ബീച്ചിലെ കാറ്റാടി പാർക്ക് ഇനി ഹരിത വിനോദ സഞ്ചാര കേന്ദ്രം

Mail This Article
ആലപ്പുഴ ∙ ബീച്ചിലെ കാറ്റാടി പാർക്ക് ഹരിത വിനോദ സഞ്ചാര കേന്ദ്രമായി നഗരസഭ പ്രഖ്യാപിച്ചു. മാലിന്യമുക്ത നവകേരളം ക്യാംപെയ്നിന്റെ ഭാഗമായി ഇവിടെ ഹരിത ചട്ടം നടപ്പാക്കിയതോടെ ഇനി പാർക്കിൽ പ്രകൃതി സൗഹൃദ ഉൽപന്നങ്ങൾ മാത്രമേ അനുവദിക്കൂ. മാലിന്യത്തിന്റെ അളവ് കുറയ്ക്കാനാണ് നടപടി. ഇവിടെയെത്തുന്നവർക്ക് മാലിന്യം തരംതിരിച്ച് നിക്ഷേപിക്കാനായി ബിന്നുകൾ സ്ഥാപിച്ചു.
മാലിന്യം ഉറവിടത്തിൽ സംസ്കരിക്കാനുള്ള ക്രമീകരണങ്ങൾ കാറ്റാടി പാർക്കിൽ നടപ്പാക്കുമെന്ന് ഉദ്ഘാടനം നിർവഹിച്ച നഗരസഭാധ്യക്ഷ കെ.കെ.ജയമ്മ പറഞ്ഞു. കൃത്യമായി ആരോഗ്യ വിഭാഗത്തിന്റെ പരിശോധന ഉണ്ടായിരിക്കും. നിരീക്ഷണ ക്യാമറകളും സ്ഥാപിക്കുമെന്നും ജയമ്മ പറഞ്ഞു. ആരോഗ്യ സ്ഥിര സമിതി അധ്യക്ഷ എ.എസ്.കവിത അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ എൽജിൻ റിച്ചാർഡ്, പ്രഭ ശശികുമാർ, ഹെൽത്ത് ഓഫിസർ കെ.പി.വർഗീസ്, നോഡൽ ഓഫിസർ സി.ജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.