മഴ കനത്തു: റോഡ് വെള്ളത്തിൽ

Mail This Article
കായംകുളം∙ ഗോവിന്ദമുട്ടം ട്രാൻസ്ഫോമർ ജംക്‌ഷൻ–തുണ്ടിൽതെക്കതിൽ കടവ് റോഡ് കനത്ത മഴയിൽ വെള്ളത്തിലായി. മുപ്പതോളം കുടുംബങ്ങൾ ഇതുകാരണം ദുരിതമനുഭവിക്കുകയാണ്. മഴയത്തും വെയിലത്തും വെള്ളമൊഴിയാത്ത റോഡിനെ ദുരിതത്തിൽ നിന്ന് രക്ഷിക്കാൻ അധികാരികൾ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് നിവാസികൾ ആവശ്യപ്പെടുന്നു.
മഴപെയ്ത് കെട്ടിക്കിടക്കുന്ന വെള്ളം ഒഴുകിപ്പോകാനുള്ള ഓടയും അനുബന്ധ സൗകര്യങ്ങളും ഇല്ലാത്തതാണ് ഇവിടെ കൊടുംദുരിതത്തിന് കാരണം. വെള്ളം കെട്ടിക്കിടക്കുന്നത് പകർച്ച വ്യാധികൾ മൂലമുള്ള രോഗങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. പനി ബാധിതരും മറ്റും വെള്ളക്കെട്ട് താണ്ടി ആശുപത്രിയിലേക്ക് പോകേണ്ട ഗതികേടാണെന്നും പരാതിയുണ്ട്.

ഹരിപ്പാട് ∙ താമല്ലാക്കൽ മണ്ണാറശാല റോഡ് തകർന്നു വെള്ളക്കെട്ടായത് യാത്രക്കാർക്ക് ദുരിതമാകുന്നു. വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡിലൂടെ സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയാണ്. മഴ ശക്തമായതോടെ റോഡിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ടാണ്. റോഡിലെ കുഴികൾ അറിയാതെ വരുന്ന ഇരു ചക്ര വാഹനങ്ങളും മറ്റു വാഹനങ്ങളും അപകടത്തിൽപെടുന്നത് നിത്യസംഭവമാണ്. കുമാരപുരം ഏഴാം വാർഡിൽ ദേശീയപാതയിൽ താമല്ലാക്കൽ ജംക്‌ഷനു തെക്കുവശം നിന്ന് മണ്ണാറശാലയിലേക്ക് പോകുന്ന റോഡാണിത്.
ദിവസേന വിദ്യാർഥികൾ അടക്കം നൂറുകണക്കിന് യാത്രക്കാരാണ് ഇതുവഴി സഞ്ചരിക്കുന്നത്. മണ്ണാറശാല നാഗരാജ ക്ഷേത്രം, യുപി സ്കൂൾ, ഹരിപ്പാട് ബ്ലോക്ക് ഓഫിസ്, മൃഗാശുപത്രി, ഹോമിയോ ആശുപത്രി, ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രം, ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന വഴിയാണിത്. ദേശീയപാതയിൽ ആലപ്പുഴ ഭാഗത്ത് നിന്നും വരുന്ന യാത്രക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നതും ഈ റോഡിനെയാണ്. വിദ്യാർഥികൾ വെള്ളക്കെട്ടായ റോഡിൽ കൂടി സൈക്കിളിൽ യാത്ര ചെയ്യുമ്പോൾ കുഴിയിൽ വീണ് അപകടമുണ്ടാകുന്നുണ്ട്.
പൊതുഗതാഗതത്തെ ആശ്രയിക്കുന്ന സാധാരണക്കാർക്ക് താമല്ലാക്കൽ ജംക്‌ഷനിൽ എത്തിച്ചേരണമെങ്കിൽ തകർന്നു കിടക്കുന്ന റോഡിൽ കൂടി മുട്ടോളം വെള്ളത്തിൽ പോകണം. വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡിന്റെ ദുരവസ്ഥ മാറ്റുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ ജനപ്രതിനിധികളോ മുൻകൈ എടുക്കുന്നില്ലെന്നുള്ള വ്യാപക പരാതിയാണ് നാട്ടുകാർക്ക്. നൂറുകണക്കിന് ആളുകളും വാഹനങ്ങളും യാത്ര ചെയ്യുന്ന റോഡിന്റെ ശോചനീയാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.