ടാപ്പ് എയ്റേറ്റർ വെള്ളത്തിൽ; പ്രഖ്യാപിച്ചത് കഴിഞ്ഞ വേനലിൽ

Mail This Article
ബെംഗളൂരു∙നഗരത്തിൽ വേ നൽ കടുക്കുന്നതിനിടെ ജലം പാഴാക്കുന്നതു തടയാൻ ടാപ്പുകളിൽ എയ്റേറ്ററുകൾ സ്ഥാപിക്കണമെന്ന നിർദേശം നടപ്പിലാക്കാതെ ജല അതോറിറ്റി. ജലം കുത്തിയൊലിച്ചു പാഴാക്കുന്നത് 40 ശതമാനം വരെ കുറയ്ക്കാൻ സഹായിക്കുന്ന സംവിധാനമാണിത്.കഴിഞ്ഞ വേനൽക്കാലത്ത് നഗരത്തിൽ ജലക്ഷാമം രൂക്ഷമായതോടെയാണ് ജല അതോറിറ്റി പ്രഖ്യാപനം നടത്തിയത്.
അപ്പാർട്മെന്റുകൾ, റസ്റ്ററന്റുകൾ, സർക്കാർ ഓഫിസുകൾ, മറ്റു വാണിജ്യ സ്ഥാപനങ്ങൾ എന്നിവയിലെ ടാപ്പുകളിൽ എയ്റേറ്ററുകൾ സ്ഥാപിക്കണമെന്നും അല്ലാത്തപക്ഷം പിഴ ഈടാക്കുമെന്നുമായിരുന്നു പ്രഖ്യാപനം.എന്നാൽ ഭൂരിഭാഗവും ഇതിനു മടിച്ചതോടെ, ഉദ്യോഗസ്ഥർ നേരിട്ടെത്തി ഇവ സ്ഥാപിക്കുമെന്നും ചെലവ് ഉടമകളിൽ നിന്നു ഈടാക്കുമെന്നും അറിയിച്ചിരുന്നു. എന്നാൽ ഈ പ്രഖ്യാപനവും വാക്കുകളിലൊതുങ്ങി. നിർദേശം ഫലപ്രദമായി നടപ്പിലാക്കാനായാൽ ജലം പാഴാകുന്നത് പകുതിയിലേറെ കുറയ്ക്കാനാകും.
തടാകങ്ങളിൽ മഴവെള്ളക്കൊയ്ത്ത്
നവീകരണത്തിലൂടെ നഗരത്തിലെ 2 തടാകങ്ങളുടെ സംഭരണശേഷി ഉയർത്തി സന്നദ്ധ സംഘടന. കഴിഞ്ഞ ദിവസം പെയ്ത വേനൽമഴയിലൂടെ 21 ലക്ഷം ലീറ്റർ ജലം ഹന്ദേനഹള്ളി, സൊല്ലേപുര തടാകങ്ങളിൽ സംഭരിക്കാൻ കഴിഞ്ഞതായി സേട്രീസ് എന്ന സംഘടന വ്യക്തമാക്കുന്നു. കഴിഞ്ഞ കാലങ്ങളിലായി ഇരു തടാകങ്ങളിലും സംഘടന നടത്തിയ നവീകരണ പ്രവർത്തനങ്ങളാണ് ഫലം കണ്ടത്.
മൺസൂണിനു മുന്നോടിയായി 10 തടാകങ്ങളിൽ കൂടി സമാന പദ്ധതി നടപ്പിലാക്കുമെന്നും ഇവർ വ്യക്തമാക്കി. നെതർലൻഡ്സിൽ നിന്നുള്ള അത്യാധുനിക സെൻസറുകൾ ഉപയോഗിച്ചാണ് ജലനിരപ്പിലെ മാറ്റം കണ്ടെത്തിയത്. ഒറ്റദിവസം പെയ്ത മഴയിലൂടെ ഇത്രയും ജലം ശേഖരിക്കാൻ കഴിഞ്ഞത് ശുഭസൂചനയാണെന്നും മഴവെള്ളം കൃത്യമായി ശേഖരിക്കാനായാൽ ഭൂഗർഭ ജലനിരപ്പ് ഉയർത്താനാകുമെന്നും സേട്രീസ് അധികൃതർ വ്യക്തമാക്കുന്നു.