കുരുക്കഴിഞ്ഞ് പടഹാരം പാലം നിർമാണം

Mail This Article
കുട്ടനാട് ∙ പടഹാരം പാലത്തിന്റെ നിർമാണം വീണ്ടും തുടങ്ങി. നിർമാണം ഏറ്റെടുത്ത കമ്പനിയുടെ കരാർ റദ്ദാക്കിയതോടെ 9 മാസമായി പാലം നിർമാണം മുടങ്ങിക്കിടക്കുകയായിരുന്നു. നെടുമുടി–തകഴി പഞ്ചായത്തുകളെ ബന്ധിപ്പിച്ചു പൂക്കൈതയാറ്റിൽ നിർമിക്കുന്ന പാലത്തിന് 2018ൽ ആണ് 55 കോടി രൂപയുടെ സാങ്കേതികാനുമതി ലഭിച്ചത്. എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന കമ്പനി കരാർ ഏറ്റെടുത്തു നിർമാണം ആരംഭിച്ചെങ്കിലും, സംസ്ഥാനത്തിന്റെ മറ്റു സ്ഥലങ്ങളിൽ നടത്തിയിരുന്ന നിർമാണജോലികൾ താമസിക്കുന്നതായി കാട്ടി കമ്പനിയുടെ കരാർ സർക്കാർ റദ്ദാക്കിയിരുന്നു.
പാലത്തിന്റെ നെടുമുടി പഞ്ചായത്ത് പരിധിയിലെ പൈലിങ് ജോലികൾ നടക്കുമ്പോഴായിരുന്നു നിർമാണം റദ്ദാക്കിയത്. വീണ്ടും ടെൻഡർ ക്ഷണിച്ചാണു പുതിയ കരാറുകാരനെ കണ്ടെത്തിയത്. എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന മറ്റൊരു കൺസ്ട്രക്‌ഷൻ കമ്പനിക്കാണ് പുതിയ കരാർ. 2 വർഷത്തിനുള്ളിൽ പാലം നിർമാണം പൂർത്തിയാക്കുമെന്ന വ്യവസ്ഥയിലാണു കരാർ ഏറ്റെടുത്തിരിക്കുന്നത്.45 മീറ്റർ നീളത്തിലുള്ള 3 സ്പാനുകളും 35 മീറ്റർ നീളത്തിലുള്ള 6 സ്പാനുകളും 12 മീറ്ററുള്ള 9 സ്പാനുകളും അടക്കം 443 മീറ്റർ നീളത്തിലാണു പാലം നിർമിക്കുന്നത്. പാലത്തിന്റെ ഇരുവശത്തും ഒന്നര കിലോമീറ്റർ സമീപനപാതയും നിർമിക്കും.
നെടുമുടി–കരുവാറ്റ റോഡിലാണു പാലം നിർമിച്ചിരിക്കുന്നത്. പടഹാരം പാലവും കുരുവാറ്റ ലീഡിങ് ചാനലിൽ നിർമിക്കുന്ന പാലവും പൂർത്തിയായാൽ ദേശീയപാതയിലെ തിരക്ക് ഒഴിവാക്കി തോട്ടപ്പള്ളിയിൽ നിന്നുള്ള ബൈപാസ് റോഡായി നെടുമുടി–കരുവാറ്റ റോഡ് മാറും. തകഴി പഞ്ചായത്തിലുള്ളവർക്കു താലൂക്ക് ആസ്ഥാനത്തേക്കും ചമ്പക്കുളത്തെ വിവിധ സ്കൂളുകളിലേക്കും എസി റോഡിലേക്കും വേഗം എത്താനും ചമ്പക്കുളം, നെടുമുടി അടക്കമുള്ള പഞ്ചായത്തുകളിലുള്ളവർക്ക് എളുപ്പം അമ്പലപ്പുഴ–തിരുവല്ല റോഡിൽ എത്തിച്ചേരാനും പാലം പൂർത്തിയാകുന്നതോടെ സാധിക്കും.