തുറവൂർ –അരൂർ ഉയരപ്പാത നിർമാണം; പാലങ്ങൾക്ക് സമാന്തരമായി താൽക്കാലിക ഇരുമ്പ് പാലം വരുന്നു

Mail This Article
അരൂർ∙ തുറവൂർ –അരൂർ ഉയരപ്പാത നിർമാണത്തിന്റെ ഭാഗമായി കുത്തിയതോട്, ചന്തിരൂർ എന്നിവിടങ്ങളിൽ പാലങ്ങളോട് ചേർന്ന് പൈലിങ് ജോലി തുടങ്ങുന്നു. ഇതിന്റെ ഭാഗമായി ഗതാഗത കുരുക്കൊഴിവാക്കാൻ കുത്തിയതോട്, ചന്തിരൂർ എന്നിവിടങ്ങളിലെ പാലത്തിന് സമീപം താൽക്കാലികമായി ഇരുമ്പ് നിർമിത സമാന്തര പാലം നിർമിക്കും. അരൂർ-തുറവൂർ 12.75 കിലോമീറ്റർ പാതയിൽ കുത്തിയതോട്,വചന്തിരൂർ എന്നിവിടങ്ങളിലാണ് 4 പാലങ്ങൾ സ്ഥിതിചെയ്യുന്നത്.
ഈ ഭാഗങ്ങളിൽ പൈലിങ് തുടങ്ങാനുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തിയായി. പൈലിങ് തുടങ്ങുമ്പോൾ പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെടും. ഇതൊഴിവാക്കുന്നതിനാണ് പൊതുമരാമത്ത് വകുപ്പ്, ഇറിഗേഷൻ വകുപ്പ് എന്നിവരുടെ അനുമതിയോടെ വേമ്പനാട് കായിലിന്റെ കൈവഴിയായ തഴുപ്പ് കായലുമായി ബന്ധപ്പെട്ട് കിടക്കുന്ന കുത്തിയതോട് തോടിന് കുറുകെയും വേമ്പനാട് കായലുമായി ബന്ധമുള്ള ചന്തിരൂർ പുത്തൻ തോടിന് കുറുകെയും ഇരുമ്പ് നിർമിത പാലങ്ങൾ സ്ഥാപിക്കുന്നത്.
ചന്തിരൂരിൽ താൽക്കാലിക പാലം നിർമാണം പൂർത്തിയായി. ഇതുമായി ബന്ധപ്പെട്ട സമീപന പാതയുടെ നിർമാണം ധൃതഗതിയിൽ നടക്കുകയാണ്. സമീപന പാത പൂർത്തിയായി കഴിഞ്ഞാൽ താൽക്കാലിക പാലത്തിലൂടെ വാഹനങ്ങൾ വഴിതിരിച്ചു വിടും. എന്നാൽ വലിയ വാഹനങ്ങൾ ചന്തിരൂർ പഴയപാലം റോഡിലൂടെ തിരിച്ചുവിടാനാണ് തീരുമാനം, കുത്തിയതോട് നിർമിക്കുന്ന ഇരുമ്പ് പാലവും പാതയും കുത്തിയതോട് പൊലീസ് സ്റ്റേഷന് സമീപത്ത് കൂടിയാകും ഒരുക്കുന്നത്. ഇവിടെയും കുത്തിയതോട് പഴയപാലം റോഡിലൂടെ വലിയ വാഹനങ്ങൾ തിരിച്ചുവിടാനാണ് നീക്കം. എന്നാൽ ഇരു സ്ഥലങ്ങളിലും ഗതാഗത കുരുക്ക് രൂക്ഷമാകാൻ സാധ്യതയുണ്ട്.