വീർപ്പടക്കി, തയാറെടുത്ത് തമിഴകം
Mail This Article
ചെന്നൈ ∙ ചോദ്യങ്ങൾക്കൊന്നും വ്യക്തമായ ഉത്തരമില്ലാത്ത ഒരു രാവും പകലുമാണ് കടന്നു പോയത്. ആരൊക്കെ വീണെന്നും ആരൊക്കെ ജീവനുമായി നീന്തിക്കയറിയെന്നും അറിയാത്ത ഇരുണ്ട ദിനം. ഒഡീഷയിൽ ഒന്നിനു മീതെ മറ്റൊന്നായി ട്രെയിൻ കോച്ചുകൾ ഇടിച്ചു കയറിയെന്ന വാർത്ത പുറത്തു വന്നതു മുതൽ ഉറക്കം നഷ്ടപ്പെട്ട അവസ്ഥയിലാണ് ചെന്നൈ നഗരം. കൊറമാണ്ഡൽ എക്സ്പ്രസിലെ മിക്ക യാത്രക്കാരും ചെന്നൈയിലേക്കു ടിക്കറ്റെടുത്തിരുന്നവരാണെന്നുള്ളതാണ് കാരണം. സമീപകാലത്ത് നഗരം ഇങ്ങനെ വീർപ്പടക്കി നിന്ന സാഹചര്യം ഉണ്ടായിട്ടില്ല.
∙ ദുരന്തമുഖത്തേക്ക് 2 മന്ത്രിമാർ
തമിഴ്നാടിന് ആധുനിക മുഖം നൽകിയ മുൻ മുഖ്യമന്ത്രി എം.കരുണാനിധിയുടെ ജൻമശതാബ്ദി ആഘോഷങ്ങൾക്ക് ഒരുങ്ങി നിന്ന നഗരത്തിലേക്കാണ് ഇടിത്തീ പോലെ ഒഡീഷ ദുരന്തത്തിന്റെ വാർത്തയെത്തിയത്. ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ നിന്ന് എന്നും തിങ്ങി നിറഞ്ഞു പോകുന്ന ട്രെയിനുകളിലൊന്നായ കൊറമാണ്ഡൽ എക്സ്പ്രസാണ് അപകടത്തിൽപ്പെട്ടതെന്ന വിവരം വന്നതോടെ എങ്ങും പരിഭ്രാന്തി യായി.
കരുണാനിധിയുടെ പിറന്നാൾ ആഘോഷങ്ങളെല്ലാം നിർത്തി വയ്ക്കാൻ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ നിർദേശം നൽകി. സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചു. പിന്നാലെ, മന്ത്രിമാരായ ഉദയനിധിയെയും എസ്.എസ്.ശിവശങ്കറിനെയും ഒഡീഷയിലേക്കയച്ചു. ഉച്ചയോടെ അപകട സ്ഥലത്ത് എത്തിയ ഇരുവരും മുഖ്യമന്ത്രിയുടെ സെക്രട്ടറി അനു ജോർജ് അടക്കമുള്ള ഉന്നത
ഉദ്യോഗസ്ഥ സംഘവുമാണ് അവിടെ തമിഴ്നാടിനു വേണ്ടി രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്. ചിതറിത്തെറിച്ചതും അവയവങ്ങൾ അറ്റു പോയതുമായ മൃതദേഹങ്ങൾക്കിടയിൽ നിന്നു നാട്ടുകാരെ തിരിച്ചറിയാനും പരുക്കേറ്റവർക്കു വേണ്ട സഹായങ്ങളെല്ലാം എത്തിക്കാനും ഉദയനിധിയും സംഘവും മുന്നിലുണ്ടായിരുന്നു.
