 5 പേർ മാത്രമാണ് ശൈശവ മരണത്തെ അതിജീവിച്ചത്. മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിലെ അംബവാഡെ ഗ്രാമത്തിൽനിന്നുള്ള കുടുംബമായിരുന്നു അത്. അച്ഛൻ സൈനികനായിരുന്നതിനാൽ ബ്രിട്ടിഷ് കന്റോൺമെന്റിലായിരുന്നു ജനനം. അയിത്തജാതികളിൽ പെടുത്തി സവർണർ മാറ്റിനിർത്തിയിരുന്ന മഹാർ സമുദായമായിരുന്നു അവരുടേത്. ആറാംവയസ്സിൽ അംബേദ്കറിന് അമ്മയെ നഷ്ടമായി. ജാതീയ ചൂഷണങ്ങൾ നേരിടുമ്പോഴും വിദ്യാഭ്യാസത്തിലൂടെ അതിനെ മറികടക്കാമെന്ന വിശ്വാസം റാംജിക്കുണ്ടായിരുന്നു. മക്കളുടെ പഠനകാര്യത്തിൽ അദ്ദേഹം വിട്ടുവീഴ്ചയ്ക്കു തയാറായില്ല. പുലർച്ചെ വിളിച്ചുണർത്തി പഠിപ്പിക്കുമായിരുന്നു. 

embed code

കൃഷ്ണ കേശവ് അംബേദ്കറിനെപ്പോലെ ജാതിചിന്ത ബാധിക്കാത്ത അപൂർവം അധ്യാപകരുണ്ടായിരുന്നു. ഭിവ സക്പാലെന്ന പേരിൽ സ്കൂളിൽ ചേർത്ത വിദ്യാർഥിയുടെ പേരിൽ അംബേദ്കർ എന്നു ചേർത്തത് ആ അധ്യാപകനായിരുന്നു. സ്വന്തം പേരിനൊപ്പം ഗ്രാമത്തിന്റെ പേരു കൂടി ചേർക്കുന്നത് അക്കാലത്തു മേൽജാതിക്കാരുടെ പതിവായിരുന്നു. അംബേദ്കറിനു ശോഭനമായൊരു ഭാവിയുണ്ടെന്ന് ആ അധ്യാപകൻ അന്നേ കരുതി.

പഠനത്തിലെ താൻപോരിമ
അച്ഛൻ രണ്ടാമതും വിവാഹിതനായത് പത്തുവയസ്സുകാരനായ അംബേദ്കറിന് ഇഷ്ടമായില്ല. സത്താറയിലെ തുണിമില്ലിൽ പണിയെടുത്തു ജീവിക്കാൻ തീരുമാനിച്ച ആ കുട്ടി ഇന്ത്യയുടെ ഭാഗ്യത്തിന് പിന്നീട് ആ തീരുമാനത്തിൽനിന്ന് പിൻമാറി. റാംജിയുടെ പെൻഷൻ കൊണ്ട് എല്ലാ മക്കളെയും പഠിപ്പിക്കുക പ്രയാസമായിരുന്നു. ഏറ്റവും സമർഥനായ അംബേദ്കറിനാണ് അതിനവസരം കിട്ടിയത്. എൽഫിൻസ്റ്റൺ കോളജ് ഹൈസ്കൂളിൽനിന്ന് മെട്രിക്കുലേഷൻ പാസായപ്പോൾ അവൻ ചരിത്രം സൃഷ്ടിച്ചു: മഹാർ സമുദായത്തിൽനിന്ന് ആ നേട്ടം കൈവരിക്കുന്ന ആദ്യ വിദ്യാർഥി. ഇന്റർമീഡിയറ്റ് പാസായെങ്കിലും തുടർപഠനത്തിനുള്ള സാധ്യതകൾ മങ്ങിയിരുന്നു. കുടുംബത്തിന് പഠനച്ചെലവ് താങ്ങാനുള്ള ശേഷിയില്ലായിരുന്നു. സാമൂഹികപരിഷ്കർത്താവും മറാഠി പണ്ഡിതനുമായ കെ.എ.കെലൂസ്കറാണു തുണയ്ക്കെത്തിയത്. അദ്ദേഹം എഴുതിയ ഗൗതമബുദ്ധന്റെ ജീവചരിത്രം അംബേദ്കറിൽ അതിനകം ആഴമേറിയ സ്വാധീനം ചെലുത്തിയിരുന്നു. അംബേദ്കറിന്റെ മികവറിയാമായിരുന്ന കെലൂസ്കർ, ബറോഡയിലെ മഹാരാജാവ് സർ സയാജി റാവു ഗെയ്ക്ക്‌വാദിനെ കണ്ട് കാര്യങ്ങൾ ധരിപ്പിച്ചു. മാസം 25 രൂപ സ്കോളർഷിപ് അനുവദിച്ചതോടെ പഠനം മുന്നോട്ടുകൊണ്ടുപോകാനായെന്നു മാത്രമല്ല, വീട്ടിലെ കാര്യങ്ങളും അത്യാവശ്യം നോക്കാൻ കഴിഞ്ഞു. അപ്പോഴേക്കും വിവാഹവും കഴിഞ്ഞിരുന്നു.

