ഉദ്യോഗസ്ഥരുടെ ‘പാലംവലി’: പാലം വരാൻ കിടപ്പാടം വിട്ടുനൽകിയവർ വഴിയാധാരം

Mail This Article
കുട്ടനാട് ∙ പാലത്തിനായി വീടും സ്ഥലവും വിട്ടുനൽകിയ കുടുംബം, സർക്കാർ നൽകിയ പട്ടയഭൂമിയിൽ വീടുവയ്ക്കാൻ സാധിക്കാതെ പെരുവഴിയിൽ. മങ്കൊമ്പ് സിവിൽ സ്റ്റേഷൻ പാലത്തിനായി വീടും സ്ഥലവും വിട്ടുനൽകിയ പുളിങ്കുന്ന് ഗ്രാമ പഞ്ചായത്ത് 14–ാം വാർഡിൽ അട്ടിച്ചിറ വീട്ടിൽ രാജമ്മയും സഹോദരി തങ്കമ്മയുമാണ് വീടുവയ്ക്കാൻ അനുമതിക്കായി ഓഫിസുകൾ കയറിയിറങ്ങുന്നത്.പാലത്തിനായി തങ്കമ്മയും രാജമ്മയും 9.56 സെന്റ് ഭൂമിയാണു സർക്കാരിനു വിട്ടുകൊടുത്തത്. ഇരു കുടുംബങ്ങളെയും പുനരധിവസിപ്പിക്കാൻ 3 സെന്റ് വീതം ഭൂമി ഇരുവർക്കും പതിച്ചു നൽകി. കൃഷിഭൂമി മണ്ണിട്ടു നികത്തിയാണ് ഭൂമി കണ്ടെത്തിയത്.

വീട് നിർമാണത്തിന് സ്കെച്ച് തയാറാക്കി പെർമിറ്റ് ലഭിക്കാൻ ഇവർ പഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ചു. ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമിയാണെന്നു കാട്ടി ഉടൻ അപേക്ഷ മടക്കുകയായിരുന്നു. സർക്കാർ നൽകിയ ഭൂമിയാണെന്നു പറഞ്ഞിട്ടും അനുകൂല നടപടിയുണ്ടായില്ല. തുടർന്നു ഡേറ്റാ ബാങ്കിൽ നിന്ന് ഒഴിവാക്കുന്നതിനായി പുളിങ്കുന്ന് കൃഷിഭവനിൽ അപേക്ഷ സമർപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. വീടുവയ്ക്കാനുള്ള അനുമതിക്കായി ഇപ്പോൾ വില്ലേജ് ഓഫിസിൽ അപേക്ഷ സമർപ്പിച്ചിരിക്കുകയാണ് ഇരുവരും പട്ടയം ലഭിക്കാനുള്ള കാലതാമസം വാർത്തയായതോടെ പ്രതികാര നടപടികളാണ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്ന് ഇരു കുടുംബങ്ങളും പറയുന്നു. ഇരു കുടുംബങ്ങൾക്കുമായി 12.5 സെന്റ് ഭൂമിയാണ് ഉണ്ടായിരുന്നത്.

സർക്കാർ ഭൂമി ഏറ്റെടുത്ത ശേഷം ബാക്കിയുള്ള 3 സെന്റിന്റെ ആധാരം ഇനിയും തിരികെ ലഭിച്ചിട്ടില്ല. അതേ സമയം സ്ഥലം നൽകിയ മറ്റ് ഭൂഉടമകൾക്കു മിച്ചമുള്ള ഭൂമിയുടെ രേഖകൾ തിരികെ ലഭിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ പ്രതികാര നടപടികൾ അവിടെയും അവസാനിച്ചില്ല. റീബിൽഡ് പദ്ധതിയിൽ ഇരുകുടുംബങ്ങൾക്കും 4 ലക്ഷം രൂപ വീതം അനുവദിച്ചിരുന്നു. സർക്കാരിൽ നിന്ന് ഏറ്റെടുത്ത വീടിനു നഷ്ടപരിഹാരം ലഭിച്ചെന്ന കാരണത്താൽ റീബിൽഡ് പദ്ധതിയിൽ നിന്ന് ഒഴിവാക്കി. അദാലത്തിൽ സബ് കലക്ടർ ഇരുവർക്കും റീബിൽഡ് പദ്ധതിയിൽ സഹായം ലഭിക്കാൻ അർഹതയുണ്ടെന്നു പറഞ്ഞിട്ടും ഉദ്യോഗസ്ഥർ അനുകൂല നടപടി സ്വീകരിച്ചില്ല.
വീട് ഷിഫ്റ്റ് ചെയ്തതിന്റെ പണവും 6 മാസത്തെ വാടകയും നിയമാനുസൃതം ഇവർക്കു ലഭിക്കേണ്ടതാണ്. അതും ഇതുവരെ ലഭിച്ചിട്ടില്ല. തങ്കമ്മയുടെ സഹോദരി ദേവകിയമ്മ കിടപ്പുരോഗിയാണ്. കട്ടിലിൽ നിന്ന് എഴുന്നേൽക്കാൻ പോലും സാധിക്കാത്ത ദേവകിയമ്മയ്ക്ക് പെൻഷൻ മസ്റ്ററിങ് വീട്ടിൽ വന്നു നടത്താൻ അപേക്ഷ സമർപ്പിച്ചെങ്കിലും അതും പരിഗണിച്ചില്ല. പ്രായത്തിന്റെ അവശതകൾ അനുഭവിക്കുന്ന 4 പേരാണ് ഇരു കുടുംബങ്ങളിലുമുള്ളത്.