ചെങ്ങന്നൂർ കെഎസ്ആർടിസി ബസ് സ്റ്റേഷൻ രൂപരേഖയ്ക്ക് അംഗീകാരം; നിർമാണം ഉടൻ ആരംഭിക്കും

Mail This Article
ചെങ്ങന്നൂർ ∙ കെഎസ്ആർടിസി ബസ് സ്റ്റേഷന്റെ പഴയ കെട്ടിടവും അമിനിറ്റി സെന്ററും പൊളിച്ചുനീക്കി. 60 വർഷത്തോളം പഴക്കമുള്ള കെട്ടിടമാണു പൊളിച്ചു നീക്കിയത്. 11.5 കോടി രൂപ ചെലവിൽ 32,000 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമിക്കുന്ന പുതിയ കെട്ടിടസമുച്ചയത്തിന്റെ, പൊതുമരാമത്ത് കെട്ടിടവിഭാഗം തയാറാക്കിയ രൂപരേഖയ്ക്ക് ചീഫ് എൻജിനീയർ അംഗീകാരം നൽകിയതോടെ നിർമാണം ഉടൻ ആരംഭിക്കുമെന്നാണ് സൂചന.
പൊളിച്ചു നീക്കിയ കെട്ടിടത്തിന്റെ സ്ഥാനത്ത് ചീഫ് എൻജിനീയർ ഓഫിസിൽ നിന്നുള്ള പരിശോധനയ്ക്കു േശഷം താൽക്കാലികമായി സ്റ്റേഷൻ മാസ്റ്റർ ഓഫിസ്, കുറിയർ സർവീസ് റൂം, കാത്തിരിപ്പ് കേന്ദ്രം എന്നിവ നിർമിക്കും. നിലവിൽ ഗാരിജ് കം ഓഫിസ് കെട്ടിടത്തിലാണു സ്റ്റേഷൻ മാസ്റ്റർ, കൺട്രോളിങ് ഇൻസ്പെക്ടർ എന്നിവരുടെ ഓഫിസുകൾ പ്രവർത്തിക്കുന്നത്.

പുതുതായി നിർമിക്കുന്ന കെട്ടിടസമുച്ചയം നഗരത്തിന്റെ മുഖഛായ മാറ്റും. എംസി റോഡിന് അഭിമുഖമായി ഇരുനിലകളിൽ ഫ്രണ്ട് ബ്ലോക്കും ബഥേൽ ജംക്‌ഷൻ–റെയിൽവേ സ്റ്റേഷൻ റോഡരികിൽ നാലുനിലകളിൽ മെയിൻ ബ്ലോക്കും നിർമിക്കും. ഫ്രണ്ട് ബ്ലോക്കിന്റെ മേൽക്കൂര നിർമാണം സിംഗപ്പൂർ മാതൃകയിലാണ്.

കുറഞ്ഞ തുക നൽകി ഉപയോഗിക്കാവുന്ന ഡോർമിറ്ററികൾ മെയിൻ ബ്ലോക്കിൽ ഉണ്ടാകും. പ്രധാന ഓഫിസ്, ജീവനക്കാരുടെ വിശ്രമമുറികൾ ,ശുചിമുറികൾ എന്നിവയും പ്രവർത്തിക്കും. ഏറ്റവും താഴത്തെ നില കടമുറികൾക്കായി മാറ്റി വയ്ക്കും. നിലവിലെ ബസ് സ്റ്റേഷനു സമാന്തരമായാകും രണ്ടാം നില നിർമിക്കുന്നത്. ഈ കെട്ടിടത്തിൽ രണ്ടു ലിഫ്റ്റുകളും സ്റ്റെയറുകളും ഉണ്ടാകും. കൂടാതെ ഫ്രണ്ട് ബ്ലോക്കിലെ ഇരുവശങ്ങളിലും ബസുകൾക്ക് പാർക്ക് ചെയ്യാം.
സ്റ്റാൻഡിനുള്ളിൽ അധിക സമയം ചെലവിടാത്ത ബസുകൾക്ക് ഇവിടെ പാർക്കിങ് അനുവദിക്കും.എം സി റോഡിനോടു ചേർന്നുള്ള ഭാഗത്തും കെട്ടിടത്തിന്റെ പിന്നിലും ബസ് പാർക്കിങ് സജ്ജീകരിക്കും. ഈ കെട്ടിടത്തിലും ലിഫ്റ്റ് ഉണ്ടാകും. ഇരു ബ്ലോക്കുകളെയും തമമ്മിൽ ബന്ധിപ്പിക്കുവാൻ നാലു മീറ്റർ വീതിയിൽ തുരങ്ക പാതയും ( സബ് വേ ) നിർമിക്കും. ഈ പാതയുടെ ഇരുവശങ്ങളിലും ചെറിയ കടമുറികൾ ഉണ്ടാകും. നിലവിൽ ഗാരിജ് ഉൾക്കൊള്ളുന്ന കെട്ടിടം നിലനിർത്തും.