ദേശീയപാതാ വികസനം അടിപ്പാത: കലവൂരിൽ ജോലി പുരോഗമിക്കുന്നു

Mail This Article
കലവൂർ ∙ ദേശീയപാതാ നവീകരണത്തിന്റെ ഭാഗമായി കലവൂരിൽ അടിപ്പാത നിർമാണം പുരോഗമിക്കുന്നു. 12 മീറ്റർ വീതിയിലാണ് അടിപ്പാത നിർമിക്കുന്നത്. ഇതു പൂർത്തിയാകുന്നതോടെ കാട്ടൂരിൽനിന്നു വരുന്നവർക്കും മണ്ണഞ്ചേരിയിൽനിന്നു വരുന്നവർക്കും ദേശീയപാത കടക്കാതെ ഇരുവശത്തേക്കും പോകാൻ സാധിക്കും. അതേസമയം, ദേശീയപാതയിൽ പ്രവേശിക്കണമെങ്കിൽ ഇവർ സർവീസ് റോഡിലൂടെ കയറണം. ഇതോടെ റോഡിലെ തിരക്കു ഗണ്യമായി കുറയുമെന്നാണു പ്രതീക്ഷ. അടിപ്പാത നിർമാണത്തിന്റെ ഭാഗമായി ജംക്‌ഷനിൽ കിഴക്കു ഭാഗത്തേക്ക് ദേശീയപാതയിൽനിന്നു നേരിട്ടു കടക്കുന്നതു തടഞ്ഞിട്ടുണ്ട്. ഇവിടെ കോൺക്രീറ്റിങ് പൂർത്തിയായി. ഇരുവശത്തും പണിത റോഡിലൂടെയാണു വാഹനങ്ങൾ ഇപ്പോൾ മണ്ണഞ്ചേരി ഭാഗത്തേക്കു പോകുന്നത്.
കെഎസ്ഡിപിക്കു സമീപം 7 മീറ്റർ വീതിയിലും കൊമ്മാടിയിൽ 22.4 മീറ്റർ വീതിയിലും വളവനാട്ട് 12 മീറ്റർ വീതിയിലും അടിപ്പാത നിർമിക്കുന്നുണ്ട്. വളവനാട് ജംക്‌ഷനിലും പ്രാരംഭ നടപടികൾ തുടങ്ങി. ഇവിടെ പടിഞ്ഞാറ് ബീച്ചിലേക്കുള്ള വാഹനങ്ങൾക്കു പ്രവേശിക്കാൻ ഇരുവശത്തുമായി അപ്രോച്ച് റോഡ് നിർമിച്ചിട്ടുണ്ട്. അടിപ്പാത പൂർത്തിയാകുന്നതോടെ ബീച്ചിലേക്കും കാവുങ്കൽ ഭാഗത്തേക്കുമുള്ള യാത്രക്കാർക്ക് ദേശീയപാതയിൽ പ്രവേശിക്കാതെ പോകാം. ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടങ്ങളും മറ്റും നീക്കിക്കഴിഞ്ഞു. മാരാരിക്കുളം കളിത്തട്ടിന്റെ മുക്കാൽഭാഗവും പൊളിച്ചു. ബാക്കി സംരക്ഷിക്കാനുള്ള ശ്രമത്തിലാണ്. വളവനാട്ട് കാണിക്കവഞ്ചി ഉൾപ്പെടെ നീക്കേണ്ടതുണ്ട്. റോഡിന്റെ എതിർവശത്തുള്ള ശ്രീനാരായണ ഗുരുദേവ മന്ദിരവും നീക്കും. അടിപ്പാത നിർമാണം രണ്ടരമാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് കരാർ കമ്പനി അധികൃതർ പറഞ്ഞു.