പരീക്ഷാച്ചൂട് ഒഴിയുന്നു; സ്കൂൾ പരിസരങ്ങളിൽ പരിശോധന

Mail This Article
ആലപ്പുഴ∙ പരീക്ഷാച്ചൂട് കടന്ന് ഇനി ആശ്വാസത്തിന്റെ വേനൽക്കാലം. പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകൾ ഇന്നലെയോടെ സമാപിച്ചു. 9 വരെയുള്ള ക്ലാസുകളിലെ പരീക്ഷകൾ ഇന്നു പൂർത്തിയാകും. പ്ലസ്‌വണിന് ഇന്നും 29നും കൂടി പരീക്ഷയുണ്ട്. ഏപ്രിൽ മൂന്നു മുതലാണു മൂല്യനിർണയ ക്യാംപുകൾ ക്രമീകരിച്ചിട്ടുള്ളത്. സ്കൂളിലെ അവസാന ദിവസം ലഹരി ഉപയോഗവും അക്രമവുമുണ്ടാകാൻ സാധ്യതയുള്ളതിനാൽ ഇന്നലെ സ്കൂൾ പരിസരങ്ങളിൽ പൊലീസിന്റെയും എക്സൈസിന്റെയും പരിശോധനയുണ്ടായിരുന്നു.
ജില്ലയിലെ ഭൂരിഭാഗം സ്കൂളുകളുടെ മുന്നിലും പൊലീസുകാർ നിലയുറപ്പിച്ചു. ഇതോടെ പരീക്ഷ കഴിഞ്ഞു വിദ്യാർഥികൾ വേഗം വീട്ടിലെത്തുകയും ചെയ്തു. സ്കൂളുകളിൽ ആഘോഷ പരിപാടികൾ സംഘടിപ്പിക്കരുതെന്നും പരീക്ഷ കഴിഞ്ഞാൽ വിദ്യാർഥികൾ വീട്ടിൽ പോകണമെന്നും വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശവുമുണ്ടായിരുന്നതിനാൽ വിദ്യാർഥികളെ സ്കൂൾ വളപ്പിൽ തുടരാൻ അധ്യാപകരും അനുവദിച്ചില്ല. പലയിടത്തും പിടിഎ അംഗങ്ങളും സ്കൂളിലെത്തി വിദ്യാർഥികളെ വേഗം യാത്രയാക്കി. ഏപ്രിൽ 3 മുതൽ 11 വരെയും 21 മുതൽ 26 വരെയും രണ്ടു ഘട്ടങ്ങളിലായാണ് എസ്എസ്എൽസി ഉത്തരക്കടലാസ് മൂല്യനിർണയ ക്യാംപുകൾ നടത്തുക. ഹയർ സെക്കൻഡറി മൂല്യനിർണയം ഏപ്രിൽ 3 മുതലാണ്.
എട്ടാം ക്ലാസുകാർക്ക് വീണ്ടും പരീക്ഷ
വാർഷിക പരീക്ഷയിൽ വിജയിക്കാത്ത എട്ടാം ക്ലാസ് വിദ്യാർഥികൾക്കായി ഏപ്രിൽ അവസാനത്തോടെ വീണ്ടും പരീക്ഷ നടത്തും. എല്ലാവരെയും പരീക്ഷ ജയിപ്പിച്ച് അടുത്ത ക്ലാസിലേക്കു വിടുന്നതിനു പകരം മൂല്യനിർണയം കർശനമാക്കുന്നതിന്റെ ഭാഗമായാണിത്. ഇപ്പോൾ നടത്തിയ വാർഷിക പരീക്ഷയിൽ തോൽക്കുന്നവരെ, പഠനത്തിലെ പോരായ്മകൾ മറികടന്നു പരീക്ഷ വീണ്ടുമെഴുതി വിജയിക്കാനാണ് അവസരം നൽകുന്നത്. പാഠഭാഗങ്ങൾ പഠിച്ചു വീണ്ടും പരീക്ഷയെഴുതാൻ അധ്യാപകരുടെ സഹായവുമുണ്ടാകും.