തിട്ടയിടിഞ്ഞു ടിപ്പർ ലോറി തലകീഴായി തോട്ടിൽ വീണു; ഡ്രൈവർ അദ്ഭുതകരമായി രക്ഷപ്പെട്ടു

Mail This Article
ചെന്നിത്തല ∙ ടിപ്പർ ലോറി തോട്ടിലേക്കു തലകീഴായി മറിഞ്ഞു; ഡ്രൈവർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ചെന്നിത്തല മുണ്ടുവേലിക്കടവ് – കാരിക്കുഴി റോഡിലെ പത്തടി താഴ്ചയുള്ള കോയിപ്പുറം പൊഴിയിൽ തോട്ടിലേക്കാണ് ലോറി മറിഞ്ഞത്. ഡ്രൈവർ കാരിക്കുഴി മാലിയിൽ രാഹുൽ (അപ്പു– 29) രക്ഷപ്പെട്ടു. ഭാരം കയറ്റിവന്ന ലോറി, വീതി കുറവുള്ള ഭാഗത്തെത്തിയപ്പോൾ തിട്ടയിടിഞ്ഞു തോട്ടിലേക്കു മറിയുകയായിരുന്നു.
സമീപത്തുണ്ടായിരുന്ന രാജൻ തിരുമാലക്കര, കാരിക്കുഴി സ്വദേശി അഖിൽ എന്നിവർ ചേർന്നാണ് രാഹുലിനെ പുറത്തെടുത്തത്. ബോധം നഷ്ടപ്പെട്ട രാഹുലിനെ ഹരിപ്പാട് ആശുപത്രിയിലെത്തിച്ചു. പിന്നീട് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. അപകടനില തരണം ചെയ്തതായി അധികൃതർ പറഞ്ഞു.