ADVERTISEMENT

ഭൂമിയെ വലംവയ്ക്കുന്ന ഉപയോഗമില്ലാത്ത മനുഷ്യനിർമിത വസ്തുക്കളാണ് ബഹിരാകാശമാലിന്യം (space debris). ബഹിരാകാശത്തേക്ക് വിക്ഷേപിച്ച വസ്തുക്കളാണ് ഉപയോഗശൂന്യമായി മാലിന്യമായത്. ഇവയിൽ ഏറെയും ഭൂമിക്ക് ചുറ്റുമുളള ഭ്രമണപഥത്തിലാണ്. കത്തിയ റോക്കറ്റ് ഭാഗങ്ങളും നിയന്ത്രണംവിട്ട ഉപഗ്രഹങ്ങളുമാണ് ഇതിലേറെയും. വലുപ്പവും തരവും വ്യത്യസ്തം. സൂഷ്മരൂപമുള്ള പെയ്ന്റ് പൊടി മുതൽ സ്കൂൾ ബസിന്റെ വലുപ്പമുള്ള പേടകങ്ങൾ വരെ ഇതിലുണ്ട്. ബഹിരാകാശ സഞ്ചാരികൾ ഉപേക്ഷിച്ച വസ്തുക്കളുമുണ്ട്. ഭൂമിയിലെ മാലിന്യം കുറച്ചെങ്കിലും സംസ്കരിക്കാൻ കഴിയുന്നുണ്ട്. ബഹിരാകാശ മാലിന്യം നിയന്ത്രിക്കാനും സംസ്കരിക്കാനും നിലവിൽ സാങ്കേതികവിദ്യയില്ല. അതിനുള്ള ഗവേഷണങ്ങൾ പുരോഗമിക്കുകയാണ്.

ബഹിരാകാശത്ത്  വൻ തിരക്ക്
1957 ഒക്ടോബർ 4നാണ് സോവിയറ്റ് യൂണിയൻ ആദ്യ ഉപഗ്രഹം സ്പുട്നിക്–1 വിക്ഷേപിച്ച് ബഹിരാകാശയുഗത്തിന് തുടക്കം കുറിച്ചത്. തുടർന്ന് 60 വർഷം കൊണ്ട്  പതിനായിരത്തോളം ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്. എന്നാൽ 2020ന് ശേഷം വിക്ഷേപണം കുതിച്ചുയർന്നു. ആ വർഷം ആയിരത്തോളം ഉപഗ്രഹങ്ങൾ വിക്ഷേപിച്ചു. 2029ൽ ഇത് 12,000 ആകുമെന്നാണ് കണക്കാക്കുന്നത്. അതോടെ മാലിന്യവും പെരുകും.

ഉപഗ്രഹങ്ങളിൽ ഇടിച്ചാൽ
ലോകം ഇന്ന് ഉപഗ്രഹനിയന്ത്രിതമാണ്. അതിവേഗ ഇന്റർനെറ്റ്, സെൽഫോൺ സിഗ്നലുകൾ, ജിപിഎസ് എന്നിവയ്ക്കൊക്കെയായി ഒൻപതിനായിരത്തോളം ഉപഗ്രഹങ്ങളാണ് ഭൂമിയെ ചുറ്റുന്നത്. നിയന്ത്രണമില്ലാതെ ഭൂമിയെ വലംവയ്ക്കുന്ന  മാലിന്യങ്ങൾ ഉപഗ്രഹങ്ങളിൽ വന്നിടിച്ച് അവയെയും നശിപ്പിക്കാം. മാലിന്യത്തിന്റെ അളവ് ഉയരുമെന്ന് മാത്രമല്ല, പുതിയ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതുവരെ വാർത്താവിനിമയ ബന്ധങ്ങൾ തകരുമെന്നതിനാൽ നമ്മുടെ പല ശാസ്ത്ര–സാങ്കേതിക പ്രവർത്തനങ്ങളും അവതാളത്തിലാവുകയും ചെയ്യും. പുതിയതിന്റെ വിക്ഷേപണച്ചെലവാണ് മറ്റൊരു നഷ്ടം. ഉപഗ്രഹങ്ങൾ എപ്പോഴും ഈ മാലിന്യക്കൂട്ടിയിടി പ്രതീക്ഷിച്ചിരിക്കണമെന്ന പ്രശ്നവുമുണ്ട്.

ലേസർ പ്രയോഗം
കൂട്ടിയിടി ഒഴിവാക്കാൻ, ഉപയോഗശൂന്യമായ ഉപഗ്രഹങ്ങൾ ലേസർ ഉപയോഗിച്ച് ബഹിരാകാശത്ത് വച്ചുതന്നെ തകർത്തുകളയാമെന്ന ആശയം നാസ മുന്നോട്ടുവച്ചിരുന്നു. എന്നാൽ, വലിയ കഷണങ്ങളെ ചെറിയ കണികകളാക്കാം എന്നതല്ലാതെ ലേസർ പ്രയോഗം മാലിന്യം ഇല്ലാതാക്കില്ല.

