4 റെയിൽവേ സ്റ്റേഷനുകളിൽ സൗകര്യം; ഇ–വണ്ടിക്കായി ഇനി കൂടുതൽ ബാറ്ററി സ്വാപ്പിങ് കേന്ദ്രങ്ങൾ

Mail This Article
ബെംഗളൂരു ∙ നഗരത്തിൽ മജസ്റ്റിക് ഉൾപ്പെടെ 4 റെയിൽവേ സ്റ്റേഷനുകളിൽ ഇലക്ട്രിക് വാഹനങ്ങൾക്കായി ബാറ്ററി സ്വാപ്പിങ് കേന്ദ്രങ്ങൾ സ്ഥാപിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും അവ പ്രയോജനകരമാകും.മജസ്റ്റിക്കിലെ മൂന്നാം പ്രവേശന കവാടത്തിലും ബയ്യപ്പനഹള്ളി, ബാനസവാടി, യെലഹങ്ക സ്റ്റേഷനുകളിലുമാണ് ബാറ്ററി സ്വാപ്പിങ് കേന്ദ്രങ്ങൾ സ്ഥാപിച്ചത്. അവ ഉടൻ പ്രവർത്തനം ആരംഭിക്കും. ഒരു കേന്ദ്രത്തിൽ 14 ബാറ്ററികൾ മാറ്റിസ്ഥാപിക്കാനുള്ള സൗകര്യങ്ങളുണ്ടാകും. ഡ്രൈവർമാർക്കു തങ്ങളുടെ ബാറ്ററികൾക്കു പകരം ചാർജുള്ള ബാറ്ററികൾ 5 മിനിറ്റു കൊണ്ട് മാറ്റിയെടുക്കാനാകും. അതിനു 56 രൂപയാണ് നിരക്കായി ഈടാക്കുക.
യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ് സ്റ്റേഷനുകൾ തിരഞ്ഞെടുത്തതെന്നും പദ്ധതി മറ്റു സ്റ്റേഷനിലേക്കും വ്യാപിപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കി. മെട്രോ സ്റ്റേഷനുകളിൽ ബിഎംആർസിയുടെ നേതൃത്വത്തിൽ ആരംഭിച്ച ബാറ്ററി സ്വാപ്പിങ് കേന്ദ്രങ്ങൾക്കു യാത്രക്കാരിൽനിന്നു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
വളർച്ചയ്ക്കൊപ്പം വേണം, മെച്ചപ്പെട്ട സൗകര്യങ്ങളും
നഗരത്തിൽ നിലവിൽ 5,765 ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനാണുള്ളത്. സംസ്ഥാനത്തെ ആകെ സ്റ്റേഷനുകളുടെ 85%. 2030നകം നഗരത്തിലെ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുതിച്ചുചാട്ടമുണ്ടാകുമെന്നും 36,000 ചാർജിങ് സ്റ്റേഷനുകൾ ആവശ്യമായി വരുമെന്നും പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്.അതിനാൽ, കൂടുതൽ സ്റ്റേഷനുകൾ സ്ഥാപിക്കാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്.