കൊയ്ത്തുയന്ത്രവുമായി എത്തിയ ലോറി കത്തിനശിച്ചു

Mail This Article
ഹരിപ്പാട് ∙ വീയപുരം പാലത്തിനു താഴെ നിർത്തിയിട്ടിരുന്ന ലോറി കത്തിനശിച്ചു. ആളപായമില്ല. സേലത്തുനിന്ന് കൊയ്ത്ത് യന്ത്രവുമായി എത്തിയ ലോറിയാണ് ഇന്നലെ വൈകിട്ടു കത്തി നശിച്ചത്. കഴിഞ്ഞ ദിവസം മടയനാരി പാടശേഖരത്തിൽ കൊയ്ത്ത് യന്ത്രം ഇറക്കിയ ശേഷം പാലത്തിനടിയിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. ആറ്റിൽ കുളിക്കാൻ എത്തിയവർ ലോറിയുടെ മുൻഭാഗത്തു നിന്നു പുക ഉയരുന്നതു കണ്ട് അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു.
ലോറിയിൽ ഉണ്ടായിരുന്ന 2 പാചകവാതക സിലിണ്ടറുകളിൽ ഒന്ന് പൊട്ടിത്തെറിച്ചതോടെ തീ ആളിക്കത്തി. ഹരിപ്പാട്ടുനിന്ന് 2 യൂണിറ്റ് അഗ്നിരക്ഷാസേന എത്തിയാണു തീ അണച്ചത്. അപ്പോഴേക്കും ലോറി പൂർണമായി കത്തി നശിച്ചിരുന്നു. ലോറിയിലുണ്ടായിരുന്നവർ പുറത്തുപോയ സമയം ആയിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ഷോർട്ട് സർക്യൂട്ടാണ് തീ പിടിക്കാൻ കാരണമെന്നാണ് അഗ്നിരക്ഷാസേനയുടെ പ്രാഥമികനിഗമനം.
ഹരിപ്പാട് അഗ്നിരക്ഷാ നിലയത്തിലെ അസി. സ്റ്റേഷൻ ഓഫിസർ മുഹമ്മദ് താഹ, സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ കെ. കൃഷ്ണകുമാർ, ഫയർ ഓഫിസർമാരായ എം.എൽ.ആദർശ് നാഥ്, എസ്.പി.അനീഷ്, വിനേഷ് കലാധരൻ, ആർ.രാജേഷ്, ആർ.ശ്യാംലാൽ എന്നിവരുടെ നേതൃത്വത്തിലാണ് തീ അണച്ചത്.