ADVERTISEMENT

ബാലൻപിള്ളസിറ്റി/ആലപ്പുഴ ∙ സ്വന്തം പേര് ഒരു സിറ്റിയിൽ മറന്നുവച്ച് ബാലൻപിള്ള യാത്രയാകുമ്പോൾ ബാലൻപിള്ളസിറ്റിക്ക് ഉടയോൻ നഷ്ടമായ സങ്കടം. ഇടുക്കി നെടുങ്കണ്ടം രാമക്കൽമേടിനു സമീപമാണ് ബാലൻപിള്ളസിറ്റിയെന്ന കൊച്ചു ടൗൺ. ഇന്നലെ അന്തരിച്ച കെ.പി. ബാലകൃഷ്ണപിള്ളയുടെ(96) പേരിൽ നിന്നാണ് ബാലൻപിള്ളസിറ്റിയെന്ന ടൗണിന്റെ ഉദയം. കല്ലാർ പട്ടം കോളനിയിൽ ആദ്യകാലത്ത് കുടിയിരുത്തപ്പെട്ട കർഷകനാണ് ഇദ്ദേഹം. ബാലൻപിള്ളയുടെ കടയിൽ തുടങ്ങി ബാലൻപിള്ള സിറ്റിയിൽ അവസാനിക്കുന്ന പരിണാമത്തിന് ഇടുക്കിയുടെ കുടിയേറ്റ ചരിത്രത്തിനോളം പഴക്കമുണ്ട്.

അങ്ങനെയാക്കടയൊരു സിറ്റിയായി...

രാമക്കൽമേടിനു സമീപം ബാലൻപിള്ള ഒരു പലചരക്കു കട തുടങ്ങിയതിൽ നിന്നാണ് ബാലൻപിള്ളസിറ്റിയുടെ ഉദ്ഭവം. തമിഴ്നാട്ടിൽ നിന്നു രാമക്കൽമേട് വഴിയായിരുന്നു കുടിയേറ്റ കാലഘട്ടത്തിൽ ഇടുക്കിയിലേക്ക് അരിയടക്കമുള്ള ധാന്യങ്ങൾ എത്തിയിരുന്നത്. കാൽനടയായും കഴുതപ്പുറത്തും എത്തിച്ചിരുന്ന ഭക്ഷ്യധാന്യ വസ്തുക്കൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു കൊണ്ടുപോയിരുന്നത് ഈ വഴിയാണ്. കാളവണ്ടിയാണ് അന്നത്തെ വാഹനം. ഇക്കാലത്താണ് പട്ടം കോളനി രൂപീകരിച്ചത്.

‘കൃഷിചെയ്യാൻ ഭൂമിയില്ലാത്തവന് അര അണയുടെ (പഴയ നാണയം) അപേക്ഷാഫോമിലൂടെ കിട്ടിയ അഞ്ചേക്കർ പട്ടയഭൂമി’– ഇതാണ് പഴമക്കാരുടെ ഓർമയിൽ പട്ടം കോളനി. ഭാഷാ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിക്കുന്ന സമയത്ത് ഹൈറേഞ്ചിനെ കേരളത്തിനൊപ്പം ചേർക്കുന്നതിൽ നിർണായക പങ്കു വഹിച്ചത് പട്ടം കോളനിയാണ്. 5 ഏക്കർ വീതമുള്ള 1397 ബ്ലോക്കുകളായാണ് കോളനിയിൽ ഭൂമി വിതരണം ചെയ്തത്. കല്ലാർ മുതൽ രാമക്കൽമേട് വരെ 15 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചു കിടക്കുന്ന പ്രദേശം.

‘സ്വരാജ്’ ബസിന്റെ അവസാന സ്റ്റോപ്പ്

വനഭൂമി കൃഷിഭൂമിയാക്കാൻ തയാറുള്ള ചെറുപ്പക്കാർക്ക് സർക്കാർ ബ്ലോക്കുകൾ പതിച്ചു നൽകിയപ്പോൾ ബാലൻപിള്ളയും അപേക്ഷ നൽകുകയായിരുന്നു. അന്ന് ആലപ്പുഴ തിരുവമ്പാടിയിൽ തയ്യൽക്കാരനായിരുന്നു അദ്ദേഹം. 1956 ൽ ആദ്യം അനുവദിച്ച കല്ലാറിനു സമീപത്തെ ബ്ലോക്ക് ഭൂമി കൈപ്പറ്റാൻ കഴിയാതിരുന്ന ബാലകൃഷ്ണപിള്ള വീണ്ടും അപേക്ഷിച്ചു. രാമക്കൽമേടിനു സമീപം രണ്ടാമത്തെ അലോട്മെന്റ് ലഭിക്കുകയായിരുന്നു. രണ്ടും കൽപിച്ച് 1957 ൽ ബസ് കയറി. ‘സ്വരാജ്’ ബസിന്റെ അവസാനത്തെ സ്റ്റോപ്പ് രാമക്കൽമേട്ടിലായിരുന്നു. അവിടെ ലഭിച്ച അഞ്ചേക്കർ ഭൂമിയിൽ ബാലൻപിള്ള കൃഷി തുടങ്ങി.