New Delhi: A statue of BR Ambedkar inside the Parliament premises during a function to commemorate ‘Samvidhan Divas’, in New Delhi, Friday, Nov. 26, 2021. (PTI Photo/Manvender Vashist)(PTI11_26_2021_000124B)
New Delhi: A statue of BR Ambedkar inside the Parliament premises during a function to commemorate ‘Samvidhan Divas’, in New Delhi, Friday, Nov. 26, 2021. (PTI Photo/Manvender Vashist)(PTI11_26_2021_000124B)

കടൽ കടന്ന് പഠനം
വിദേശത്തു പഠിക്കാൻ അവസരം ഒരുക്കിയതും ബറോഡാ മഹാരാജാവാണ്. യുഎസിലെ കൊളംബ‍ിയ സർവകലാശാല, യുകെയിലെ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ് തുടങ്ങിയ എണ്ണംപറഞ്ഞ സ്ഥാപനങ്ങളിൽ പഠിച്ചു. പൊളിറ്റിക്സിലും ഇക്കണോമിക്സിലും നിയമത്തിലുമെല്ലാം അഗാധമായ അറിവും ഒപ്പം ബിരുദങ്ങളും നേടി. ബർട്രാൻഡ് റസലിനെയും എഡ്മണ്ട് ബർക്കിനെയും ജോൺ സ്റ്റ്യുവർട്ട് മില്ലിനെയും പോലുള്ളവരുടെ ആശയങ്ങൾ പ്രചോദിപ്പിച്ചു.

ജാതിപ്പിശാച്
ഇന്ത്യയിൽ മടങ്ങിയെത്തിയ അംബേദ്കറെ ബറോഡയുടെ ധനകാര്യമന്ത്രിയാക്കാൻ രാജാവ് ആഗ്രഹിച്ചിരുന്നെങ്കിലും ആദ്യ പടിയായി മിലിറ്ററി സെക്രട്ടറിയുടെ ചുമതലയാണ് ഏൽപ്പിച്ചത്. ജാതിവ്യവസ്ഥയുടെ ഭീകരത അദ്ദേഹത്തെ ശ്വാസം മുട്ടിച്ചു. ജാതിശ്രേണിയിൽ മുകളിലുള്ള കീഴുദ്യോഗസ്ഥർ ഔദ്യോഗികരേഖകളും മറ്റും അംബേദ്കറുടെ ഡെസ്കിലേക്കു വലിച്ചെറിയുകയായിരുന്നു പതിവ്. ഉന്നത വിദ്യാഭ്യാസം കൊണ്ട് ജാതിയെ നിർമൂലനം ചെയ്യാനാകില്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ബോംബെയിൽ തിരക്കിട്ട അഭിഭാഷകവൃത്തിക്കൊപ്പം സമൂഹത്തിന്റെ മുഖ്യധാരയിൽനിന്നു മാറ്റിനിർത്തപ്പെട്ട ദലിതരെ സംഘടിപ്പിക്കുകയും അവരുടെ അവകാശപ്പോരാട്ടങ്ങൾക്കു നേതൃത്വം നൽകുകയും ചെയ്തു.  അവരുടെ ഉന്നമനമായിരുന്നു അദ്ദേഹത്തിന്റെ ജീവിതലക്ഷ്യം.  ബഹിഷ്കൃത് ഹിതകാരിണി സഭയെന്ന സംഘടന സ്ഥാപിച്ചുകൊണ്ട് പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോയി.

ഭരണഘടനയുടെ വഴികാട്ടി
ഇന്ത്യൻ നാഷനൽ കോൺഗ്രസിനോടും ഗാന്ധിജിയടക്കമുള്ള നേതാക്കളോടുമുള്ള വിയോജിപ്പുകൾ അദ്ദേഹം മറച്ചുവച്ചില്ല. അതിനിശിതമായി വിമർശിക്കുകയും തിരുത്തലുകൾ ആവശ്യപ്പെടുകയും ചെയ്തു. ദലിത് സമുദായങ്ങൾ അവഗണിക്കപ്പെടുന്നെന്നു തോന്നിയപ്പോൾ  നേരിട്ടു ബ്രിട്ടിഷ് സഹായം തേടാനും അംബേദ്കർ മടിച്ചില്ല. അയിത്തത്തിന് എതിരെ തുടർച്ചയായി പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചു.  വട്ടമേശ സമ്മേളനങ്ങളിൽ പങ്കെടുക്കുകയും ചർച്ചകളിൽ നിർണായക പങ്കുവഹിക്കുകയും ചെയ്തു. ഭരണഘടനാ നിർമാണ സഭയുടെ അധ്യക്ഷനായി അദ്ദേഹം നടത്തിയ ഇടപെടലുകൾ അവിസ്മരണീയമാണ്. ബഹുസ്വരമായ ഇന്ത്യയെ ഏകത്വത്തോടെ നിലനിർത്തുന്ന ഭരണഘടനയെന്ന മഹാഗ്രന്ഥത്തിന്റെ ഓരോ താളിലും ആ ദീർഘദർശിയുടെ സ്പർശമുണ്ട്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ നിയമമന്ത്രിയുമായിരുന്നു  അംബേദ്കർ. ആയിരക്കണക്കിന് ആളുകൾക്കൊപ്പം 1956ൽ ബുദ്ധമതം സ്വീകരിച്ചു.  അദ്ദേഹത്തിന്റെ പുസ്തകങ്ങൾ നീതിയുക്തമായ ഒരു ലോകത്തെ യാഥാർഥ്യമാക്കാനുള്ള ധീരമായ ശ്രമങ്ങളായിരുന്നു.  1956 ഡിസംബർ 6ന്  അന്തരിച്ചു. 1990ൽ മരണാനന്തര ബഹുമതിയായി ഭാരതരത്ന സമർപ്പിച്ചു

English Summary:

B.R. Ambedkar: The Inspiring Story of India's Architect of Equality

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com