കെസ്‌ലർ സിൻഡ്രോം
ബഹിരാകാശമാലിന്യം പെരുകി ഭൂമിയുടെ ഭ്രമണപഥത്തിൽ ഉപഗ്രഹങ്ങൾക്കു നിലനിൽക്കാൻ കഴിയാത്ത അവസ്ഥവരുമെന്ന് നാസയിലെ ശാസ്ത്രജ്ഞൻ ഡോണൾഡ് കെസ്‌ലർ 1978ൽ അഭിപ്രായപ്പെട്ടിരുന്നു. കെസ്‌ലർ സിൻഡ്രോം (Kessler syndrome) എന്നാണ് ഇത് അറിയപ്പെടുന്നത്. ബഹിരാകാശമാലിന്യത്തെ കുറിച്ച് ആദ്യം പറഞ്ഞത് അദ്ദേഹമാണ്. ഭൂമിയുടെ ഭ്രമണപഥം ഇപ്പോൾ തന്നെ കെസ്‌ലർ സിൻഡ്രോം വഴിയാണോ എന്നു സംശയമുണ്ട്.

ഐഎസ്എസിൽ ബാക്കി വരുന്നത്
രാജ്യാന്തര ബഹിരാകാശനിലയ(ഐഎസ്എസ്)വും മാലിന്യം പുറന്തള്ളുന്നുണ്ട്. 2024 മാർച്ചിൽ യുഎസിലെ ഫ്ലോറിഡയിൽ ഒരു വീടിന്റെ മേൽക്കൂരയിൽ ഒരു ലോഹഭാഗം പതിച്ച് തുള വീണു. ആർക്കും അപകടം പറ്റിയില്ല. വീണത് ബഹിരാകാശത്തുനിന്നുള്ള എന്തോ ആണെന്ന് വീട്ടുകാർ സംശയിച്ചു. നാസ അത് പരിശോധിച്ച് ഐഎസ്എസിൽ നിന്നുളളതാണെന്ന് ഉറപ്പാക്കി.

2021 മാർച്ചിൽ ഉപയോഗശൂന്യമായ 2,633 കിലോ നിക്കൽ ഹൈഡ്രൈഡ് ബാറ്ററികൾ ഐഎസ്എസിൽ നിന്ന്  ബഹിരാകാശത്ത് തള്ളിയിരുന്നു. ഭൗമാന്തരീക്ഷത്തിൽ പ്രവേശിക്കുന്നതോടെ എരിഞ്ഞുതീരുമെന്ന കരുതിയാണ് മാലിന്യം അവിടെ തളളിയത്. ഇതിൽ നിന്നുളള ഭാഗമാണ് 3 വർഷത്തിന് ശേഷം ഫ്ലോറിഡയിലെ വീടിന്റെ മേൽക്കൂരയിൽ പതിച്ചത്. നഷ്ടപരിഹാരത്തിന് നാസയ്ക്ക് എതിരെ നിയമനടപടി തുടങ്ങിയിരിക്കുകയാണ് വീട്ടുടമ.

ഇസ്റോ വകയും
2023 ഓഗസ്റ്റിൽ ഓസ്ട്രേലിയയിലെ ഗ്രീൻഹെഡ് (Green Head) ബീച്ചിൽ സ്തൂപിക രൂപത്തിലുള്ള അജ്ഞാത വസ്തു കരയ്ക്കടിഞ്ഞു. നമ്മുടെ ഇസ്റോയുടെ വിക്ഷേപണ വാഹനത്തിന്റെ അവശിഷ്ടമായിരുന്നു അത്.

ഭൂമിക്കും പ്രശ്നം
ബഹിരാകാശമാലിന്യത്തിൽ ചിലത് ഭൗമാന്തരീക്ഷത്തിൽ പ്രവേശിക്കുന്നതോടെ കത്തിയമരും. അവ സൂഷ്മകണികകളാകും. അവയും മാലിന്യമാണ്. ചിലത് വലുപ്പമുള്ള ഭാഗങ്ങളായി അവശേഷിക്കും. ഇവ ഭൂമിയിൽ കരയിലോ കടലിലോ പതിക്കാറുമുണ്ട്. 10 സെന്റിമീറ്ററിൽ അധികം വലുപ്പമുളള അരലക്ഷത്തോളം മലിന വസ്തുക്കളാണ് ഭൂമിയെ വലംവയ്ക്കുന്നത്. കൂടാതെ ദശലക്ഷക്കണക്കിന് സൂഷ്മകണികകളുമുണ്ട്. ബഹിരാകാശ യാത്രക്കും പര്യവേക്ഷണത്തിനും മാത്രമല്ല ഭൂമിയിലെ ജീവനും സ്വത്തിനും ഈ മാലിന്യം അപകടമാണ്.

English Summary:

Space Pollution: The Untold Story of Orbital Debris, Collisions, and the Fight for a Cleaner Cosmos.How Space Debris Threatens Satellites, Communication, and Life on Earth.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com