ഇന്ന് ഈഡൻ ഗാർഡൻസിൽ കൊടിയേറ്റം, നാളെ ചെപ്പോക്കിൽ പൊടിപൂരം; ആർത്തിരമ്പും മഞ്ഞക്കടലായി

Mail This Article
ചെന്നൈ ∙ കായികാവേശത്തിനു തിരികൊളുത്തുന്ന ഐപിഎൽ മത്സരങ്ങൾ വീണ്ടും വിരുന്നെത്തുന്നതിന്റെ ആഹ്ലാദത്തിൽ ക്രിക്കറ്റ് പ്രേമികൾ. ക്രിക്കറ്റിന്റെ വേനൽപൂരം ഇന്ന് കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ ആരംഭിക്കുന്നതോടെ ചെന്നൈയിലെ ആരാധകരും ആവേശത്തിരയിലാകും. നഗരത്തിന്റെ സ്വന്തം ടീമായ ചെന്നൈ സൂപ്പർ കിങ്സ് (സിഎസ്കെ) നാളെ വൈകിട്ട് 7.30നാണ് ചെപ്പോക്ക് എം.എ.ചിദംബരം സ്റ്റേഡിയത്തിൽ ആദ്യ കളിക്കിറങ്ങുക. ലോകോത്തര താരങ്ങളുടെ അസാമാന്യ പ്രകടനങ്ങൾക്കു സാക്ഷ്യം വഹിക്കാനുള്ള അവസരം കൂടിയാണു വീണ്ടും നഗരവാസികൾക്കു ലഭിക്കുന്നത്.
ധോണിയുടെ സൈന്യം
ഐപിഎലിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള ചെന്നൈ സൂപ്പർ കിങ്സിന്റെ (സിഎസ്കെ) സ്വന്തം തട്ടകത്തിൽ, ഇന്ത്യൻ ഏകദിന, ടെസ്റ്റ് ടീമുകളുടെ ക്യാപ്റ്റൻ രോഹിത് ശർമയും ടി–20 ക്യാപ്റ്റൻ സൂര്യകുമാർ യാദവുമടക്കം അണിനിരക്കുന്ന മുംബൈ ഇന്ത്യൻസുമായാണ് നാളെ ആതിഥേയർ കൊമ്പുകോർക്കുന്നത്. നായക സ്ഥാനത്തില്ലെങ്കിലും ചെന്നൈയുടെ സ്വന്തം ‘തല’ തന്നെയായ ധോണി വീണ്ടും കളത്തിലിറങ്ങുന്നതിനു സാക്ഷ്യം വഹിക്കാൻ തമിഴകത്തിന് അകത്തും പുറത്തും നിന്നായി ആരാധക പ്രവാഹമുണ്ടാകുമെന്ന് ഉറപ്പാണ്.
ഋതുരാജ് ഗെയ്ക്‌വാദ് തുടർച്ചയായി രണ്ടാം സീസണിലും സിഎസ്കെ നായക സ്ഥാനത്തുണ്ട്. 5 തവണ വീതം ഐപിഎൽ കിരീടം നേടി ഒപ്പത്തിനൊപ്പം നിൽക്കുന്ന സിഎസ്കെയും മുംബൈ ഇന്ത്യൻസും തമ്മിലുള്ള മത്സരം കളത്തിൽ തീപാറിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.കഴിഞ്ഞ സീസണിൽ അഞ്ചാം സ്ഥാനത്തായ സിഎസ്കെയ്ക്കു പ്ലേഓഫിലെത്താൻ സാധിച്ചിരുന്നില്ല. 4 വിജയങ്ങൾ മാത്രം സ്വന്തമാക്കിയ മുംബൈയാകട്ടെ 8 പോയിന്റുകളോടെ അവസാന സ്ഥാനത്തുമായിരുന്നു. കഴിഞ്ഞ വർഷത്തെ തിരിച്ചടികളിൽനിന്ന് പഠിച്ച പാഠങ്ങളുമായാകും ഇരുടീമുകളും ഇക്കുറി കളത്തിലിറങ്ങുക.
