കായംകുളത്ത് ആകാശപ്പാതയ്ക്കായി പ്രക്ഷോഭം: അടിപ്പാത നിർമിക്കാനുള്ള നടപടിയിൽ അവ്യക്തത

Mail This Article
കായംകുളം∙ ദേശീയപാതയിൽ ഷഹീദാർ പള്ളി ജംക്‌ഷൻ മുതൽ ചിറക്കടവം ബൈപാസ് ജംക്‌ഷൻ വരെ ആകാശപ്പാത നിർമിക്കണമെന്ന ആവശ്യവുമായി ജനകീയസമരസമിതിയുടെ നേതൃത്വത്തിൽ പ്രക്ഷോഭം ഉയരുന്നതിനിടെ കെഎസ്ആർടിസി ജംക്‌ഷനിൽ അടിപ്പാത നിർമിക്കാൻ നടപടികൾ തുടങ്ങിയത് ദുരൂഹത ഉയർത്തുന്നു എന്നു പരാതി.
സമരസമിതി ഉന്നയിക്കുന്ന ആവശ്യത്തോട് അധികാരികൾക്കുള്ള സമീപനം പുറത്തുവരുന്നതിന് മുൻപ് തന്നെ ധൃതിയിൽ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയതാണ് പ്രതിഷേധങ്ങൾക്കിടയാക്കിയത്.അന്തിമ തീരുമാനം വരുന്നതു വരെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്ന നിർദേശമാണ് വിവിധ കേന്ദ്രങ്ങളിൽ നിന്ന് ഉയർന്നത്. കെഎസ്ആർടിസി ജംക്‌ഷനിൽ വിസ്തൃതിയുള്ള വിയുപി യും എംഎസ്എം കോളജ് ജംക്‌ഷനിൽ ചെറിയ അടിപ്പാതയുമാണ് നിർമിക്കുന്നതെന്ന് കരാറുകാർ വ്യക്തമാക്കിക്കഴിഞ്ഞു.
പട്ടണത്തെ യഥാർഥത്തിൽ രണ്ടാക്കുന്നതിന് തുല്യമാണ് ഈ തീരുമാനമെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. ഈ അലൈൻമെന്റ് മാറ്റി തൂണുകളിൽ നിർമിക്കുന്ന ആകാശപ്പാതയ്ക്ക് അനുമതി തേടാനുള്ള ശ്രമം നടക്കുന്നതിനിടെയാണ് കരാറുകാർ നിർമാണം ത്വരിതഗതിയിലാക്കിയത്. ആകാശപ്പാതയെന്ന ആവശ്യമുന്നയിച്ച് ജനകീയ സമരസമിതി ഉടൻ അധികാരികളെ കാണുമെന്ന് കൺവീനർ ദിനേശ് ചന്ദന പറഞ്ഞു.
‘പ്രക്ഷോഭം പരാജയപ്പെടുത്താൻ ശ്രമം’
കായംകുളം∙ ദേശീയപാതയിലെ അശാസ്ത്രീയ നിർമാണത്തിനെതിരെയുള്ള ജനകീയ സമരസമിതിയുടെ പ്രക്ഷോഭം പരാജയപ്പെടുത്താൻ അധികൃതർ ശ്രമിക്കുന്നതായി കെപിസിസി സെക്രട്ടറി ഇ. സമീർ ആരോപിച്ചു.
നിർദിഷ്ട ദേശീയപാതയുടെ രൂപരേഖ വ്യക്തമാക്കപ്പെട്ടതോടെ ഏറ്റവും പ്രധാനപ്പെട്ട ജനകീയ ആവശ്യമായ കായംകുളം കാർത്തികപ്പള്ളി സംസ്ഥാനപാതയിലെ എംഎസ്എം കോളജ് ജംക്‌ഷനിൽ 20 മീറ്റർ വീതിയിലും 7 മീറ്റർ ഉയരത്തിലും ലാർജ് വെഹിക്കിൾ അണ്ടർ പാസേജും കെഎസ്ആർടിസി ജംക്‌ഷനിലും ചിറക്കടവം ബൈപാസ് ജംക്‌ഷനിലും കൊറ്റുകുളങ്ങര ഷഹീദാർപള്ളി ജംക്‌ഷനിലും 10 മീറ്റർ വീതിയിലും മുക്കട ജംക്‌ഷൽ 20 മീറ്റർ വീതിയിലുമുള്ള വെഹിക്കിൾ അണ്ടർ പാസേജുകളും അനിവാര്യമാണ്.
ഇതിനാലാണ് ആകാശപ്പാത നിർമിക്കണമെന്നുള്ള ആവശ്യമുയർന്നത്. പദ്ധതിരേഖയെക്കുറിച്ച് അന്വേഷിച്ച് പരിഹാരം കാണേണ്ട ജനപ്രതിനിധികളുടെ വീഴ്ച ന്യായീകരിക്കത്തക്കതല്ലെന്നും ജനകീയ സമരസമിതിയുടെ പോരാട്ടത്തിന് എല്ലാവിധ രാഷ്ട്രീയപിന്തുണയും നൽകുമെന്നും ഇ.സമീർ അറിയിച്ചു.