ഗ്രാമങ്ങൾ പഴയ ഗ്രാമങ്ങളല്ല, കൗമാരക്കാരായ 90% കുട്ടികളുടെയും കൈയിൽ സ്മാർട്ട് ഫോൺ
Mail This Article
നമ്മുടെ ഇളം തലമുറ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം സ്മാർട്ട് ഫോൺ അഡിക്ഷൻ ആണ്. 2023 ലെ വാർഷിക വിദ്യാഭ്യാസ റിപ്പോർട്ട് ഇക്കാര്യം ശരി വെക്കുകയാണ്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ASER (Annual Status of Education Report) റിപ്പോർട്ടിൽ ഇന്ത്യയിലെ ഗ്രാമങ്ങളിലെ 14 വയസിനും 18 വയസിനും ഇടയിൽ പ്രായമുള്ള 90 ശതമാനം കുട്ടികളും സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നവരാണ് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈ പ്രായത്തിന് ഇടയിലുള്ള കുട്ടികൾ വീടുകളിൽ സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവരും സോഷ്യൽ മീഡിയയിൽ സജീവമായവരുമാണ്. 2017ൽ 73 ശതമാനം ആയിരുന്ന സ്മാർട്ട് ഫോൺ ഉപയോഗം ആണ് ഇപ്പോൾ 90 ശതമാനമായി ഉയർന്നിരിക്കു
രാജ്യത്തെ 26 സംസ്ഥാനങ്ങളിലെ 28 ഗ്രാമീണ ജില്ലകളെ ഉൾപ്പെടുത്തി പ്രഥം ഫൗണ്ടേഷൻ ആണ് സർവേ നടത്തിയത്. കോവിഡിനു ശേഷം ഗ്രാമീണ ഇന്ത്യയിലെ കുട്ടികൾക്കിടയിലുള്ള ഡിജിറ്റൽ ബോധവൽക്കരണത്തിന്റെ സാഹചര്യത്തെക്കുറിച്ച് ആയിരുന്നു ഫൗണ്ടേഷൻ സർവേ നടത്തിയത്. ഇതിൽ 9 ശതമാനം കുട്ടികൾക്ക് മാത്രമാണ് വീടുകളിൽ കമ്പ്യൂട്ടർ ഉള്ളതെന്നും ഇതിൽ 85 ശതമാനം കുട്ടികൾക്കും അത് എങ്ങനെയാണ് ഉപയോഗിക്കുന്നതെന്ന് അറിയാമെന്നും കണ്ടെത്തി.
അതേസമയം, ഡിജിറ്റൽ ഡിവൈസുകൾ ലഭിക്കുന്നതിൽ ആൺ - പെൺ വേർതിരിവ് ഉണ്ടെന്നും സർവേയിൽ കണ്ടെത്തി. 43.7 ശതമാനം പുരുഷൻമാർ ഡിജിറ്റൽ ഡിവൈസുകൾ ഉപയോഗിക്കുമ്പോൾ 19.8 ശതമാനം സ്ത്രീകൾ മാത്രമാണ് ഡിജിറ്റൽ ലൈഫ് എൻജോയ് ചെയ്യുന്നത്. സ്ത്രീകളെ അപേക്ഷിച്ച് ഡിജിറ്റൽ ഡിവൈസ് ഉപയോഗിക്കുന്ന പുരുഷൻമാരുടെ എണ്ണം ഇരട്ടിയാണ്.
പ്രധാനമായും രണ്ട് കാര്യങ്ങളാണ് സർവേയ്ക്ക് വിധേയമാക്കിയത്. കുട്ടികൾക്ക് ലഭ്യമാകുന്ന ഡിജിറ്റൽ ഡിവൈസുകളും കുട്ടികളുടെ ഓൺലൈൻ സ്വഭാവവും അവരുടെ ഡിജിറ്റൽ കഴിവുകളും എല്ലാം സർവേയുടെ ഭാഗമാക്കിയിരുന്നു. സർവേയ്ക്ക് വിധേയമായ പുരുഷൻമാരിൽ ഏകദേശം പകുതിയോളം പുരുഷൻമാർക്ക് സ്വന്തമായി ഇ-മെയിൽ ഐഡി ഉണ്ടായിരുന്നു, എന്നാൽ സ്ത്രീകളിൽ 30 ശതമാനം പേർക്ക് മാത്രമായിരുന്നു സ്വന്തമായി ഇ-മെയിൽ ഐഡി ഉണ്ടായിരുന്നത്. അതേസമയം, സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരിൽ പകുതിയോളം പേർ മാത്രമാണ് സുരക്ഷാമാർഗങ്ങളെക്കുറിച്ച് ബോധവാൻമാരായിരിക്കുന്നത്.
സർവേ നടത്തിയ പ്രായക്കാരിൽ തന്നെ പെൺകുട്ടികളേക്കാൾ അധികം ആൺകുട്ടികളാണ് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത്. പെൺകുട്ടികളിൽ 87.8 ശതമാനം സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ ആൺകുട്ടികളിൽ 93.4ശതമാനം ആണ് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത്.
ഇതിനു മുമ്പ് ഈ സർവേ സംഘടിപ്പിച്ചത് 2017ൽ ആയിരുന്നു. എന്നാൽ, ആ സമയത്ത് ഇന്റർനെറ്റിന്റെ ഉപയോഗവും കമ്പ്യൂട്ടറിന്റെ ഉപയോഗവും വളരെ കുറവ് ആയിരുന്നു. അന്നത്തെ സർവേയിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നത് 28 ശതമാനം ആളുകളും കമ്പ്യൂട്ടർ ഉപയോഗിക്കുന്നത് 26 ശതമാനം ആളുകളും ആയിരുന്നു. 59 ശതമാനം ആളുകൾ ഒരിക്കൽ പോലും കമ്പ്യൂട്ടർ ഉപയോഗിക്കാത്തവും ആയിരുന്നു. നിലവിൽ മൂന്നിൽ രണ്ട് കുട്ടികളും സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നുണ്ട്. മിക്ക കുട്ടികളും സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നത് പഠനസംബന്ധമായ ആവശ്യങ്ങൾക്കാണ്. ക്ലാസുകളുമായി ബന്ധപ്പെട്ട ഓൺലൈൻ വിഡിയോകൾ കാണാനും പാഠഭാഗവുമായി ബന്ധപ്പെട്ട സംശയം നീക്കാനും വേണ്ടിയാണ് കുട്ടികൾ കൂടുതലായും സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നത്.
അതേസമയം, ഏകദേശം 25 ശതമാനം കുട്ടികൾ സ്മാർട്ട് ഫോൺ പണമിടപാടുകൾ നടത്താനും ഫോമുകൾ പൂരിപ്പിക്കാനും ടിക്കറ്റ് ബുക്ക് ചെയ്യാനും ഉപയോഗിക്കാറുണ്ട്. സർവേയിൽ പങ്കെടുത്ത 80 ശതമാനം കുട്ടികളും വിനോദോപാധിയായി സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നുണ്ട് എന്നതാണ് മറ്റൊരു വസ്തുത.