കൗതുകത്തിന്റെ നാരുകൾ കൂട്ടിപ്പിരിച്ച് കുട്ടി; കയറായി, കൗതുകവസ്തുക്കളായി
Mail This Article
ചാരുംമൂട് ∙ അടയ്ക്കാത്തൊണ്ടിന്റെ നാരുകൾ കൊണ്ട് കയറും കൗതുക വസ്തുക്കളും നിർമിച്ച് 90കാരനായ കർഷകത്തൊഴിലാളി ശ്രദ്ധനേടുന്നു. നൂറനാട് പുലിമേൽ തടത്തിൽപ്പറമ്പിൽ പി.കുട്ടിയാണ് 3 വർഷമായി അടയ്ക്കാത്തൊണ്ടിൽ നാടൻ പരീക്ഷണം തുടരുന്നത്. അടയ്ക്ക ഉപയോഗിച്ച ശേഷം തൊണ്ടു വൃത്തിയാക്കി ഉണക്കിയെടുത്തു നാരുകളാക്കി നോക്കിയപ്പോഴാണു പുതിയ സാധ്യത തെളിഞ്ഞത്.
നാരുകൾ കൈകൊണ്ടു തേച്ച് ഉരുട്ടിയപ്പോൾ നല്ല കയറായി. പല കനത്തിലുള്ള കയറുകൾ കുട്ടി ഉണ്ടാക്കുന്നുണ്ട്. കയറിനു നല്ല ബലമുണ്ടെന്നാണു കുട്ടി പറയുന്നത്. ഇപ്പോൾ മുറുക്കാൻ കടക്കാരും മറ്റും കുട്ടിക്ക് അടയ്ക്കാത്തൊണ്ട് എത്തിച്ചു കൊടുക്കുന്നു. കുട്ടിയുടെ കയർ നിർമാണം കേട്ടറിഞ്ഞ് വയനാട്ടിൽനിന്നും ചിലരെത്തി. .
കയർ വകുപ്പിന്റെ ഗവേഷണ വിഭാഗത്തിൽ നിന്ന് 5 പേർ അടുത്തിടെ കുട്ടിയുടെ കയറും കൗതുക വസ്തുക്കളും കാണാൻ എത്തിയിരുന്നു. വയനാട് പോലെ അടയ്ക്ക ഉൽപാദനം കൂടുതലുള്ള സ്ഥലങ്ങളിൽ ഇതു വ്യാപിപ്പിച്ചാൽ വലിയ നേട്ടമുണ്ടാകുമെന്നാണു വിദഗ്ധർ പറയുന്നത്. ഗൗരിക്കുട്ടിയാണ് കുട്ടിയുടെ ഭാര്യ. സതീശൻ, തുളസീധരൻ, സരള, പത്മിനി എന്നിവർ മക്കളാണ്.