ADVERTISEMENT

നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ചാണ് ലോകത്തെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ സ്പേസ് എക്സ് സ്റ്റാർഷിപ് പരീക്ഷണപ്പറക്കലിൽ വിജയം നേടിയത്. ഏകദേശം 400 അടി (40 നിലക്കെട്ടിടത്തിന്റെ പൊക്കം) ഉയരമുള്ള റോക്കറ്റ് ടെക്സസിലെ ബോക്ക ചിക്കയിലുള്ള സ്പേസ് എക്സ് വിക്ഷേപണകേന്ദ്രത്തിൽ നിന്നാണ് പറന്നുപൊങ്ങിയത്. മണിക്കൂറിൽ 26000 കിലോമീറ്റർ എന്ന ശബ്ദാതിവേഗം ഭ്രമണപഥത്തിൽ പേടകം നേടി. 234 കിലോമീറ്റർ ഉയരത്തിൽ സ്റ്റാർഷിപ് എത്തി. പേടകവും സൂപ്പർഹെവി എന്ന റോക്കറ്റും ചേർന്നതാണു സ്റ്റാർഷിപ്. 2023 മുതൽ പല സമയങ്ങളിലായി ഇതിന്റെ 3 പരീക്ഷണങ്ങൾ നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു.

വിക്ഷേപണത്തിനിടെ റോക്കറ്റിന്റെ വിവിധ സ്റ്റേജ് ഭാഗങ്ങൾ നിശ്ചയിച്ചതു പ്രകാരം വേർപെടുകയും കടലിൽ പതിക്കുകയും ചെയ്തു. ഒടുവിൽ ബഹിരാകാശത്തിലെത്തിയ ശേഷം നിയന്ത്രിത ശൈലിയിൽ പേടകവും തിരിച്ചിറങ്ങി. ചന്ദ്രനിലും ചൊവ്വയിലുമൊക്കെ കോളനികളുണ്ടാക്കാൻ മനുഷ്യർക്ക് ആഗ്രഹം ഉള്ളതായി അറിയാമല്ലോ. മനുഷ്യരെ ചൊവ്വയിൽ എത്തിക്കാനും തുടർന്ന് ചൊവ്വാക്കോളനി രൂപീകരിക്കാനുമൊക്കെ സ്പേസ് എക്സിനു സ്വപ്നങ്ങളുണ്ട്. ഇതിനായി അവർ വിശ്വാസമുറപ്പിക്കുന്ന ബഹിരാകാശവാഹനമാണു സ്റ്റാർഷിപ്. പുതിയ ലോകം കണ്ടെത്താൻ ക്രിസ്റ്റഫർ കൊളംബസിനു തുണയായ സാന്താ മരിയ പോലെയും മനുഷ്യനെ ചന്ദ്രനിലെത്തിച്ച അപ്പോളോ ദൗത്യങ്ങളെ വഹിച്ച സാറ്റേൺ ഫൈവ് റോക്കറ്റ് പോലെയും ചരിത്രപരമായ ലക്ഷ്യങ്ങളുള്ള ഒരു റോക്കറ്റ്. ബിഗ് ഫാൽക്കൺ റോക്കറ്റ് എന്നായിരുന്നു ആദ്യ കാലത്ത് ഇതിനു നൽകിയിരുന്ന പേര്. പിന്നീട് സ്റ്റാർഷിപ് എന്നു പുനർനാമകരണം ചെയ്തു.

മീഥെയ്ന‍ാണ് റോക്കറ്റിന്റെ പ്രധാന ഇന്ധനം. റാപ്റ്ററുകൾ എന്നു പേരുള്ള കരുത്തുറ്റ എൻജിനുകളാണ് സ്റ്റാർഷിപ്പിന് ഊർജം നൽകുന്നത്. ഇത്തരം 33 എൻജിനുകൾ റോക്കറ്റിലുണ്ട്. 250 ടൺ വഹിക്കാനുള്ള ശേഷി സ്റ്റാർഷിപ്പിനെ ഇതുവരെയുള്ള റോക്കറ്റുകളിൽ ഏറ്റവും കരുത്തുറ്റതാക്കുന്നു. ഐഎസ്ആർഒയുടെ ഏറ്റവും വലിയ റോക്കറ്റായ ജിഎസ്എൽവി എംകെ ത്രീയുടെ ഭാരവാഹകശേഷി 10 ടൺ മാത്രമാണ്. മറ്റുള്ള റോക്കറ്റുകളെക്കാൾ പല മടങ്ങ് ഇരട്ടി ഭാരം ഇതിനു വഹിക്കാൻ കഴിയുമെന്ന് സാരം. സ്പേസ് എക്സിന്റെ തന്നെ ഹെവി ഡ്യൂട്ടി റോക്കറ്റായ ഫാൽക്കൺ ഹെവിക്കുപോലും 70 ടൺ വഹിക്കാനുള്ള ശേഷി മാത്രമാണുള്ളത്.

106 മീറ്ററാണ് സ്റ്റാർഷിപ്പിന്റെ ഉയരം (ബൂസ്റ്ററുൾപ്പെടെ), ഏകദേശം ഒരു 34 നില കെട്ടിടത്തിന്റെ പൊക്കം കണക്കുകൂട്ടാം. 85 ടൺ ഭാര വരും .റോക്കറ്റിന്റെ മുകളിലുള്ള പേയ്ലോഡ് ബേയിലാണു ബഹിരാകാശത്തേക്കുള്ള യാത്രികർ, ഉപഗ്രഹങ്ങൾ, യാത്രികരുടെ ലഗേജ് ഒക്കെ വഹിക്കുന്നത്. എട്ടുനില കെട്ടിടത്തിന്റെ പൊക്കമുണ്ട് ഈ സ്ഥലത്തിന്. 40 കാബിനുകൾ അടങ്ങുന്ന ബേ പരമാവധി 120 യാത്രികരെ വഹിക്കും. ഇതോടൊപ്പം പൊതു ഇടങ്ങൾ, വലിയ അടുക്കള, സാധനങ്ങൾ സൂക്ഷിക്കാനുള്ള മുറി, സൗരവാതത്തിൽനിന്നു രക്ഷനേടാനുള്ള 'ഷെൽറ്റർ' തുടങ്ങിയവയൊക്കെയുണ്ട്. മൊത്തത്തിൽ ഒരു ഫൈവ്സ്റ്റാർ റോക്കറ്റ്.

240 ടൺ മീഥെയ്നും 860 ടൺ ദ്രവീകൃത ഓക്സിജനുമാണ് സ്റ്റാർഷിപ് സ്പെയ്സ് ക്രാഫ്റ്റിന്റെ വമ്പൻ ഇന്ധനടാങ്കുകളിൽ സൂക്ഷിക്കാനാകുന്നത്. ചന്ദ്രനിലേക്കോ ചൊവ്വയിലേക്കോ പോയാൽപ്പോലും ലാൻഡിങ് ഘട്ടത്തിൽ സ്റ്റാർഷിപ് പതറാനുള്ള സാധ്യത പൂജ്യമാണെന്നാണു മസ്ക് പറയുന്നത്.ചന്ദ്രനിലേക്ക് യാത്ര പോകുന്ന സ്റ്റാർഷിപ്പിന് അവിടെ നിന്നു റിട്ടേൺ യാത്ര നടത്താനുള്ള കഴിവുമുണ്ടാകും

English Summary:

SpaceX Starship: The Future of Human Missions to Mars

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com