ADVERTISEMENT

ആലപ്പുഴ ∙ തകഴിയിൽ താറാവുകൾ ചാകാൻ കാരണം പക്ഷിപ്പനിയാണെന്നു സ്ഥിരീകരിച്ചതോടെ പ്രദേശത്തെ 12,500 താറാവുകളെ കൊന്നു. രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങളിൽ താറാവും കോഴിയും കാടയും ഉൾപ്പെടെയുള്ള വളർത്തുപക്ഷികളുടെ ഇറച്ചി, മുട്ട, കാഷ്ഠം (വളം) എന്നിവയുടെ ഉപയോഗവും വിൽപനയും നിർത്തിവയ്ക്കാൻ കലക്ടർ എ.അലക്സാണ്ടർ ഉത്തരവിട്ടു. ചമ്പക്കുളം, നെടുമുടി, മുട്ടാർ, വീയപുരം, കരുവാറ്റ, തൃക്കുന്നപ്പുഴ, തകഴി, പുറക്കാട്, അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക്, എടത്വ പഞ്ചായത്തുകളിലും ഹരിപ്പാട് നഗരസഭാ മേഖലയിലുമാണ് നിയന്ത്രണം.

രോഗബാധ സ്ഥിരീകരിച്ച തകഴി പഞ്ചായത്ത് 10–ാം വാർഡിൽ ഒരു കിലോമീറ്റർ ചുറ്റളവിലെ പക്ഷികളെ കൊന്ന് സുരക്ഷിതമായി മറവുചെയ്യാനുള്ള നടപടി ഇന്നലെ വൈകിട്ടാണ‌ു തുടങ്ങിയത്. ഈ വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശം കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. ഇവിടേക്കും ഇവിടെനിന്നു പുറത്തേക്കുമുള്ള യാത്ര നിരോധിച്ചു.

കൊന്നൊടുക്കിയത് ഒരു കിലോമീറ്റർ ചുറ്റളവിലെ താറാവുകളെ

പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ഇന്നലെ തകഴിയിൽ കൊന്നു സംസ്കരിച്ചത് രോഗമുള്ളതും രോഗം ബാധിക്കാൻ സാധ്യതയുള്ളതുമായ താറാവുകളെ. പുറക്കാട് പഞ്ചായത്ത് ആറാം വാർഡ് അറുപതിൽച്ചിറ ജോസഫ് ചെറിയാന്റെ 2500ഉം സമീപത്തെ പ്രഭു, രാജു ജിനി എന്നിവരുടെ 10000 താറാവുകളെയുമാണ് ഇന്നലെ രാത്രി മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ദ്രുത പ്രതികരണ സംഘം നശിപ്പിച്ചത്.

ജോസഫ് ചെറിയാൻ സ്വകാര്യ ഹാർച്ചറിയിൽനിന്ന് 13,500 താറാവിൻകുഞ്ഞുങ്ങളെയാണു വാങ്ങിയത്. ഇതിൽ പതിനായിരത്തിലേറെ പലപ്പോഴായി ചത്തു. രോഗം സ്ഥിരീകരിച്ചതിന് ഒരു കിലോമീറ്റർ ചുറ്റളവിൽ രോഗം പകരാൻ ഇടയുള്ളതിനാലാണ് മറ്റു താറാവുകളെയും നശിപ്പിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.ചീഫ് വെറ്ററിനറി ഓഫിസർ ഡോ. എസ്.ലേഖ, പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ.എസ്.സുദർശനൻ, തകഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അംബിക ഷിബു, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലാണു താറാവുകളെ നശിപ്പിച്ചത്.

ദേശാടനപ്പക്ഷികളും നിരീക്ഷണത്തിൽ പ്രതിരോധ മരുന്നുകൾ വിതരണം ചെയ്യും

പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് കലക്ടറുടെ അധ്യക്ഷതയിൽ അടിയന്തര യോഗം ചേർന്ന് രോഗവ്യാപനം തടയാൻ നടപടികൾ ഊർജിതമാക്കി. നടപടികൾക്കു പിന്തുണ നൽകാനും പ്രദേശത്തു നിരീക്ഷണം നടത്താനും പൊലീസിനു നിർദേശം നൽകി.ദ്രുത പ്രതികരണ സംഘങ്ങളുടെ (ആർആർടി) സേവനം ഉറപ്പാക്കിയാകും മൃഗസംരക്ഷണ വകുപ്പ് പക്ഷികളെ മറവുചെയ്യുക. രോഗം സ്ഥിരീകരിച്ച മേഖലകളിൽ ജനങ്ങൾക്കു പ്രതിരോധ മരുന്നുകൾ വിതരണം ചെയ്യും. ദേശാടനപ്പക്ഷികൾക്കു രോഗം ബാധിച്ചിട്ടുണ്ടോ എന്നു നിരീക്ഷിക്കാനും ഇവയെ പരിശോധിക്കാനും അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററെ ചുമതലപ്പെടുത്തി. പ്രതിരോധപ്രവർത്തനങ്ങളുടെ പ്രതിദിന റിപ്പോർട്ട് നൽകണമെന്ന് മൃഗസംരക്ഷണ വകുപ്പിനു കലക്ടർ നിർദേശം നൽകി.