∙ ഒരുക്കങ്ങളുമായി ആശുപത്രികൾ
ഒഡീഷയിലെ ട്രെയിൻ അപകടത്തിൽ ആശങ്കയുടെ മുൾമുനയിൽ നിൽക്കുമ്പോൾ, വിവരങ്ങൾ ലഭ്യമാക്കുന്നതിനും ചെന്നൈയിലെത്തുന്നവർക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കുന്നതിനും പൂർണ സജ്ജമായി ചെന്നൈ. ദുരന്തം നടന്നതിനു പിന്നാലെ നഗരത്തിൽ കൺട്രോൾ സെന്ററും സർക്കാർ ആശുപത്രികളിൽ കൂടുതൽ കിടക്കകളും അനുബന്ധ സൗകര്യങ്ങളും ഒരുക്കി. റെയിൽവെയ്ക്കു പുറമെ പൊലീസും ഹെൽപ് ഡെസ്ക് ആരംഭിച്ചു.
ദുരന്ത സ്ഥലത്തു നിന്നു ചെന്നൈയിലെത്തിക്കുന്നവർക്ക് ആവശ്യമായ ചികിത്സ നൽകുന്നതിന് നഗരത്തിലെ പ്രധാനപ്പെട്ട സർക്കാർ ആശുപത്രികളിൽ ഒരുക്കം പൂർത്തിയായതായി ആരോഗ്യ സെക്രട്ടറി ഗഗൻദീപ് സിങ് ബേദി അറിയിച്ചു. രാജീവ്ഗാന്ധി ഗവ. ജനറൽ ആശുപത്രിയിൽ തീവ്ര ചികിത്സാ വിഭാഗത്തിൽ 40 കിടക്കകളും ചെറിയ പരുക്കുള്ളവരെ ചികിത്സിക്കുന്നതിനായി 200 കിടക്കകളും അധികമായി സജ്ജമാക്കിയിട്ടുണ്ട്.
100 ഡോക്ടർമാരെ ഇതിനായി പ്രത്യേകം നിയോഗിച്ചിട്ടുണ്ട്. സ്റ്റാൻലി ഗവ. മെഡിക്കൽ കോളജ്, ഓമന്തുരാർ ഗവ. മൾട്ടി സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രി, കിൽപോക് മെഡിക്കൽ കോളജ് എന്നിവിടങ്ങളിലും അധിക സൗകര്യങ്ങൾ ഏർപ്പെടുത്തി. ആവശ്യമെങ്കിൽ റോയപ്പേട്ട, പെരിയാർ നഗർ, സെയ്ദാപെട്ട് എന്നിവിടങ്ങളിലെ പെരിഫറൽ ആശുപത്രികളിലും പരുക്കേറ്റവരെ എത്തിക്കും. ഒഡീഷയിലേക്ക് അയ്ക്കുന്നതിനായി പ്രാദേശിക ഭാഷ സംസാരിക്കുന്ന ഡോക്ടർമാരെ സജ്ജമാക്കി നിർത്തുമെന്നും അറിയിച്ചു.
