ഭർത്താവ് ഡോ. ശാന്തീവനും മകൾ നിയതിക്കുമൊപ്പം ചുമതലയേൽക്കാനെത്തി കലക്ടർ ഹരിത വി.കുമാർ; പ്രധാന പദ്ധതികളുടെ അവലോകനം നടത്തും

Mail This Article
ആലപ്പുഴ ∙ ജില്ലയിൽ പുരോഗമിക്കുന്ന പ്രധാന പദ്ധതികളുടെയും അവലോകനം വൈകാതെ നടത്തുമെന്ന് ഇന്നലെ ചുമതലയേറ്റ ജില്ലാ കലക്ടർ ഹരിത വി.കുമാർ പറഞ്ഞു. ശുദ്ധജലക്ഷാമം പോലുള്ള വിഷയങ്ങളിലും അടിയന്തര ശ്രദ്ധയുണ്ടാകും. ടൂറിസം പോലുള്ള മേഖലകളിലെ ജില്ലയുടെ സാധ്യതകൾ വിശദമായി പഠിക്കേണ്ടതുണ്ട്.സ്ത്രീകൾ, കുട്ടികൾ, ട്രാൻസ്‌ജെൻഡർ, ഭിന്നശേഷിക്കാർ തുടങ്ങി എല്ലാ വിഭാഗങ്ങളെയും ഒപ്പം ചേർത്തുള്ള വികസന പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകും. സ്ഥലം മാറിയ കലക്ടർ വി.ആർ.കൃഷ്ണ തേജ തുടങ്ങി വച്ച ‘ഒരു പിടി നന്മ’ പോലുള്ള പദ്ധതികൾ തുടരും.
ഉദ്യോഗസ്ഥരുടെയും പൊതുപ്രവർത്തകരുടെയും വലിയ സഹകരണം ലഭിക്കുന്ന ജില്ലയാണ് ആലപ്പുഴയെന്നു മുൻ കലക്ടർമാരിൽനിന്ന് അറിഞ്ഞിട്ടുണ്ട്. അത് പ്രവർത്തനങ്ങളിൽ വലിയ ആത്മവിശ്വാസം നൽകുന്നതായും കലക്ടർ പറഞ്ഞു.ഇന്നലെ രാവിലെ ഭർത്താവ് ഡോ. ശാന്തീവനും മകൾ നിയതിക്കുമൊപ്പമാണ് ഹരിത വി.കുമാർ ചുമതലയേൽക്കാൻ എത്തിയത്. എഡിഎം എസ്.സന്തോഷ് കുമാർ, ഡപ്യൂട്ടി കലക്ടർ ആശ സി.ഏബ്രഹാം തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.