തകഴി പഞ്ചായത്ത് 10–ാം വാർഡിനു പുറമേ, നെടുമുടി മേഖലയിലും താറാവുകൾ ചത്തിരുന്നു. തകഴിയിലെ താറാവുകളുടെ സാംപിൾ പരിശോധനയിലാണ് എച്ച്5എൻ1 വിഭാഗത്തിൽപെട്ട പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഭോപാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസിലായിരുന്നു പരിശോധന. നെടുമുടിയിൽ ചത്ത താറാവുകളുടെ പരിശോധനാഫലം ലഭിച്ചിട്ടില്ല. തിരുവല്ലയിലെ പക്ഷിരോഗ നിർണയ കേന്ദ്രത്തിലേക്കാണു സാംപിൾ അയച്ചിരിക്കുന്നത്.

തകഴിയിൽ താറാവുകൾ ചാകാൻ കാരണം പക്ഷിപ്പനിയാണെന്ന് ബുധനാഴ്ച വൈകിട്ടു ഭോപാലിൽനിന്നു സംസ്ഥാന മൃഗസംരക്ഷണ വകുപ്പിനു സ്ഥിരീകരണം ലഭിച്ചിരുന്നു. ഇന്നലെയാണ് കർഷകനെ അറിയിച്ചതും പ്രതിരോധ നടപടി തുടങ്ങിയതും.അടിയന്തര യോഗത്തിൽ ദുരന്തനിവാരണ ഡപ്യൂട്ടി കലക്ടർ ആശ സി.ഏബ്രഹാം, ജില്ലാ സർവെയ്‌ലൻസ് ഓഫിസർ ഡോ.ദീപ്തി, ജില്ലാ മൃഗസംരക്ഷണ ഓഫിസർ ഡോ. എ.ജി.ജിയോ, അമ്പലപ്പുഴ തഹസിൽദാർ പ്രീത പ്രതാപൻ, പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ.എസ്.സുദർശനൻ, ചീഫ് വെറ്ററിനറി ഓഫിസർ ഡോ. എസ്.ജെ.ലേഖ, ഡോ. എൽ.ജെ.കൃഷ്ണ കിഷോർ തുടങ്ങിയവർ പങ്കെടുത്തു.

നഷ്ടപരിഹാരം

പക്ഷിപ്പനി മൂലം ചത്ത പക്ഷികളുടെയും നശിപ്പിച്ചവയുടെയും ഉടമകൾക്ക് ജനുവരി 7ലെ ഉത്തരവു പ്രകാരം അനുവദിക്കുന്ന നഷ്ടപരിഹാരം ഇങ്ങനെ:

∙2 മാസത്തിലേറെ പ്രായമായ പക്ഷി ഒന്നിന് 200 രൂപ
∙2 മാസത്തിൽ താഴെ പ്രായമുള്ളതിന് 100 രൂപ
∙നശിപ്പിച്ച മുട്ട ഒന്നിന് 5 രൂപ.

ജാഗ്രത വേണം: ആരോഗ്യ വകുപ്പ്

പക്ഷിപ്പനി മനുഷ്യരിലേക്കു സാധാരണ പകരാറില്ലെങ്കിലും പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ഡിഎംഒ അറിയിച്ചു.രോഗബാധ സംശയിക്കുന്ന പക്ഷികളെ കൈകാര്യം ചെയ്യുന്നവർ കയ്യുറയും മുഖാവരണവും ധരിക്കണം. ചത്ത പക്ഷികളെയും അവയുടെ മുട്ട, കാഷ്ഠം എന്നിവയും ആഴത്തിൽ കുഴിച്ചു മൂടുകയോ കത്തിച്ചു കളയുകയോ ചെയ്യണം. പനി, ശരീരവേദന, ചുമ, ജലദോഷം, ശ്വസംമുട്ടൽ, കഫത്തിൽ രക്തം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണം. താറാവുകർഷകർ, ചത്ത താറാവുകളെ കൈകാര്യം ചെയ്തവർ, അവരുമായി ഇടപഴകിയവർ, ഗർഭിണികൾ തുടങ്ങിയവർ പനി, ജലദോഷം തുടങ്ങിയ ലക്ഷണങ്ങളുണ്ടായാൽ ഉടൻ ആരോഗ്യപ്രവർത്തകരെ അറിയിക്കണം.

പക്ഷിപ്പനിയെന്ന് തിരുവനന്തപുരത്തും കണ്ടെത്തിയിരുന്നു: മന്ത്രി

തകഴിയിലേത് പക്ഷിപ്പനിയാണെന്ന് തിരുവനന്തപുരത്തെ പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നെന്നു മന്ത്രി ജെ.ചിഞ്ചുറാണി. തിരുവനന്തപുരത്തുനിന്നു ഭോപാലിലേക്ക് അയച്ച സാംപിളിന്റെ ആദ്യ പരിശോധനയിൽ വ്യക്തമായ ഫലം കിട്ടാത്തതിനാൽ ഇനോക്കുലേഷൻ ടെസ്റ്റ് നടത്തിയാണു സ്ഥിരീകരിച്ചത്.ഫെയ്സ്ബുക് കുറിപ്പിലൂടെയാണു മന്ത്രി ഇക്കാര്യം അറിയിച്ചത്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com