സാന്റാക്ലോസിനു കാരണമായ വിശുദ്ധൻ: സെയ്ന്റ് നിക്കോളാസിന്റെ മുഖം ത്രീഡിയിൽ
Mail This Article
ഹായ് വീണ്ടും ക്രിസ്മസ് കാലമെത്തുകയായി. ലോകമെങ്ങുമുള്ള ചെറിയ കൂട്ടുകാരെ കാണാനായി സാന്റാക്ലോസ് എത്തുന്നതും ക്രിസ്മസ് തലേന്നാണ്. ക്രിസ്മസ് അപ്പൂപ്പൻ, ക്രിസ്മസ് പാപ്പാ തുടങ്ങിയ പേരുകളിൽ സാന്റാക്ലോസ് വ്യാപകമായി അറിയപ്പെടുന്നു. ഇപ്പോഴിതാ പുതിയൊരു വാർത്ത. സാന്റായുടെ സങ്കൽപത്തിനു കാരണമായ സെയ്ന്റ് നിക്കോളാസ് എന്ന വിശുദ്ധന്റെ മുഖം ത്രീഡി കംപ്യൂട്ടർ പ്ലാറ്റ്ഫോമുകളുപയോഗിച്ച് വിദഗ്ധർ പുനസൃഷ്ടിച്ചിരിക്കുന്നു. ഇന്നത്തെ തുർക്കിയിൽ സ്ഥിതി ചെയ്തിരുന്ന മിറായിലായിരുന്നു സെയ്ന്റ് നിക്കോളാസ് ജീവിച്ചിരുന്നത്.
എന്നാൽ സാന്റാ ക്ലോസ് ഉത്തരധ്രുവത്തിൽ താമസിക്കുന്നെന്നാണ് ഐതിഹ്യം. അദ്ദേഹത്തിന്റെ സ്ലെഡ്ജ് എന്ന വാഹനം വലിക്കുന്നത് റെയിൻഡീറുകൾ എന്നയിനം മാനുകളാണ്. ഉത്തരധ്രുവത്തിൽ വ്യാപകമായി കാണപ്പെടുന്നവയാണ് റെയിൻഡീർ മാനുകളും സ്ലെഡ്ജും.
ലോകമെമ്പാടുമുള്ള കുട്ടികൾക്ക് സമ്മാനങ്ങളുമായി സാന്റാക്ലോസ് ഈ വാഹനത്തിൽ യാത്ര തിരിക്കുമത്രേ. ഡാഷർ, ഡാൻസർ, പ്രാൻസർ, വിക്‌സൻ, കോമറ്റ്, ക്യൂപിഡ്, ഡോണർ, ബിറ്റിസൻ എന്നിവരാണ് സാന്റായുടെ വാഹനം വലിക്കുന്ന പ്രധാന റെയിൻഡീറുകൾ. കുറേ സവിശേഷതകളുള്ള ഓട്‌സും ചോളവുമൊക്കെയാണ് ഈ മാനുകൾ കഴിക്കുന്നതെന്നാണു വിശ്വാസം. ആകാശത്ത് ഉയരത്തിലും നല്ല വേഗത്തിലും പറക്കാൻ ഇതുമൂലം റെയിൻഡീറുകൾക്ക് കഴിയുമെന്നാണ് വിശ്വാസം
ഫിൻലൻഡിന്റെ വടക്കൻ പ്രവിശ്യയായ ലാപ്‌ലാൻഡിലുള്ള റോവാനീമി എന്ന സ്ഥലത്താണു സാന്റാക്ലോസിന്റെ ഓഫിസ്. ഉത്തരധ്രുവത്തിലേക്കുള്ള കവാടം എന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്. ഇതിന്റെ പിന്നിലുള്ള കഥ വളരെ രസകരമാണ്. സാന്റായുടെ യഥാർഥവീട് കോർവറ്റുന്റുറി എന്ന സ്ഥലത്താണത്രേ. ഈ വീട് അറിയാവുന്നവർ വളരെ ചുരുക്കമാണെന്നാണ് ഐതിഹ്യം. അതിനാൽ എല്ലാവരെയും കാണാനും പരിചയപ്പെടാനുമൊക്കെ സാന്താ റോവാനീമിയിൽ ഒരു ഓഫിസ് സ്ഥാപിച്ചത്രേ.
വർഷത്തിൽ എല്ലാ ദിവസവും സാന്റാ ഇവിടെ ഉണ്ടാകുമെന്നാണ് ഐതിഹ്യം. ക്രിസ്മസിന് ഒരുമാസം മുൻപ് ലോകമെമ്പാടുമുള്ള സാന്റാപ്രിയർ റോവാനീമിയിലേക്കു വച്ചുപിടിക്കും. അവിടത്തെ മായാജാല കാഴ്ചകൾ കാണാൻ. ഫിന്നിഷ് സർക്കാർ സാന്റാ വില്ലേജിനെ ഒരു വിനോദ പാർക്കായി മാറ്റിയിരിക്കുകയാണ് ഇപ്പോൾ. പ്രവേശനം സൗജന്യം. പാർക്കിൽ കുഞ്ഞുമാലാഖമാർ, വനദേവതമാർ, മറ്റു ജീവികൾ എന്നിവരുടെ വേഷമണിഞ്ഞവരെ കാണാം. ഗ്രാമത്തിലെ സാന്റായുടെ ഓഫിസിൽ ദിനംപ്രതി കുട്ടികളുൾപ്പെടെ ഒട്ടേറെപ്പേരെത്തും. അവിടെയെത്തിയാൽ സാന്റായുമായി സംവദിക്കാം. ഒപ്പം നിന്നു സെൽഫിയെടുക്കാം. കടകളിൽനിന്നു സാന്റാ വേഷങ്ങൾ, ക്രിസ്മസ് കാർഡുകൾ തുടങ്ങിയവ വാങ്ങാം. ഗ്രാമത്തിലെ ഏറ്റവും വലിയ ആകർഷണം ഇവിടത്തെ തപാൽ ഓഫിസാണ്. സാന്റായ്ക്കു വരുന്ന കത്തുകൾ സ്വീകരിക്കാനായാണ് ഇതുണ്ടാക്കിയിരിക്കുന്നത്. 1985ൽ സ്ഥാപിക്കപ്പെട്ടശേഷം കോടിക്കണക്കിന് കത്തുകളാണ് ഇവിടെയെത്തിയത്.