ജലനിരപ്പ് വീണ്ടും ഉയർന്നു; ആശങ്കയോടെ കുട്ടനാട്
Mail This Article
കുട്ടനാട്∙ ജലനിരപ്പ് വീണ്ടും ഉയർന്നതോടെ ആശങ്കയൊഴിയാതെ കുട്ടനാട്. കാവാലം, നെടുമുടി മേഖലയിൽ ജലനിരപ്പ് അപകട നിലയ്ക്കു മുകളിലെത്തി. ജലസേചന വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കാവാലത്ത് 6 സെന്റി മീറ്ററും നെടുമുടിയിൽ 2 സെന്റി മീറ്ററും അപകട നിലയ്ക്കു മുകളിലാണു ജലനിരപ്പ്.ജലനിരപ്പ് ഉയർന്നതു കർഷകരെയാണു കൂടുതൽ ദുരിതത്തിലാക്കിയിരിക്കുന്നത്. കുട്ടനാട്ടിലെ ഒട്ടുമിക്ക പാടശേഖരങ്ങളും പുഞ്ചക്കൃഷിയുടെ ഒരുക്കത്തിലാണ്. ഒപ്പം രണ്ടാംകൃഷി ഇറക്കിയ പാടശേഖരങ്ങളിൽ വിളവെടുപ്പും പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. പുറംബണ്ടുകൾ കവിഞ്ഞും ഉറവയായും കൃഷിയിടത്തിലേക്കു വെള്ളം കയറുന്നതാണു കർഷകരെ ആശങ്കയിലാക്കുന്നത്.
പുഞ്ചക്കൃഷിയുടെ ഒരുക്കത്തിനായി കള കിളിർപ്പിച്ചു വരമ്പ് മുക്കി വെള്ളം കയറ്റി ഇട്ടിരിക്കുകയാണു പാടശേഖരങ്ങളിൽ പലതും. ഈ പാടശേഖരത്തിലേക്കു വെള്ളം കവിഞ്ഞു കയറാൻ തുടങ്ങിയതു പുഞ്ചക്കൃഷി വൈകാനിടയാക്കും. ജലനിരപ്പ് ഉയർന്നു നിൽക്കുന്നതിനാൽ പമ്പിങ്ങും നടത്താൻ കർഷകർ ഭയപ്പെടുകയാണ്. ജലനിരപ്പ് ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ പമ്പിങ് നടത്തിയാൽ മോട്ടറിന്റെ പെട്ടി തള്ളിപ്പോയി മട വീഴാനുള്ള സാധ്യതയുള്ളതാണ് കർഷകരെ ഭയപ്പെടുത്തുന്നത്. കിഴക്കൻ വെള്ളത്തിന്റെ വരവിന് ഒപ്പം ശക്തമായ വേലിയേറ്റം ഉണ്ടായതും ജലനിരപ്പ് ഉയരാൻ കാരണമായത്.
ജലസേചന വകുപ്പ് ഇന്നലെ രേഖപ്പെടുത്തിയ ജലനിരപ്പും അപകടനിലയും
കാവാലം : 1.46 മീറ്റർ (1.40 മീറ്റർ)
നെടുമുടി : 1.47 മീറ്റർ (1.45 മീറ്റർ)
മങ്കൊമ്പ് : 1. 29 മീറ്റർ (1.35 മീറ്റർ)
ചമ്പക്കുളം : 1.49 മീറ്റർ (1.60 മീറ്റർ)
പള്ളാത്തുരുത്തി : 1.32 മീറ്റർ (1.40 മീറ്റർ)