വർക്‌ഷോപ്പിന്റെ മറവിൽ ലഹരിക്കടത്തിന് സാമ്പത്തികസഹായം; രണ്ടു പേർ അറസ്റ്റിൽ

Mail This Article
ആലപ്പുഴ∙ വർക്‌ഷോപ്പിന്റെ മറവിൽ ലഹരിക്കടത്തിനു ഗൂഢാലോചനയും സാമ്പത്തിക സഹായവും നൽകിയ മുഖ്യപ്രതികൾ അറസ്റ്റിൽ. വള്ളികുന്നം വളയങ്ങനാട്ട് വീട്ടിൽ ജിതിൻ വിമൽ (26), ചൂനാട് ഗൗരി ഭവനം വീട്ടിൽ പി.എസ്.സുനിൽ (31) എന്നിവരാണ് അറസ്റ്റിലായത്. കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ കടത്തുന്നവരെ എക്സൈസും പൊലീസും പിടികൂടാറുണ്ടെങ്കിലും ലഹരിക്കടത്തിനു സാമ്പത്തിക സഹായം നൽകുന്നവരെ പിടികൂടുന്നത് അപൂർവമാണ്.
മറ്റു സംസ്ഥാനങ്ങളിൽ നിന്നു കഞ്ചാവ് എത്തിച്ച് ജില്ലയ്ക്കും പുറത്തും വിൽക്കുന്നവരിൽ പ്രധാനികളാണ് ഇവരെന്ന് എക്സൈസ് പറഞ്ഞു. 2024 ഓഗസ്റ്റ് രണ്ടിന് ആലപ്പുഴ കൊമ്മാടിക്കു സമീപത്തു കാറിൽ കടത്തവേ 18.100 കിലോഗ്രാം കഞ്ചാവുമായി എൻ.അലിഫ്ഷാ (23), മുഹമ്മദ് ബാദുഷ (23), അജിത്ത് പ്രകാശ് (24) എന്നിവരെ പിടികൂടിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണു ജിതിൻ വിമലും സുനിലും പിടിയിലായത്. യുവാക്കളെ കാരിയർമാരാക്കി ഒഡീഷയിൽ നിന്നു കഞ്ചാവ് കടത്തുകയാണ് ഇവർ ചെയ്തിരുന്നത്.
ഓഗസ്റ്റിൽ പിടിയിലായ മൂവർസംഘത്തിന് ഒഡീഷയിൽ നിന്നു കഞ്ചാവ് സംഘടിപ്പിച്ചു കൊടുത്തതു ജിതിൻ വിമലും കഞ്ചാവ് വാങ്ങുന്നതിനുള്ള പണം നൽകിയതു സുനിലുമാണ്. സുനിൽ ചൂനാട് ജംക്‌ഷനിൽ ഓട്ടമൊബീൽ വർക്‌ഷോപ് നടത്തുകയാണ്. ഈ വർക്‌ഷോപ്പിന്റെ പേരിൽ വാടകയ്ക്ക് എടുത്ത വാഹനങ്ങളിലാണു കഞ്ചാവ് കടത്തിയിരുന്നത്. മറ്റുള്ളവരുടെ പേരിലുള്ള അക്കൗണ്ടുകളും മൊബൈൽ സിം കാർഡുകളുമാണ് ഇവർ ഇടപാടുകൾക്ക് ഉപയോഗിച്ചിരുന്നത്. ചൂനാട് സ്വദേശിനിയുടെ എടിഎം കാർഡ് കൈക്കലാക്കി 3 ലക്ഷത്തിലേറെ രൂപയുടെ ബാങ്ക് ഇടപാടുകൾ നടത്തി.
ഇതുകൂടാതെ 5 പേരുടെ പേരിലുള്ള എടിഎം, സിം കാർഡുകളും ഇവരിൽ നിന്നു പിടികൂടി. ഇവയെല്ലാം ലഹരിമരുന്ന് ഇടപാടുകൾക്കാണ് ഉപയോഗിച്ചിരുന്നതെന്ന് അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ എസ്.അശോക് കുമാർ പറഞ്ഞു. എടിഎം, സിം കാർഡുകൾ കേന്ദ്രീകരിച്ചും പ്രതികളുടെ സാമ്പത്തിക സ്രോതസ്സ് സംബന്ധിച്ചും അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എക്സൈസ് ഇന്റലിജൻസ്, എക്സൈസ് സ്ക്വാഡ്, സൈബർ സെൽ എന്നിവ ചേർന്നുള്ള പരിശോധനയിലാണു പ്രതികളെ അറസ്റ്റ് ചെയ്തത്.