ADVERTISEMENT

ബെംഗളൂരു ∙ ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ വൻകിട ഉപഭോക്താക്കൾക്കുള്ള ജല വിഹിതത്തിൽ 10 മുതൽ 10% നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ജല അതോറിറ്റി അറിയിച്ചു. പ്രതിദിനം 40 ലക്ഷം ലീറ്റർ മുതൽ 2 കോടി ലീറ്റർ വരെ ഉപയോഗിക്കുന്നവർക്കാണ് നിയന്ത്രണം. നേരത്തേ 2 കോടി ലീറ്ററിലധികം ജലം ഉപയോഗിക്കുന്നവർക്കുള്ള ജലവിഹിതത്തിൽ 20% കുറവ് വരുത്തിയിരുന്നു. വൻകിട ഉപഭോക്താക്കളുമായി അതോറിറ്റി ചെയർമാൻ വി. രാം പ്രസാദ് മനോഹർ നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് തീരുമാനം. പ്രതിദിനം ഒരു കോടി ലീറ്റർ ജലം ലാഭിക്കാൻ നടപടി സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ജല ഉപയോഗം കുറയ്ക്കാൻ വിവിധ നടപടികൾ സ്വീകരിക്കാൻ ഉപഭോക്താക്കൾക്കു അതോറിറ്റി നിർദേശം നൽകി. വാഹനം കഴുകുന്നതും ചെടി നനയ്ക്കുന്നതും ഉൾപ്പെടെയുള്ളവയ്ക്കു ശുദ്ധീകരണ പ്ലാന്റുകളിൽ നിന്നുള്ള വെള്ളം ഉപയോഗിക്കുക. കുഴൽക്കിണറുകൾ നിരീക്ഷിക്കാൻ സാങ്കേതികവിദ്യ ഉപയോഗിക്കുക, മഴവെള്ളക്കൊയ്ത്തിനായി നടപടികൾ സ്വീകരിക്കുക എന്നിവയാണിവ. അതിനിടെ, കെട്ടിടനിർമാണത്തിനു ശുദ്ധീകരണ പ്ലാന്റുകളിൽ നിന്നുള്ള ജലം നൽകിത്തുടങ്ങി. നഗരത്തിലെ പ്രധാനപ്പെട്ട 133 കെട്ടിട നിർമാണ കമ്പനികളുമായി ഇതു സംബന്ധിച്ച ധാരണയിലെത്തിയതായി അതോറിറ്റി അറിയിച്ചു.

വൊളന്റിയർമാർ 8,198 പേർ
ജലസംരക്ഷണത്തിന് ജലമിത്ര വൊളന്റിയർമാരാകാൻ ഇതുവരെ മുന്നോട്ടു വന്നത് 8,198 പേർ. മാർച്ച് 15നാണ് വൊളന്റിയർമാരാകാൻ ജല അതോറിറ്റി അപേക്ഷ ക്ഷണിച്ചത്. റസിഡന്റ്സ് അസോസിയേഷനിലെ പ്രവർത്തകരാണ് അപേക്ഷ നൽകിയതിൽ ഭൂരിഭാഗവും. ചുരുങ്ങിയ സമയം കൊണ്ട് ഇത്രയും പേർ ദൗത്യത്തിന്റെ ഭാഗമാകാൻ മുന്നോട്ടുവന്നത് ജലസംരക്ഷണ ആവശ്യകതയെക്കുറിച്ചുള്ള നഗരവാസികളുടെ തിരിച്ചറിവാണ് സൂചിപ്പിക്കുന്നതെന്ന് അതോറിറ്റി അറിയിച്ചു. 

പൈപ്പ് ലൈനുകൾ പൊട്ടി ജലം പാഴാകുന്നത്, കുടിക്കാനുള്ള ജലം മറ്റു ആവശ്യങ്ങൾക്കു ഉപയോഗിക്കുന്നത്, അനധികൃത വാട്ടർ കണക്‌ഷനുകൾ, നിയമവിരുദ്ധമായി കുഴൽക്കിണർ കുഴിക്കുന്നത് ഉൾപ്പെടെ കണ്ടെത്തി ജല അതോറിറ്റിയെ അറിയിക്കുകയാണ് വൊളന്റിയർമാരുടെ ദൗത്യം. ഒപ്പം ജലം പാഴാക്കുന്നതിനെതിരെ ബോധവൽക്കരണം നൽകാനും നിയോഗിക്കും. ഇതിനായുള്ള പരിശീലന പരിപാടി ഉടൻ ആരംഭിക്കും. 2000 ജീവനക്കാർ മാത്രമാണ് ജല അതോറിറ്റിക്കുള്ളത്. നഗരത്തിലെ 1.4 കോടി പേരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇതു മതിയാകാത്ത സാഹചര്യത്തിലാണ് വൊളന്റിയർമാരെ നിയോഗിക്കുന്നത്.

ടാങ്കർ ആക്രമിച്ച് പണം തട്ടി
വൈറ്റ്ഫീൽഡിൽ ശുദ്ധജല ടാങ്കർ ആക്രമിച്ച് 30,000 രൂപ തട്ടിയെടുത്തതായി പരാതി. കഴിഞ്ഞ ദിവസം വലേപുര ബസ് സ്റ്റോപ്പിനു സമീപമാണ് സംഭവം നടന്നത്. വിതരണം ചെയ്യുന്നതിനുള്ള വെള്ളവുമായി പോകുകയായിരുന്ന ടാങ്കർ തടഞ്ഞുനിർത്തിയ നാലംഗ സംഘം ഉടമയെ ആക്രമിക്കുകയായിരുന്നു. വൈറ്റ്ഫീൽ‍ഡ് നിവാസികളിലേറെയും ടാങ്കറുകളെയാണ് ആശ്രയിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com