ഇത്തവണത്തെ മെഗാ താരലേലത്തിൽ പുതുതായി ടീമിലെടുത്ത താരങ്ങളുടെ പ്രകടനവും ഇരുഭാഗത്തിന്റെയും വിജയപരാജയങ്ങളെ നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും. രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് അടുത്തയിടെ വിരമിച്ച ആർ.അശ്വിൻ സിഎസ്കെയിൽ തിരിച്ചെത്തിയതു ടീമിന്റെ ബൗളിങ് നിരയെയും ഓൾറൗണ്ട് മികവിനെയും ശക്തിപ്പെടുത്തിയിട്ടുണ്ട്. മുൻ വർഷങ്ങളിൽ ഉദ്ഘാടനമത്സരത്തിനും ഫൈനലിനും ഉൾപ്പെടെ വേദിയായ ചെപ്പോക്കിൽ ഇത്തവണ പക്ഷേ, സിഎസ്കെയുടെ 7 ഹോം മാച്ചുകൾ മാത്രമേ നടക്കുകയുള്ളൂ.
കരിഞ്ചന്ത പൂട്ടിക്കാൻ
മുൻ വർഷത്തേതു പോലെ കരിഞ്ചന്തയിൽ ടിക്കറ്റ് വിൽക്കപ്പെടാനുള്ള സാധ്യത കണക്കിലെടുത്തു മുഴുവൻ ടിക്കറ്റുകളും ഓൺലൈനിലാണ് വിൽപനയ്ക്കെത്തിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാവിലെ വിൽപന ആരംഭിച്ച് മണിക്കൂറുകൾക്കകം സിഎസ്കെ– മുംബൈ മത്സരത്തിന്റെ ടിക്കറ്റുകൾ മുഴുവനായും വിറ്റഴിഞ്ഞിരുന്നു. കഴിഞ്ഞ വർഷത്തേതു പോലെ വ്യാജ ടിക്കറ്റ് സൈറ്റുകൾ പ്രത്യക്ഷപ്പെടാനുള്ള സാധ്യതയെപ്പറ്റി അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ടിക്കറ്റ് വിൽപനയ്ക്കായുള്ള സൈറ്റുകളുടേതിനു സമാനമായ പേരിലുള്ള വ്യാജ സൈറ്റുകൾ വഴി ടിക്കറ്റെടുത്ത ഒട്ടേറെപ്പേർക്ക് അന്നു പണം നഷ്ടമായിരുന്നു.
മെട്രോയിൽ പോകാം, സൗജന്യമായി
∙നാളെ നടക്കുന്ന സിഎസ്കെ – മുംബൈ ഇന്ത്യൻസ് ഐപിഎൽ മത്സരം കാണാനെത്തുന്നവർക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച് മെട്രോ. മത്സരത്തിന്റെ ടിക്കറ്റുകൾ കൈവശമുള്ളവർക്ക് ഇവ ഉപയോഗിച്ച് ഗവ. എസ്റ്റേറ്റ് സ്റ്റേഷനിലേക്കും തിരിച്ചും സൗജന്യമായി യാത്ര ചെയ്യാം. ടിക്കറ്റുകളിൽ രേഖപ്പെടുത്തിയിട്ടുള്ള ക്യുആർ കോഡുകൾ മെട്രോ സ്റ്റേഷൻ ഗേറ്റുകളിൽ സ്കാൻ ചെയ്യണം. ഐപിഎൽ മത്സരം കണക്കിലെടുത്ത് രാത്രി ഒന്നുവരെ ഗവ. എസ്റ്റേറ്റ് സ്റ്റേഷനിൽനിന്ന് മെട്രോ സർവീസുണ്ടാകും.
ചെപ്പോക്കില്‍ സിഎസ്കെയുടെ ഹോം മാച്ചുകൾ
നാളെ (എംഐ)– രാത്രി 7.30
മാർച്ച് 28 (ആർസിബി)– രാത്രി 7.30
ഏപ്രിൽ 5 (ഡിസി)– ഉച്ചയ്ക്കു 3.30
ഏപ്രിൽ 11 (കെകെആർ)– രാത്രി 7.30
ഏപ്രിൽ 25 (എസ്ആർഎച്ച്)– രാത്രി 7.30
ഏപ്രിൽ 30 (പിബികെഎസ്)– രാത്രി 7.30
മേയ് 12 (ആർആർ)– രാത്രി 7.30