വിത്തുകൾക്കുള്ളിൽ മനുഷ്യരുടെ ആത്മാക്കൾ! പൈതഗോറസ് പയർ കഴിക്കാത്തതിനു കാരണം
Mail This Article
ഗണിതശാസ്ത്രത്തിലെ വിഖ്യാത സിദ്ധാന്തമായ പൈതഗോറസ് തിയറിയുടെ ഉപജ്ഞാതാവായിരുന്നു പൈതഗോറസ്. രാഷ്ട്രീയത്തിലും തത്വചിന്തയിലുമൊക്കെ പൈതഗോറസിന് താൽപര്യമുണ്ടായിരുന്നു. വീനസ് ഗ്രഹത്തെ കണ്ടെത്തിയ ആളും ഭൂമി ഉരുണ്ടതാണെന്ന വാദം ആദ്യമായി ഉയർത്തിയ ആളും അദ്ദേഹമാണെന്നാണു കരുതപ്പെടുന്നത്. പ്ലേറ്റോയിലും അരിസ്‌റ്റോട്ടിലിലും പിൽക്കാലത്ത് ഭൗതികശാസ്ത്രത്തെ രൂപപ്പെടുത്തിയ കോപ്പർനിക്കസ്, കെപ്ലർ, ന്യൂട്ടൻ തുടങ്ങിയവരിലും പൈതഗോറസിന്റെ ചിന്തകൾ സ്വാധീനിച്ചിട്ടുണ്ട്. അഞ്ച് തരം ത്രിമാന രൂപങ്ങളുടെ കണ്ടെത്തൽ നടത്തിയതും അദ്ദേഹമാണ്.
ഇത്രയും വലിയ പ്രതിഭ ആയിട്ടും പരിമിതമായ സൗകര്യങ്ങളിൽ ഒരു മുനിവര്യന്റെ ജീവിതമാണ് പൈതഗോറസ് പുലർത്തിയത്. സസ്യാഹാരിയായിരുന്നു അദ്ദേഹം. എന്നാൽ വിചിത്രമായ ഒരു ശീലവും അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹം പയർ കഴിച്ചിരുന്നില്ല. പയർവിത്തുകളിൽ മരിച്ചുപോയ മനുഷ്യരുടെ ആത്മാക്കൾ കുടികൊള്ളുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. അതിനാൽ തന്നെ അദ്ദേഹം പയർ കഴിച്ചിരുന്നില്ല, പയർ കഴിക്കുന്നതിൽ നിന്ന് തന്റെ അനുയായികളെ വിലക്കുകയും ചെയ്തു.
പൈതഗോറസിന്റെ മരണത്തിനു കാരണമായതും പയറാണെന്ന് ഒരു കഥയുണ്ട്. ഒരിക്കൽ ഒരു സംഘം അക്രമികൾ പൈതഗോറസിനെ ആക്രമിക്കാനായി വന്നത്രേ. അവിടെ നിന്ന് ഓടിമാറിയെങ്കിലും രക്ഷപ്പെടാൻ പയറുകൾ വിളഞ്ഞുനിന്ന ഒരു പാടം അദ്ദേഹത്തിനു കടക്കണമായിരുന്നു. എന്നാൽ ഇതു ചെയ്യാൻ പൈതഗോറസ് തയാറായില്ല. തന്റെ ഓട്ടം പയറുകളെ നശിപ്പിച്ചാലോ എന്ന ചിന്തയായിരുന്നു കാരണം. അങ്ങനെ അക്രമികൾ അദ്ദേഹത്തെ കൊന്നത്രേ. എന്നാൽ ഇതു സത്യമാണോ അതോടെ കെട്ടുകഥയാണോ എന്നൊന്നും ഇതുവരെ ഉറപ്പിച്ചിട്ടില്ല.
ബിസി 570ൽ ഇന്നത്തെ ഗ്രീക്ക് മേഖലയിലുൾപ്പെടുന്ന ഈഗൻ കടലിലെ സാമോസ് എന്ന ദ്വീപിലായിരുന്നു പൈതഗോറസിന്റെ ജനനം. ദ്വീപിലെ ധനികനായ വ്യാപാരിയായ മനെസാർക്കസിന്റെ മകനായിരുന്നു പൈതഗോറസ്. സാമോസിലെ വിഖ്യാതമായ ജിയോമോറോയി പ്രഭുകുടുംബത്തിലെ അംഗമായിരുന്നു പൈതഗോറസിന്റെ അമ്മയായ പൈത.