അന്നേ വിവാഹിതനായിരുന്നു ബാലൻപിള്ള. കൃഷിക്കു പുറമേ പലചരക്കുകടയും ചായക്കടയും തയ്യൽക്കടയും ചിട്ടിക്കമ്പനിയുമൊക്കെ ആരംഭിച്ച് ബാലൻപിള്ള ആ നാടിനെ സജീവമാക്കി. ബാലൻപിള്ളയുടെ കടയെന്നാണ് ആ സ്ഥലത്തിന് ആദ്യം നാട്ടുകാർ പേരു പറഞ്ഞിരുന്നത്. പിന്നീട് അത് കുറച്ചുകൂടി പരിഷ്കരിച്ച് ബാലൻപിള്ള സിറ്റിയായി. എന്തു സാധനങ്ങളും ലഭിക്കുന്ന സൂപ്പർമാർക്കറ്റായിരുന്നു ബാലൻപിള്ളയുടെ കട. രാമക്കൽമേടിൽ നിന്നു ഭക്ഷ്യധാന്യവുമായി പോകുന്നവരുടെ ഇടത്താവളവും വിശ്രമകേന്ദ്രവുമായിരുന്നു ബാലൻപിള്ളസിറ്റി. അക്കാലത്തു കൃഷി വളരെ ശ്രമകരമായിരുന്നെന്നു ബാലൻപിള്ള പറഞ്ഞിട്ടുണ്ട്.

ആലപ്പുഴയിൽ നിന്നുള്ള ബാലൻപിള്ള സിറ്റി ബസ് (ഫയൽ ചിത്രം)

കൃഷിവിഭവങ്ങൾ വിൽക്കാൻ തലച്ചുമടായി കമ്പം ചന്തയിൽ കൊണ്ടുപോകണം. പത്തു കിലോമീറ്ററിലേറെ ഒരു ദിശയിൽ നടക്കണം. കൃഷിയിറക്കിയാൽ കാട്ടുപന്നി, ആന തുടങ്ങിയവയുടെ ആക്രമണമുണ്ട്. ഒന്നോ രണ്ടോ ആനയല്ല, ഒട്ടേറെ ആനകൾ ഒന്നിച്ച‍ു കൃഷിത്തോട്ടം വളയും. തകരച്ചെണ്ടകൊട്ടിയും തീയിട്ടും ആനയെയും മറ്റു വന്യമൃഗങ്ങളെയും ഓടിക്കാൻ പഠിച്ചു. അപരിചിതമായ വനപ്രദേശത്തെ ഒരു ഗ്രാമമായി വളർത്തിയതിനു പിന്നാലെ ഭാര്യ ഭാർഗവിയെയും അവിടേക്കു കൊണ്ടുപോയി.

ചരിത്രത്തിനൊപ്പം വളർന്ന് ആൽമരം

ബാലകൃഷ്ണപിള്ള മുൻകൈയെടുത്ത് ജനപ്രതിനിധികളുടെ സഹായത്തോടെ ഇവിടെ സർക്കാർ സ്കൂളും സ്ഥാപിച്ചതോടെ പ്രദേശം ബാലൻപിള്ള സിറ്റി എന്ന് അറിയപ്പെടാൻ തുടങ്ങി. നാട്ടുകാരുടെ പ്രിയപ്പെട്ടവനായി ബാലൻപിള്ള മാറി. ചായക്കടയ്ക്ക് എതിർവശം നട്ടുവളർത്തിയ അരയാൽ ഇപ്പോൾ പടർന്നുപന്തലിച്ചു നിൽക്കുന്നുണ്ട്. ഇടുക്കി ജില്ലയിൽ കട്ടപ്പന പുളിയൻമല തൂക്കുപാലം എത്തിയ ശേഷം രാമക്കൽമേട് റോഡിലൂടെ സഞ്ചരിച്ചാൽ ബാലൻപിള്ളസിറ്റിയിലെത്താം. ബാലൻപിള്ള സിറ്റി വലിയ ‘സിറ്റി’ ആയതോടെ ആലപ്പുഴയിൽ നിന്നുൾപ്പെടെ കെഎസ്ആർടിസി ബസ് സർവീസും ആരംഭിച്ചു.

കാൽ നൂറ്റാണ്ടു മുൻപു തന്നെ ബാലൻപിള്ള പലചരക്കുകടയും സ്ഥലവും വിറ്റ ശേഷം ആലപ്പുഴയിൽ മകളുടെ വീട്ടിലേക്കു താമസം മാറി. ബാലൻപിള്ള കട നടത്തിയിരുന്ന സ്ഥലത്ത് ഇപ്പോൾ മറ്റൊരാളാണ് പലചരക്കുകട നടത്തുന്നത്. രാമക്കൽമേട് ടൂറിസം വികസനം ലക്ഷ്യമിട്ട് സംഘടിപ്പിച്ച മാരത്തണിന്റെ സമാപനത്തോടനുബന്ധിച്ച് നാട്ടുകാർ ബാലകൃഷ്ണപിള്ളയ്ക്ക് സ്വീകരണവും ആദരവും നൽകിയിരുന്നു. സ്കൂൾ, പ്രൈമറി ഹെൽത്ത് സെന്റർ, ആരാധനാലയങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ അടക്കമുള്ള ടൗണാണ് ഇന്ന് ബാലൻപിള്ള സിറ്റി. ലാൽജോസിന്റെ ‘എൽസമ്മ എന്ന ആൺകുട്ടി’ എന്ന ചിത്രത്തിലൂടെ ബാലൻപിള്ള സിറ്റി കൂടുതൽ പ്രസിദ്ധമായി. ‌

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com