ADVERTISEMENT

ബെംഗളൂരു∙  നായന്തഹള്ളിക്ക് സമീപം വീരഭദ്ര നഗറിൽ സ്വകാര്യ ബസ് ബോഡി നിർമാണ യൂണിറ്റിൽ നിർത്തിയിട്ട 18 ബസുകൾ കത്തിനശിച്ചു. ആളപായമില്ല. നൈസ് റോഡിനോട് ചേർന്നുള്ള എസ്‌വി കോച്ച് യൂണിറ്റിൽ ഇന്നലെ രാവിലെ 11നാണ് ബസിൽ നിന്ന് പുക ഉയർന്നത്. 

നിമിഷ നേരം കൊണ്ട് സമീപത്ത് നിർത്തിയിട്ടിരുന്ന മറ്റു ബസുകളിലേക്കും പടരുകയായിരുന്നു. ഡീസൽ ടാങ്ക് ഉൾപ്പെടെ പൊട്ടിത്തെറിച്ചത് തീപിടിത്തത്തിന്റെ ആഘാതം കൂട്ടി. തീയും ടയർ കത്തിയുള്ള കറുത്ത പുകയും പ്രദേശമാകെ വ്യാപിച്ചതോടെ അഗ്നി‌രക്ഷാസേനയ്ക്കും ആദ്യം പ്രദേശത്തേക്ക് അടുക്കാൻ കഴിഞ്ഞില്ല. ജോലിക്കുണ്ടായിരുന്ന 42 ജീവനക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. 

ഇവർ താമസിച്ചിരുന്ന ഷെഡ്ഡുകൾ കത്തിനശിച്ചു. രാത്രി സർവീസുകൾക്ക് ശേഷവും അറ്റകുറ്റപ്പണിക്കായും നിർത്തിയിട്ട ദീർഘദൂര എസി, സ്ലീപ്പർ ബസുകളാണ് കത്തിയത്. 10 ബസുകൾ പൂർണമായി കത്തി. 28 ബസുകളാണ് അപകടസമയത്ത് ഉണ്ടായിരുന്നത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്ത കാരണമെന്നാണു പ്രാഥമിക സൂചന. 10 യൂണിറ്റ് അഗ്‌നിരക്ഷാ സേന 5 മണിക്കൂർ കൊണ്ട് തീ പൂർണമായി അണച്ചു. തീപിടിത്തം തടയാനുള്ള സുരക്ഷ സംവിധാനങ്ങൾ യൂണിറ്റിൽ  ഇല്ലായിരുന്നെന്ന് അഗ്‌നിരക്ഷാ സേന ഡപ്യൂട്ടി ഡയറക്ടർ സി.ഗുരുലിംഗയ്യ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com