ദേശീയപാത നിർമാണം: മൂന്ന് അടിപ്പാതകൾക്ക് അനുമതി

Mail This Article
കായംകുളം∙ ദേശീയപാത നിലവിലുള്ള അലൈൻമെന്റിൽ മാറ്റം വരുത്തി എംഎസ്എം കോളജ് ജംക്‌ഷനും കമലാലയം ജംക്‌ഷനും മധ്യേ മൂന്ന് അടിപ്പാതകൾക്ക് അനുമതി നൽകി. ഷഹീദാർ പള്ളി ജംക്‌ഷൻ മുതൽ ചിറക്കടവം ടെക്സ്മോ ജംക്‌ഷൻ വരെ ഉയരപ്പാത എന്ന ആവശ്യവുമായി ജനകീയ സമര സമിതി ദീർഘകാല പ്രക്ഷോഭം നടത്തിയിരുന്നു. ഇതിന് അനുമതി നൽകാതെ നിർമാണ പ്രവർത്തനങ്ങൾക്ക് പൊലീസ് സഹായത്തോടെ തുടക്കമിട്ടതോടെയാണ് സമര സമിതി നേരിട്ടുള്ള പ്രക്ഷോഭത്തിൽ നിന്ന് പിൻമാറിയത്.
എന്നാൽ, ഉയരപ്പാത വേണമെന്ന അവരുടെ ആവശ്യം നിലനിൽക്കുന്നതിനിടെയാണ് വീതിയുള്ള ഒരു അടിപ്പാത കൂടി കെഎസ്ആർടിസി ജംക്‌ഷനിൽ അനുവദിച്ചതായി യു.പ്രതിഭ എംഎൽഎയുടെ സബ്മിഷന് മറുപടിയായി മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ അറിയിച്ചത്. ഓച്ചിറ മുതൽ രാമപുരം വരെ ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് എട്ട് അടിപ്പാതകളാണ് നിർമിക്കുന്നത്.
ഓച്ചിറ(വീതി 22.9 മീറ്റർ, ഉയരം5.5 മീറ്റർ) കൃഷ്ണപുരം (വീതി 7 മീറ്റർ, ഉയരം 4 മീറ്റർ), കുന്നത്താലുംമൂട് ജംക്‌ഷൻ (വീതി 7 മീറ്റർ, ഉയരം 4 മീറ്റർ), ജിഡിഎം ജംക്‌ഷൻ (വീതി 22.9 മീറ്റർ, ഉയരം 5.5 മീറ്റർ), പുത്തൻ റോഡ് ജംക്‌ഷൻ (വീതി 13.8 മീറ്റർ, ഉയരം 4 മീറ്റർ), രാമപുരം ഹൈസ്കൂൾ ജംക്‌ഷൻ( വീതി 8.5 മീറ്റർ, ഉയരം 4 മീറ്റർ), പുതിയതായി കെഎസ്ആർടിസി ജംക്‌ഷനിൽ (വീതി 22.9 മീറ്റർ, ഉയരം 5.5 മീറ്റർ), എംഎസ്എം കോളജ് ജംക്‌ഷൻ (വീതി 15 മീറ്റർ, ഉയരം 4.5 മീറ്റർ) എന്നിങ്ങനെ വ്യത്യസ്ത തരത്തിലുള്ള അടിപ്പാതകളാണ് നിർമിക്കുന്നത്.
കോളജ് ജംക്‌ഷനിൽ 15 മീറ്റർ വീതിയിൽ അടിപ്പാത ലഭിച്ചതോടെ ജനങ്ങളുടെ പ്രതിഷേധം ശമിക്കുമെന്നാണ് ദേശീയപാത അതോറിറ്റിയുടെ വിലയിരുത്തൽ. കായലോര ടൂറിസം വികസനം, മൾട്ടിപ്ലക്സ് തിയേറ്റർ എന്നിവയുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുമെന്ന ആശങ്ക ഉയർന്നതോടെയാണ് കെഎസ്ആർടി ജംക്‌ഷനിൽ മീറ്ററുകളുടെ വ്യത്യാസത്തിൽ ഒരു അടിപ്പാത അനുവദിക്കാൻ അതോറിറ്റി തയാറായത്.ടിബി റോഡിൽ നിന്ന് ഇതോടെ നേരിട്ട് കായലോര ടൂറിസം കേന്ദ്രത്തിലേക്ക് പോകാനുള്ള സൗകര്യം ലഭിക്കും.