പത്തനംതിട്ടയിലേക്കുള്ള സ്വിഫ്റ്റ് ഗരുഡ എസിയുടെ സമയവും മാറ്റി; നന്നാക്കാൻ നേരമില്ല, നേരത്തേ പുറപ്പെടും

Mail This Article
ബെംഗളൂരു ∙ നാട്ടിലേക്കുള്ള കേരള ആർടിസി ബസുകൾ വൈകിയോടുന്നതു പതിവായതോടെ അറ്റകുറ്റപ്പണികൾക്ക് സമയം ലഭിക്കുന്നില്ലെന്ന കാരണത്താൽ കൂടുതൽ ബസുകളുടെ സമയത്തിൽ മാറ്റം വരുത്താൻ അധികൃതർ. പത്തനംതിട്ടയിലേക്കുള്ള സ്വിഫ്റ്റ് ഗരുഡ എസി സർവീസിന്റെ സമയമാണ് ഒടുവിൽ മാറ്റിയത്. നേരത്തെ തിരുവനന്തപുരം വരെയുള്ള സ്വിഫ്റ്റ് ഗജരാജ എസി സ്ലീപ്പർ സർവീസ് എറണാകുളം വരെയാക്കി ചുരുക്കിയിരുന്നു. മാനന്തവാടി വഴിയുള്ള കൊട്ടാരക്കര ഡീലക്സ് സർവീസ് ബത്തേരി വഴിയാക്കിയും പുനക്രമീകരിച്ചു. കേരളത്തിൽ ദേശീയപാത നിർമാണത്തിന്റെ ഭാഗമായുള്ള ഗതാഗതക്കുരുക്കും മറ്റും കാരണം ബസുകൾ മണിക്കൂറുകൾ വൈകിയാണ് പലപ്പോഴും എത്തുന്നത്. പ്രതിദിന പരിശോധനകൾ പോലും നടത്താൻ കഴിയാതെ മടങ്ങേണ്ടിവരുന്നതോടെ, വഴിയിൽ തകരാറിലായി സർവീസ് മുടങ്ങുന്നത് പതിവായിരുന്നു.
പുറപ്പെടുന്നത് വൈകിട്ട് 5ന്
സ്ഥിരമായി വൈകിയെത്തുന്നുവെന്ന പരാതിയുള്ള ബെംഗളൂരു–പത്തനംതിട്ട എസി സ്വിഫ്റ്റ് ബസ് ഇനി രാത്രി 8.30ന് പകരം വൈകിട്ട് 5നാണ് ബെംഗളൂരു സാറ്റലൈറ്റ് ടെർമിനലിൽ നിന്ന് പുറപ്പെടുക.ശാന്തിനഗർ (5.14), സിൽക്ക്ബോർഡ് (7.29), അത്തിബലെ (5.54), സേലം, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ, മൂവാറ്റുപുഴ, കോട്ടയം വഴി രാവിലെ 7.10നു പത്തനംതിട്ടയിലെത്തും. നേരത്തേ ഉച്ചയ്ക്ക് 12നായിരുന്ന ബസ് എത്തിയിരുന്നത്. പത്തനംതിട്ടയിൽ നിന്നുള്ള മടക്കസർവീസിന്റെ സമയത്തിൽ മാറ്റമില്ല.വൈകിട്ട് 5.30നു പത്തനംതിട്ടയിൽ നിന്ന് പുറപ്പെട്ട് രാവിലെ 7.25നു ബെംഗളൂരുവിലെത്തും.