നോക്കർ അപ്പർ! ആളുകളെ ഉണർത്താനായി ജനാലയിൽ കമ്പിവടി കൊണ്ടു മുട്ടുന്നവർ
Mail This Article
ഇന്നു നമുക്ക് രാവിലെ എത്ര സമയത്ത് എഴുന്നേൽക്കണമെങ്കിലും മൊബൈലിൽ അലാം വച്ചാൽ മതി. എന്നാൽ പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അലാംക്ലോക്ക് പ്രചാരത്തിലായിട്ടില്ല. പകരം ആളുകളെ ഉണർത്തിയിരുന്നത് നോക്കർ അപ്പർ എന്ന ജോലിക്കാരായിരുന്നു. പ്രഭാതത്തിൽ നിശ്ചിത സമയത്ത് ജനലുകളിൽ മുട്ടിയായിരുന്നു ഉണർത്തിയിരുന്നത്. മുകൾനിലകളിൽ താമസിക്കുന്നവരെ ഉണർത്താനായി നീളമുള്ള വടികളും ഇവരുടെ പക്കലുണ്ടായിരുന്നു. ഇതുപയോഗിച്ച് ജനാലകളിൽ മുട്ടും.
ഇവർക്ക് ഇങ്ങനെ ചെയ്യുന്നതിന് ഉപഭോക്താക്കൾ പണം നൽകിയിരുന്നു. ഇതുപോലെ കേട്ടാൽ വിശ്വസിക്കാൻ കഴിയാത്ത പല ജോലികളുമുണ്ട്. മധ്യകാല ഇംഗ്ലണ്ടിലെ മറ്റൊരു തസ്തികയായിരുന്നു ടൗൺ ക്രയർ. പൊതുവായ നോട്ടീസുകളും പ്രഖ്യാപനങ്ങളും വാർത്തകളും ഉറക്കെവിളിച്ചുകൊണ്ട് ഓടുക എന്നതായിരുന്നു ഈ ജോലിക്കാരൻ ചെയ്യേണ്ടിയിരുന്നത്. ജനങ്ങൾ വിവരങ്ങൾ അറിഞ്ഞിരുന്നത് ഇങ്ങനെയാണ്. പിൽക്കാലത്ത് മാധ്യമങ്ങൾ ശക്തിപ്രാപിച്ചതോടെ ഈ തസ്തികയ്ക്ക് പ്രസക്തിയില്ലാതെയായി. ഇതുപോലെ ധാരാളം ജോലികൾ കാലാകാലങ്ങളിൽ അപ്രത്യക്ഷമായിട്ടുണ്ട്.
കംപ്യൂട്ടർ എന്നാൽ അറിയാത്തവരായി ഇന്നാരുമില്ല. കംപ്യൂട്ടറുകൾ മാനവരാശിയെത്തന്നെ മാറ്റിമറിച്ചു. എന്നാൽ കംപ്യൂട്ടർ എന്നത് പഴയകാലത്തുണ്ടായിരുന്ന ഒരു തൊഴിൽ തസ്തികയാണ്. ഇലക്ട്രോണിക് കംപ്യൂട്ടറുകൾ പ്രചാരത്തിലാകുന്നതിനും മുൻപായിരുന്നു ഇത്. ഗണിതപരമായ കണക്കുകൂട്ടലും മറ്റു പ്രക്രിയകളും ചെയ്യാനായി നിയമിക്കപ്പെട്ട ജീവനക്കാരായിരുന്നു കംപ്യൂട്ടേഴ്സ്. നാസയുൾപ്പെടെ സമുന്നത സ്ഥാപനങ്ങളിൽ ഇവരുെട സേവനമുണ്ടായിരുന്നു.
റഡാറുകൾ ഉപയോഗിക്കാൻ തുടങ്ങുന്നതിനു മുൻപ് എയർക്രാഫ്റ്റ് ലിസണർ എന്നൊരു കൂട്ടം തൊഴിലാളികളെ സൈന്യങ്ങൾ നിയമിച്ചിരുന്നു. ഭൂമിയിൽ സ്ഥാപിച്ച വമ്പൻ കുഴലുകളായിരുന്നു ഇവർ നിയന്ത്രിച്ചത്. ഒരു ഭാഗത്ത് വലിയ വ്യാസമുള്ള ദ്വാരമുള്ള ഈ കുഴലുകളുടെ മറ്റേയറ്റം ചെവിയിൽ വയ്ക്കാവുന്നത്ര വ്യാസം കുറഞ്ഞതായിരുന്നു. സൈനിക മേഖലയിലേക്ക് എത്തുന്ന ശത്രുവിമാനങ്ങൾ കണ്ടെത്താൻ എയർക്രാഫ്റ്റ് ലിസണർമാർ ഉപകരിച്ചു.