അമ്മയുടെ ഗാനത്തിന് മകളുടെ ശബ്ദം; റെക്കോർഡിങ് ഓസ്ട്രേലിയയിൽ
![alappuzha-ente-malayalam-musical-album-release എന്റെ മലയാളം ആൽബത്തിന്റെ പ്രകാശനം ചലച്ചിത്ര ഗാനരചയിതാവ് ദേവദാസ്, സംഗീതസംവിധായകൻ വി.എ. സജിത്തിനു നൽകി നിർവഹിക്കുന്നു.](https://img-mm.manoramaonline.com/content/dam/mm/mo/district-news/alappuzha/images/2024/2/21/alappuzha-ente-malayalam-musical-album-release.jpg?w=1120&h=583)
Mail This Article
ചെങ്ങന്നൂർ ∙ ‘‘കന്നിപ്പൂമാനം കണ്ണും നട്ട് ഞാൻ നോക്കിയിരിക്കെ ’’ മലയാളി ഏറ്റുപാടിയ ആ ഹിറ്റ് ഗാനത്തിന്റെ പാട്ടുകാരി ജെൻസി ഗാനരചയിതാവായി. ഗാനം പ്രകാശനം ചെയ്തത് നാലുപതിറ്റാണ്ടു മുൻപു ‘കന്നിപ്പൂമാനം’ എഴുതിയ ദേവദാസും, അമ്മ എഴുതിയ ഗാനത്തിനു ശബ്ദമാകുന്നതു മകൾ നുബിയ. അപൂർവതയുടെ ശ്രുതി ചേർത്ത് ജെൻസിയുടെ ഗാനം മാതൃഭാഷാദിനമായ ഇന്നു പുറത്തിറങ്ങും.
വർഷങ്ങൾക്കിപ്പുറം ഗായികയ്ക്കും ഗാനരചയിതാവിനും തമ്മിൽ കൂടിക്കാഴ്ചയ്ക്കു നിമിത്തമായത് സംഗീത സംവിധായകൻ ചെന്നിത്തല കാരാഴ്മ വരിക്കോലിൽ വി.എ.സജിത്ത്. ചെങ്ങന്നൂർ സബ് ട്രഷറി ജൂനിയർ അക്കൗണ്ടന്റ് കൂടിയായ സജിത്ത് സംഗീതവും ഓർക്കസ്ട്രേഷനും നിർവഹിച്ച മലയാള ഭാഷയെക്കുറിച്ചുള്ള, ‘അമ്മിഞ്ഞപ്പാലിന്റെ മധുരം കിനിയുന്ന മാതൃത്വമാണെന്റെ മലയാളം’ എന്നു തുടങ്ങുന്ന ഗാനമാണു ദേവദാസ് കഴിഞ്ഞ ദിവസം ചിങ്ങോലിയിലെ വീട്ടിൽ പ്രകാശനം ചെയ്തത്. തമിഴിൽ ഇളയരാജയുടെ സംഗീതത്തിലും ഗാനങ്ങൾ ആലപിച്ച ജെൻസി പിന്നീട് സംഗീതാധ്യാപനം പ്രഫഷനായി സ്വീകരിച്ചു. കൊച്ചി വടുതലയിലാണു താമസം.
റെക്കോർഡിങ് ഓസ്ട്രേലിയയിൽ
ഓസ്ട്രേലിയയിൽ താമസിക്കുന്ന നുബിയ ലിജോ പാടിയ ഗാനത്തിന് ഓർക്കസ്ട്ര റെക്കോർഡ് ചെയ്തത് ചെന്നൈയിലും മിക്സിങ് പൂർത്തിയാക്കിയതു കൊച്ചിയിലുമാണ്. ഓസ്ട്രേലിയയിലെ സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്തതും അവിടത്തെ ദൃശ്യങ്ങൾ പകർത്തിയതും നുബിയയുടെ ഭർത്താവ് ലിജോ തോമസ്.