ദമ്പതികളുടെ പേരിലെടുത്ത വായ്പ തിരിച്ചടച്ചില്ല; യുവാവ് അറസ്റ്റിൽ

Mail This Article
പന്തളം ∙ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽനിന്നു വീട്ടമ്മയുടെയും ഭർത്താവിന്റെയും പേരിൽ വായ്പ എടുപ്പിച്ച ശേഷം തിരിച്ചടയ്ക്കാതെ വഞ്ചിച്ച കേസിൽ 2 പ്രതികൾ അറസ്റ്റിൽ. ആലപ്പുഴ വെണ്മണി കഞ്ഞിക്കുഴി കക്കട രാജേഷ് ഭവനിൽ രതീഷ് കുമാർ (41), ചങ്ങനാശേരി ശാന്തിപുരം ആര്യൻകാല പുതുപ്പറമ്പിൽ കറുകച്ചാൽ കണ്ണൻ എന്ന് വിളിക്കുന്ന ജെയ്ത്ത് (30) എന്നിവരാണ് അറസ്റ്റിലായത്. കൊട്ടാരക്കര ചക്കുവരക്കൽ സ്വദേശിയാണ് രതീഷ്. 2020 ജൂൺ 18 നാണ് സംഭവം. പന്തളം മങ്ങാരം സ്വദേശിനിയുടെയും ഭർത്താവിന്റെയും പേരിൽ തിരിച്ചടയ്ക്കാമെന്ന വ്യവസ്ഥയിൽ 38 തവണകളായി 2,98,129 രൂപ വായ്പ എടുപ്പിച്ച ഒന്നാം പ്രതി രതീഷ്, കാർ വാങ്ങിയ ശേഷം തുക തിരിച്ചടച്ചില്ലെന്നാണു കേസ്.
പൊലീസ് ഇൻസ്‌പെക്ടർ ടി.ഡി.പ്രജീഷിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. മൊബൈൽ ഫോൺ ഓഫ് ചെയ്തു വച്ച രതീഷ്, ഇടയ്ക്ക് ഓണാക്കിയപ്പോൾ കിട്ടിയ ടവർ ലൊക്കേഷൻ പിന്തുടർന്നാണ് അറസ്റ്റ് ചെയ്തത്. രതീഷ് തട്ടിപ്പിലൂടെ വാങ്ങിയ കാർ 80,000 രൂപയ്ക്ക് കണ്ണന് പണയം വച്ചു, ഇയാൾ പിന്നീട് മറിച്ചു വിറ്റു. കാർ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്. എസ്ഐമാരായ കെ.ബി.അജി, മനോജ് കുമാർ, ഉദ്യോഗസ്ഥരായ എസ്.അൻവർഷ, കെ.അമീഷ്, ജലജ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.