∙ നേരിട്ട് വിലയിരുത്തി മുഖ്യമന്ത്രി
സർക്കാരിന്റെ നേതൃത്വത്തിൽ ആരംഭിച്ച കൺട്രോൾ സെന്ററിലെയും സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ ഹെൽപ് ഡെസ്ക്കിലെയും പ്രവർത്തനങ്ങൾ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ നേരിട്ടു സന്ദർശിച്ചു വിലയിരുത്തി. ചെന്നൈയിലേക്ക് എത്തേണ്ട യാത്രക്കാരുടെ വിവരങ്ങളും അവരുടെ അവസ്ഥയും മുഖ്യമന്ത്രി ചോദിച്ചറിഞ്ഞു. അന്വേഷണങ്ങൾക്കായി ബന്ധപ്പെടുന്നതിനുള്ള ഹെൽപ് ഡെസ്ക്കിലെ പ്രവർത്തനവും നിരീക്ഷിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപയും പരുക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
∙ ഒഡീഷയിലേക്ക് സ്പെഷൽ ട്രെയിൻ
ട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെയും പരുക്കേറ്റവരുടെയും ബന്ധുക്കൾക്കു യാത്ര ചെയ്യുന്നതിനായി ചെന്നൈയിൽ നിന്ന് ഒഡീഷയിലേക്ക് പ്രത്യേക ട്രെയിൻ സർവീസ് നടത്തി. സെൻട്രൽ സ്റ്റേഷനിൽ നിന്ന് വൈകിട്ട് 7.20ന് ഒഡീഷയിലെ ഭദ്രക് സ്റ്റേഷനിലേക്കാണിത്. വിവിധ ജോലികൾക്കായി ഒഡീഷ, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് ഒട്ടേറെ പേരാണ് ചെന്നൈയിലുള്ളത്. അതേസമയം, സ്പെഷൽ ട്രെയിനിൽ റിസർവേഷൻ സൗകര്യം ഉണ്ടായിട്ടും ആരും ടിക്കറ്റ് ബുക്ക് ചെയ്തില്ലെന്നാണു വിവരം. എന്നാൽ അൺറിസർവ്‍ഡ് കോച്ചുകളിൽ യാത്രക്കാരുടെ തിരക്ക് അനുഭവപ്പെട്ടു.
∙ട്രെയിൻ ഇന്നെത്തും
അപകടത്തിൽ നിന്നു രക്ഷപെട്ട 250ലേറെ യാത്രക്കാരുമായുള്ള പ്രത്യേക ട്രെയിൻ ഇന്നു പുലർച്ചെ 3ന് ചെന്നൈയിൽ എത്തുമെന്ന് റെയിൽവേ അറിയിച്ചു. ട്രെയിനിൽ യാത്ര ചെയ്യുന്ന 133 പേരും ചെന്നൈയിലിറങ്ങാനുള്ളവരാണ്. 41 പേർ വിശാഖപട്ടണത്തും ഇറങ്ങും. പരുക്കുകളില്ലാതെ രക്ഷപെട്ട 50 പേർ ഇന്നലെത്തന്നെ വിമാനമാർഗം ചെന്നൈയിലെത്തി.
∙ സഹായവുമായി ഫെയ്മ
ട്രെയിൻ അപകടത്തിന്റെ പശ്ചാത്തലത്തിൽ ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മറുനാടൻ മലയാളി അസോസിയേഷൻസ് (ഫെയ്മ) ഹെൽപ്ഡെസ്ക് ആരംഭിച്ചു. യാത്രാ സഹായം, വൈദ്യസഹായം, കുടുബത്തെ ബന്ധിപ്പെടാൻ, രക്തം തുടങ്ങിയ ആവശ്യമുള്ളവർക്ക് ഹെൽപ്‌ലൈൻ നമ്പറുകളിൽ ബന്ധപ്പെടാം.
തമിഴ്നാട്
∙ 98416 99963–ജി.പ്രഷീദ്കുമാർ
∙ 90031 49831–എൽ.സജികുമാർ
ഒഡീഷ
∙ 98737 31193–നമ്പ്യാത്ത് രാധാകൃഷ്ണൻ
∙ 81369 97510–അനൂപ്
തെലങ്കാന
∙ 89197 37187–ശിവപ്രസാദ് കെ.വാനൂർ
ഹെൽപ് ലൈൻ
കൊറമാണ്ഡൽ എക്സ്പ്രസിൽ യാത്ര ചെയ്തവരെ സംബന്ധിച്ചുള്ള വിവരങ്ങൾക്ക് തമിഴ്നാട് പൊലീസ് ഹെൽപ് ലൈൻ ആരംഭിച്ചു.
044–28447701, 044–28447703.
സംസ്ഥാന സർക്കാരിന്റെ ഹെൽപ് ലൈൻ
9445869843 (മൊബൈൽ), 1070 (ലാൻഡ്‌ലൈൻ), 9445869848 (വാട്സാപ്പ്)