ബംഗാൾ ഉൾക്കടലിനു മുകളിലെ ചക്രവാതച്ചുഴി: 2 ദിവസംകൂടി മഴ തുടരും

Mail This Article
ചെന്നൈ∙ ബംഗാൾ ഉൾക്കടലിനു മുകളിലെ ചക്രവാതച്ചുഴിയെ തുടർന്ന് നഗരത്തിൽ മഴ 2 ദിവസം കൂടി തുടരുമെന്നും ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്കും മറ്റിടങ്ങളിൽ മിതമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. കടുത്ത ചൂടിലേക്കു നീങ്ങുന്ന നഗരത്തിനു വലിയ ആശ്വാസം പകർന്നാണ് ഇന്നലെ അപ്രതീക്ഷിതമായി മഴ ലഭിച്ചത്. എഗ്‌മൂർ പുരുഷവാക്കം, തൊണ്ടയാർപെട്ട്, അയനാവരം, ഒഎംആർ, താംബരം, പല്ലാവരം, ക്രോംപെട്ട്, ഹസ്തിനപുരം, സെമ്പാക്കം, സേലയൂർ, പെരുങ്കളത്തൂർ എന്നിവിടങ്ങളിൽ ശക്തമായ മഴ ലഭിച്ചു. ഇന്നലെ പകൽ താപനില 33 ഡിഗ്രിയായി.
4 ജില്ലകളിൽ അതിശക്തമായ മഴ
കന്യാകുമാരി, തെങ്കാശി, തിരുനെൽവേലി, തൂത്തുക്കുടി അടക്കമുള്ള ജില്ലകളിൽ ഇന്ന് അതിശക്തമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. താമരഭരണി നദിയിൽ ജലനിരപ്പ് ഉയർന്നതിനാൽ സമീപ പ്രദേശങ്ങളിലെ ജനങ്ങൾക്കു ജാഗ്രതാ നിർദേശം നൽകി. നദിയിലിറങ്ങി നീന്തുന്നതും മീൻ പിടിക്കുന്നതും ഉല്ലാസ യാത്രയും വിലക്കി.