ആലപ്പുഴ റെയിൽവേ സ്റ്റേഷൻ നവീകരണം; വലഞ്ഞ് യാത്രികർ

Mail This Article
ആലപ്പുഴ∙ റെയിൽവേ സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായി ബസുകൾ സ്റ്റേഷനിലേക്കുള്ള റോഡിൽ പ്രവേശിക്കാത്തത് യാത്രികരെ വലയ്ക്കുന്നു. ചുട്ടുപൊള്ളുന്ന വെയിലും പൊടിയും സഹിച്ച് ബീച്ച് റോഡ് മുതൽ സ്റ്റേഷൻ വരെ നടക്കേണ്ട ഗതികേടിലാണ് യാത്രികർ. ബീച്ച് റോഡിലെ ലവൽ ക്രോസിനു സമീപം വരെമാത്രമാണ് ബസ് എത്തുകയുള്ളൂ. സ്റ്റേഷന്റെ മുന്നിൽ നിർമാണം നടക്കുന്നതിനാൽ ബസുകൾക്ക് അവിടേക്കു പ്രവേശനമില്ല. പ്രവേശന കവാടത്തിന്റെ തൂണുകളുടെ കോൺക്രീറ്റിങ് ജോലികളുടെ ഭാഗമായി അടച്ചിട്ടിരുന്ന റോഡ് ഭാഗികമായി തുറന്നു നൽകിയെങ്കിലും ചെറിയ വാഹനങ്ങൾക്കു മാത്രമേ പ്രവേശനമുള്ളൂ.

സ്റ്റേഷനിൽ പാർക്കിങ് സൗകര്യങ്ങളും പരിമിതമാണ്. റെയിൽവേ സ്റ്റേഷൻ റോഡിൽ നടപ്പാതയുടെ നിർമാണം പുരോഗമിക്കുന്നത് കാരണം യാത്രികർ പാളം കുറുകെ കടന്നുമാണു പ്ലാറ്റ്ഫോമിലേക്ക് എത്തുന്നത്.രാവിലെയുള്ള പാസഞ്ചർ ട്രെയിനുകളിൽ എത്തുന്നവർ ബീച്ച് റോഡിലേക്ക് നടന്ന് എത്തുമ്പോഴേക്കും ബസുകൾ കടന്നു പോകും. വൈകിട്ട് 7 മണിക്ക് ശേഷം സ്റ്റേഷനിൽ നിന്ന് ബസുകളും ലഭ്യമല്ല. കുട്ടനാട് ഭാഗത്തേക്കുള്ള യാത്രികർ പലപ്പോഴും രണ്ടു ബസുകൾ മാറിക്കയറിയും ഓട്ടോയിലുമാണ് സ്റ്റേഷനിൽ നിന്നു കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ എത്തുന്നത്.
ഏപ്രിലിൽ പൂർത്തിയാകുമെന്ന് അറിയിച്ചിരുന്ന നിർമാണം നിലവിൽ ഭാഗികമാണ്. നിർമാണം എന്ന് പൂർത്തീകരിക്കും എന്നതിനെ പറ്റി അന്തിമതീരുമാനം ആയിട്ടില്ലെന്നു റെയിൽവേ അധികൃതർ പറഞ്ഞു. വേനൽ ചൂടേറുന്ന സാഹചര്യത്തിൽ നിർമാണം വൈകുന്നതു യാത്രികർക്ക് ഇരട്ടി ദുരിതമാകും. കാലവർഷം ആരംഭിക്കുന്നതിനു മുൻപ് നിർമാണം പൂർത്തിയാക്കണമെന്നാണ് യാത്രികരുടെ ആവശ്യം. അമൃത് ഭാരത് പദ്ധതിയിൽ 6 കോടി രൂപ ചെലവഴിച്ചാണു റെയിൽവേ സ്റ്റേഷനിലെ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. നിർമാണം പൂർത്തിയാകുന്നതോടെ പ്രവേശന കവാടം, പോർട്ടിക്കോ, ബീച്ച് റോഡ് ലവൽക്രോസ് മുതൽ റെയിൽവേ സ്റ്റേഷൻ വരെയുള്ള റോഡ് നവീകരണം, നടപ്പാത, പാർക്കിങ് മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ സജ്ജമാകും.