ADVERTISEMENT

ആലപ്പുഴ∙ നെഹ്റു ട്രോഫി വള്ളംകളി മത്സരത്തിന്റെ തീയതി പ്രഖ്യാപിച്ചതോടെ ജില്ലയിലെ ജലോത്സവ മേഖല വീണ്ടും ഉണർന്നു. വള്ളംകളിയിൽ പങ്കെടുക്കാനുള്ള ചർച്ചകളും പരിശീലനത്തിനുള്ള തയാറെടുപ്പുകളും തുടങ്ങി. അതേസമയം ചാംപ്യൻസ് ബോട്ട് ലീഗ് (സിബിഎൽ) കൂടി നടത്തിയില്ലെങ്കിൽ വലിയ നഷ്ടമുണ്ടാകുമെന്നു ക്ലബ്ബുകൾ ചൂണ്ടിക്കാട്ടി. എങ്കിലും വള്ളംകളി മാറ്റിവച്ചതോടെ വള്ളപ്പുരയിലേക്കു കയറ്റിയ വള്ളങ്ങൾ വീണ്ടും ഒരുക്കിത്തുടങ്ങി.

നെഹ്റു ട്രോഫിയുടെ തീയതി പ്രഖ്യാപിച്ചതു സംബന്ധിച്ചു ജനപ്രതിനിധികൾ സമൂഹമാധ്യമ പോസ്റ്റുകൾ ഇറക്കേണ്ടതില്ലെന്നും വള്ളംകളിപ്രേമികളുടെ പ്രതിഷേധമാണു വിജയിച്ചതെന്നും പ്രചാരണം നടക്കുന്നുണ്ട്. സിബിഎൽ നടത്താനും സർക്കാരിൽ സമ്മർദം ചെലുത്തണമെന്നു വള്ളംകളിപ്രേമികളും ക്ലബ്ബുകളും ചർച്ച ചെയ്യുന്നുണ്ട്. സിബിഎലിൽ യോഗ്യത നേടുന്ന വള്ളങ്ങൾക്കു നെഹ്റു ട്രോഫി ഒഴികെയുള്ള മത്സരങ്ങളിൽ നിന്നായി കുറഞ്ഞത് 48 ലക്ഷം രൂപ ലഭിക്കും. ഓരോ മത്സരത്തിലെയും വിജയികൾക്ക് 5 ലക്ഷം രൂപ വീതവും ലഭിക്കും. ഈ തുക കൂടി കണക്കിലെടുത്താണു നെഹ്റു ട്രോഫിക്കായി ക്ലബ്ബുകൾ  പരിശീലനം നടത്തുന്നത്. സിബിഎൽ ഇല്ലെങ്കിൽ ക്ലബ്ബുകൾക്കു ഭാരിച്ച നഷ്ടമുണ്ടാകും. നെഹ്റു ട്രോഫി വള്ളംകളിക്കായി പരിശീലനം നടത്താനുള്ള സാധ്യതയും കുറയും.

സബ്കമ്മിറ്റികൾ ഇന്ന് ചേരും
ഇന്നു വൈകിട്ട്  കലക്ടർ അലക്സ് വർഗീസിന്റെ അധ്യക്ഷതയിൽ വിവിധ സബ്കമ്മിറ്റികൾ ചേരും. വള്ളംകളിയുടെ ബജറ്റ് പുതുക്കുന്നത് ഉൾപ്പെടെയുള്ളവ ചർച്ച ചെയ്തേക്കും. നേരത്തെ കണക്കുകൂട്ടിയിരുന്നതിനെക്കാൾ ഒരു കോടിയോളം രൂപ അധികമായി കണ്ടെത്തേണ്ടി വരുമെന്നാണു കണക്കുകൂട്ടൽ. അടിസ്ഥാനസൗകര്യം ഒരുക്കുന്നതിന് 50 ലക്ഷം രൂപയാണു വകയിരുത്തിയിരുന്നത്. എന്നാൽ താൽക്കാലിക പവിലിയനും ട്രാക്ക് അടയാളപ്പെടുത്തിയുള്ള കുറ്റികളും നേരത്തെ ഉറപ്പിച്ചിരുന്നു. ഇവയ്ക്കു കേടുപാടും പറ്റി. ഈയിനത്തിൽ കരാറുകാർക്കുണ്ടായ നഷ്ടം നികത്താൻ മാത്രം 20 ലക്ഷത്തോളം രൂപ വേണ്ടിവരും.

നെഹ്റു ട്രോഫി വള്ളംകളിക്കു സിബിഎൽ സംഘാടകർ നൽകിയിരുന്ന 50 ലക്ഷത്തോളം രൂപയും ഇത്തവണ ലഭിച്ചേക്കില്ല. ഒരു കോടി രൂപയുടെ ടിക്കറ്റ് വിൽപനയാണു നേരത്തെ പ്രതീക്ഷിച്ചിരുന്നതെങ്കിലും അതിലും കുറവു വരുമെന്നാണു വിലയിരുത്തൽ. ഇവ പരിഹരിക്കുന്നതിനാണ് ഒരു കോടി രൂപ ആവശ്യമായി വരുന്നത്. സിബിഎലിൽ നിന്നു ലഭിക്കേണ്ട 50 ലക്ഷത്തോളം രൂപ അനുവദിക്കാൻ ടൂറിസം മന്ത്രിയോട് ആവശ്യപ്പെടുമെന്നാണു ജില്ലയിലെ മന്ത്രിമാർ കഴിഞ്ഞ ദിവസത്തിലെ യോഗത്തിൽ പറഞ്ഞത്.

സിബിഎൽ ഉപേക്ഷിച്ചെന്ന് മറുപടി
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ചാംപ്യൻസ് ബോട്ട് ലീഗ് മത്സരം ഉപേക്ഷിച്ചെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചിട്ടുണ്ടെന്നു ബോട്ട് ക്ലബ്ബുകൾക്കു ടൂറിസം വകുപ്പിന്റെ മറുപടി. സിബിഎൽ നടത്തിപ്പുമായി ബന്ധപ്പെട്ട് ബോട്ട് ക്ലബ്ബുകൾ സമർപ്പിച്ച നിവേദനത്തിനാണു കഴിഞ്ഞ ദിവസം മറുപടി ലഭിച്ചത്. ബോട്ട് ക്ലബ്ബുകൾ സമർപ്പിച്ച നിവേദനത്തിലെ നിർദേശങ്ങൾ വരും വർഷങ്ങളിൽ പരിഗണിക്കാമെന്നും സിബിഎൽ കമ്പനിയുടെ ബോർഡ് യോഗത്തിന്റെ കൂടി തീരുമാനമനുസരിച്ചു നടപ്പാക്കുമെന്നും വിനോദ സഞ്ചാര വകുപ്പ് ഡയറക്ടർ നൽകിയ മറുപടിയിലുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com