ജീവിതതാളം വീണ്ടെടുക്കാൻ രുചിക്കൂട്ട് ഒരുക്കി സംഗീതാധ്യാപകൻ

Mail This Article
പൂച്ചാക്കൽ ∙ ലോക്ഡൗണിനെത്തുടർന്ന് സംഗീതവഴികൾ അടഞ്ഞപ്പോൾ ഭക്ഷണ വിഭവങ്ങൾ ഒരുക്കി വിതരണം ചെയ്തു ജീവിതതാളം വീണ്ടെടുക്കുകയാണ് സംഗീതാധ്യാപകനായ പള്ളിപ്പുറം രാജാറാം. ചേന്നംപള്ളിപ്പുറം 17–ാം വാർഡിൽ ചന്നാപ്പള്ളിയിൽ രാജാറാം തൃപ്പൂണിത്തുറ ആർഎൽവി കോളജിൽ നിന്ന് ഗാനഭൂഷണം, ഗാനപ്രവീണ എന്നിവയും സംഗീതത്തിൽ എംഎയും നേടി. തുടർന്ന് കൊച്ചിൻ കലാഭവനിൽ 20 വർഷത്തോളവും കലാഭവന്റെ ബഹ്റൈൻ, ഷാർജ, ദുബായ് എന്നിവിടങ്ങളിലെ വിദ്യാലയങ്ങളിൽ 11 വർഷത്തോളവും സംഗീതാധ്യാപകനായി സേവനം അനുഷ്ഠിച്ചു.
മൂന്നുവർഷം മുൻപ് നാട്ടിലെത്തിയ രാജാറാം കാക്കനാട് ശ്രുതിലയം എന്ന പേരിൽ സംഗീത വിദ്യാലയം നടത്തുന്നതിനിടെയാണ് ലോക്ഡൗൺ പ്രഖ്യാപിച്ചത്. സംഗീത വിദ്യാലയം അടച്ചെങ്കിലും വെറുതേ വീട്ടിലിരിക്കാൻ രാജാറാം തയാറായില്ല. എറണാകുളത്ത് ഹോട്ടലിൽ ഷെഫായിരുന്ന സുഹൃത്തും സമീപവാസിയുമായ അനിരുദ്ധനുമായി ചേർന്നു ഭക്ഷണവിഭവങ്ങളുണ്ടാക്കി ഹോട്ടലുകളിൽ എത്തിച്ചും ഓൺലൈൻ ഓർഡർ എടുത്തും ജീവിതത്തിന്റെ ട്രാക്ക് മാറ്റിപ്പിടിച്ചത്. പിന്തുണയുമായി ഭാര്യ സുലോചനയും മക്കളായ ലക്ഷ്മിറാമും ശ്രീറാമുമുണ്ട്.