ജയലളിതയുടെ സ്വത്ത് തമിഴ്നാടിന്; കൈമാറുന്നത് 27 കിലോ സ്വർണം, 11344 സാരി, 750 ജോടി ചെരിപ്പ്...

Mail This Article
ബെംഗളൂരു ∙ അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയിൽ നിന്ന് പിടിച്ചെടുത്ത സ്വത്ത് ബെംഗളൂരുവിലെ സിബിഐ പ്രത്യേക കോടതി തമിഴ്നാടിന് കൈമാറുന്നു. 27 കിലോ സ്വർണാഭരണങ്ങൾ, വജ്രങ്ങൾ, 11344 സാരി, 250 ഷാൾ, 750 ജോടി ചെരിപ്പ് എന്നിവ കൈമാറുന്ന 14,15 തീയതികളിൽ തമിഴ്നാട് സർക്കാരിന്റെ പ്രതിനിധികൾ കോടതിയിൽ ഹാജരാകണമെന്നും നിർദേശിച്ചു.
1996ൽ ചെന്നൈ പോയസ് ഗാർഡനിലെ വസതി റെയ്ഡ് ചെയ്താണ് ഇവ പിടിച്ചെടുത്തത്. സ്വത്തിൽ അവകാശമുണ്ടെന്ന ജയലളിതയുടെ സഹോദരന്റെ മക്കളായ ജെ.ദീപ, ജെ.ദീപക്ക് എന്നിവരുടെ വാദം കോടതി തള്ളിയിരുന്നു. അനധികൃത സ്വത്ത് കേസിന്റെ വിചാരണ ബെംഗളൂരുവിലെ പ്രത്യേക കോടതിയിലേക്കു മാറ്റിയതോടെയാണ് തമിഴ്നാട് പൊലീസ് പിടിച്ചെടുത്ത സ്വത്ത് കർണാടക സർക്കാരിന്റെ കസ്റ്റഡിയിലായത്.