ADVERTISEMENT

ആലപ്പുഴ ∙ ചൈത്ര ചായം ചാലിക്കുന്നത് വീടുകൾക്കു നിറമേകാൻ മാത്രമല്ല, സ്വന്തം ജീവിതത്തിനും കൂടിയാണ്. പിതാവിന്റെ വേർപാടിനെത്തുടർന്ന് വരുമാനം നിലച്ച വീടിന്റെ മുഴുവൻ ഉത്തരവാദിത്തവും പെയിന്റ് പാട്ടയിൽ നിറച്ചാണ് ഇരുപത്തിയാറുകാരി കെ.ആർ.ചൈത്രമോൾ ‘ഉയരങ്ങളിലേക്കു കയറുന്നത്’. കഴിഞ്ഞ ഓണത്തിന്റെ പിറ്റേന്നാണ് കലവൂർ കാട്ടൂർ കറുത്തകണ്ടം പറമ്പിൽ രാമചന്ദ്രൻ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചത്. രാമചന്ദ്രൻ മരിച്ച് മൂന്നാം ദിവസം ബാങ്കിൽ നിന്നു ജപ്തി നോട്ടിസ് എത്തി. ലോട്ടറി മൊത്തവിൽപന ഏജൻസിയിൽ അക്കൗണ്ടന്റ് ജോലിയിൽ നിന്നു വായ്പ തിരിച്ചടവ് നടക്കാതെ വന്നതോടെയാണ് പെയിന്റിങ്ങിലേക്ക് എത്തുന്നത്.

ഇതുവരെ 15ലധികം ഇടങ്ങളിൽ പെയിന്റ് ജോലി ചെയ്തു. അച്ഛന്റെ പാതയിൽ മീൻപിടിത്തത്തിന് ഇറങ്ങാൻ ശ്രമം നടത്തിയെങ്കിലും ആരും കൂടെ കൂട്ടിയില്ലെന്നു ചൈത്ര പറയുന്നു. അമ്മ യമുന, സഹോദരി ചിത്ര, സഹോദരൻ ചന്തു എന്നിവർ ഉൾപ്പെടുന്നതാണ് കുടുംബം. ബിരുദപഠനം പൂർത്തിയാക്കിയ ചിത്രയുടെയും പോളിടെക്നിക്കിന് പഠിക്കുന്ന ചന്തുവിന്റെയും തുടർന്നുള്ള പഠനങ്ങൾക്കുള്ള ചെലവും ചൈത്രയാണ് വഹിക്കുന്നത്. എസ്ഡി കോളജിൽ നിന്ന് ഹിസ്റ്ററിയിൽ ബിരുദം നേടിയ ചൈത്ര പിജിഡിസിഎയും പൂർത്തീകരിച്ചിട്ടുണ്ട്. പെയിന്റിങ് ജോലിക്കൊപ്പം തന്റെ ലക്ഷ്യമായ പൊലീസ് ജോലി നേടിയെടുക്കുന്നതിനുള്ള പരിശ്രമത്തിനും ചൈത്ര സമയം കണ്ടെത്തുന്നുണ്ട്.

ദിവസവും ആരോഗ്യ സംരക്ഷണത്തിനായി ജിമ്മിൽ പോകുകയും പെയിന്റിങ് ജോലി കഴിഞ്ഞ് രാത്രിയിൽ പിഎസ്‌സി ക്ലാസിനു പോകുകയും ചെയ്യുന്നു. നൃത്ത പരിശീലനം മാത്രമാണ് നിർത്തേണ്ടി വന്നത്. ഒരു പെൺകുട്ടിയെക്കൊണ്ട് ആണുങ്ങൾ ചെയ്യുന്ന അത്രയും ജോലി ചെയ്യാൻ കഴിയുമോയെന്ന സംശയമായിരുന്നു ആദ്യം എല്ലാവർക്കുമെന്നും ഉരക്കടലാസ് പിടിക്കലിൽ തുടങ്ങി ഡിസൈൻ പണികൾ പോലും ചെയ്യാൻ ചൈത്ര പഠിച്ചെന്നും പെയിന്റിങ് മേഖലയിൽ ചൈത്രയുടെ ഗുരുവായ കെ.കെ.ഷോണി പറഞ്ഞു. ചൈത്ര പെയിന്റിങ് ജോലി ചെയ്യുന്ന വിഡിയോ വൈറലായതിനെത്തുടർന്ന് ഒരുപാട് പേർ ജോലി നൽകാൻ തയാറായി എത്തുന്നുണ്ട്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com