കെഎസ്ഡിപി ഓങ്കോളജി ഫാർമ പാർക്ക് നിർമാണോദ്ഘാടനം 29ന്

Mail This Article
കലവൂർ ∙ പൊതുമേഖല സ്ഥാപനമായ കലവൂർ കെഎസ്ഡിപിയുടെ ഓങ്കോളജി ഫാർമ പാർക്കിന്റെ നിർമാണോദ്ഘാടനം 29ന് ഉച്ചയ്ക്ക് 12ന് മന്ത്രി പി.രാജീവ് നിർവഹിക്കും. പി.പി.ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷത വഹിക്കും. 2021 ഫെബ്രുവരി 22ന് മുഖ്യമന്ത്രി പിണറായി വിജയൻ ശിലാസ്ഥാപനം നിർവഹിച്ചെങ്കിലും നിർമാണ നടപടി ഇപ്പോഴാണ് പൂർത്തിയായത്. പദ്ധതിയുടെ വിശദമായ റിപ്പോർട്ടും തയാറായി. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 231 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്ന് ചെയർമാൻ സി.ബി.ചന്ദ്രബാബു പറഞ്ഞു.
ദേശീയപാതയിൽ കെഎസ്ഡിപിയുടെ ഫാക്ടറിക്ക് തെക്ക് ജില്ലാ സഹകരണ ബാങ്ക് ജപ്തി ചെയ്തിരുന്ന സഹകരണ ആശുപത്രിയുടെ 6.5 ഏക്കർ സ്ഥലത്താണ് ഓങ്കോളജി പാർക്ക് സ്ഥാപിക്കുന്നത്. കെഎസ്ഡിപിയോടൊപ്പം സമാനമായ മറ്റു കമ്പനികൾക്കും ഇവിടെ മരുന്ന് നിർമാണത്തിന് അവസരം ലഭിക്കും. പദ്ധതിക്ക് ആവശ്യമായ പണം കിഫ്ബിയിൽ നിന്നാണ് അനുവദിച്ചത്.
പ്രൊഡക്‌ഷൻ, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കും ലാബും ആദ്യഘട്ടത്തിൽ നിർമിക്കും. പേറ്റന്റ് കാലാവധി കഴിഞ്ഞ ഫലപ്രദമായ മരുന്നുകൾ കെഎസ്ഡിപി ഇവിടെ ഉൽപാദിപ്പിച്ച് കാൻസർ രോഗികൾക്ക് ന്യായവിലയ്ക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം. നിലവിലെ തീരുമാനപ്രകാരം 2026 മാർച്ചിനുള്ളിൽ ഓങ്കോളജി ഫാർമ പാർക്ക് യാഥാർഥ്യമാക്കാനാണ് ശ്രമം.
കാൻസർ ചികിത്സാരംഗത്തെ വിദഗ്ധ ഡോക്ടർമാരുടെ ശിൽപശാല സംഘടിപ്പിച്ചാണ് മരുന്നുകളുടെ ഉൽപാദനത്തിന്റെ മുൻഗണനാക്രമം നിശ്ചയിച്ച് ഉൽപാദനം ആരംഭിക്കുക. തിങ്കളാഴ്ച നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ എ.എം.ആരിഫ് എംപി ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ പങ്കെടുക്കുമെന്ന് എംഡി ഇ.എ. സുബ്രഹ്മണ്യൻ പറഞ്ഞു.