മെട്രോ രണ്ടാംഘട്ടം ആദ്യ പരീക്ഷണയോട്ടം വിജയം; ആദ്യം പരുങ്ങി, പിന്നെ കുതിച്ചു

Mail This Article
ചെന്നൈ ∙ രണ്ടാംഘട്ട മെട്രോ പാതയിലെ ആദ്യ പരീക്ഷണയോട്ടം വിജയകരമായി പൂർത്തിയാക്കി. തുടക്കത്തിൽ സാങ്കേതിക തകരാറുകൾ നേരിട്ടതോടെ പരീക്ഷണയോട്ടം വൈകിയെങ്കിലും, പിന്നീട് അവയെല്ലാം പരിഹരിച്ച് പൂനമല്ലി മുതൽ മുല്ലത്തോട്ടം (3 കിലോമീറ്റർ) വരെ മെട്രോ ഓടിയെത്തി.
വ്യാഴാഴ്ച വൈകിട്ട് 5.30നാണ് പരീക്ഷണയോട്ടം നിശ്ചയിച്ചിരുന്നത്. എന്നാൽ, പൂനമല്ലിയിൽനിന്ന് ട്രെയിൻ പുറപ്പെട്ടപ്പോൾ വൈദ്യുതി ലൈനിൽ ഷോർട് സർക്കീറ്റ് ഉണ്ടായതിനെ തുടർന്ന് പരീക്ഷണയോട്ടം നിർത്തിവയ്ക്കേണ്ടിവന്നു. 6 മണിക്കൂറിലേറെ നീണ്ട ശ്രമത്തിനൊടുവിൽ തകരാറുകൾ പരിഹരിച്ച് രാത്രി 11.30നാണ് വീണ്ടും ട്രെയിൻ പുറപ്പെട്ടത്. വരും ദിവസങ്ങളിലും ഈ റൂട്ടിൽ പരീക്ഷണയോട്ടങ്ങൾ നടത്തും. തുടർന്ന് പോരൂർ വരെയുള്ള 9 കിലോമീറ്റർ പാതയിൽ ട്രെയിനുകൾ ഓടിക്കും.
പൂനമല്ലി മുതൽ ലൈറ്റ്ഹൗസ് വരെ നീളുന്ന മെട്രോയുടെ നാലാം ഇടനാഴിയിൽ ഉൾപ്പെടുന്ന പൂനമല്ലി– പോരൂർ പാതയിൽ വർഷാവസാനത്തോടെ മെട്രോ സർവീസ് ആരംഭിക്കാനാണ് പദ്ധതി. പോരൂർ മുതൽ കോടമ്പാക്കം വരെയുള്ള 8 കിലോമീറ്ററിൽ 2026 ജൂൺ മാസത്തിൽ സർവീസ് തുടങ്ങാനാകുമെന്നാണ് കണക്കുകൂട്ടൽ. രണ്ടാംഘട്ട മെട്രോ നിർമാണം 2027ൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.