നഗരസഭയിൽ വഴിയോരക്കച്ചവടം ഒഴിപ്പിക്കൽ പുനരാരംഭിച്ചു

Mail This Article
ചെങ്ങന്നൂർ ∙ ഇടവേളയ്ക്കു ശേഷം നഗരസഭയിൽ വീണ്ടും വഴിയോരക്കച്ചവടം ഒഴിപ്പിക്കൽ തുടങ്ങി. ഇന്നലെ ഉച്ചയ്ക്കു ശേഷം പൊലീസ് സഹായത്തോടെ ആയിരുന്നു ഒഴിപ്പിക്കൽ. നാടോടികൾ ഉൾപ്പെടെയുള്ള കച്ചവടക്കാരെ ഭാഗികമായി ഒഴിപ്പിച്ചു. എന്നാൽ റെയിൽവേ സ്റ്റേഷനു മുന്നിലെ കച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ വഴിയോരക്കച്ചവടത്തൊഴിലാളി യൂണിയൻ പ്രവർത്തകർ രംഗത്തെത്തി. നാഷനൽ അർബൻ ലിവ്‌ലിഹുഡ് മിഷൻ (എൻയുഎൽഎം) കാർഡ് ഉള്ള കച്ചവടക്കാർക്ക് എംകെ റോഡരികിൽ കച്ചവടം ചെയ്യാൻ അനുമതിയുണ്ടെന്ന് ഇവർ വാദമുയർത്തി. എന്നാൽ ത്രിവേണി സൂപ്പർമാർക്കറ്റിനു സമീപം മുതൽ റെയിൽവേ അടിപ്പാത വരെ ഭാഗത്താണ് ഇവർക്ക് അനുമതിയുള്ളതെന്നു നഗരസഭ ഉദ്യോഗസ്ഥർ പറഞ്ഞു.
തെരുവു കച്ചവടസമിതി യോഗം ചേർന്ന് അനുയോജ്യമായ മറ്റൊരു സ്ഥലം കണ്ടെത്തി നൽകാതെ ഒഴിപ്പിക്കുന്നതിനെയാണ് എതിർക്കുന്നതെന്നു യൂണിയൻ നേതാക്കൾ പറയുന്നു. അതേസമയം ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് ഇന്നലെ ഒഴിപ്പിക്കൽ തുടർന്നതെന്നു നഗരസഭാധ്യക്ഷ സൂസമ്മ ഏബ്രഹാം പറഞ്ഞു. ഉത്തരവ് നടപ്പാക്കാൻ വന്ന പൊലീസ് അതു ചെയ്യാതെ സമവായചർച്ചയ്ക്ക് ശ്രമിച്ച് കച്ചവടക്കാരെ അതത് സ്ഥലത്തു തുടരാൻ അനുവദിച്ചത് രാഷ്ട്രീയ പ്രേരിതമായാണെന്നും കോടതി ഉത്തരവിന്റെ ലംഘനമാണെന്നും അവർ ആരോപിച്ചു. നഗരസഭ ഒരു വഴിയോരക്കച്ചവടക്കാർക്കും നാളിതുവരെ ലൈസൻസ് നൽകിയിട്ടില്ലെന്നും കൂട്ടിച്ചേർത്തു.