കൈക്കൂലി വാങ്ങുന്നവരും കുടുംബവും നശിക്കും: ഹൈക്കോടതി

Mail This Article
ചെന്നൈ ∙ കൈക്കൂലി വാങ്ങുക ജീവിതതത്വമാക്കരുതെന്നും ആരെങ്കിലും കൈക്കൂലി വാങ്ങിയാൽ അവരും കുടുംബവും നശിക്കുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ‘സങ്കൽപിക്കാൻ സാധിക്കാത്തവിധത്തിൽ അഴിമതി വ്യാപിക്കുകയാണ്. പലപ്പോഴും വീട്ടിൽനിന്നാണ് അഴിമതി തുടങ്ങുന്നത്. വീട്ടുകാരുടെ സമ്മതമുണ്ടെങ്കിൽ അഴിമതിക്ക് അവസാനമുണ്ടാകില്ല’– കോടതി നിരീക്ഷിച്ചു.
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ കസ്റ്റംസ് സൂപ്രണ്ട് വി.ഗോവിന്ദസ്വാമിക്കും ഭാര്യ വി.ഗീതയ്ക്കും 4 വർഷം കഠിനതടവ് ശിക്ഷ വിധിക്കവേയാണ് കോടതിയുടെ പരാമർശങ്ങൾ. കേസിൽ ഇരുവരെയും വിചാരണക്കോടതി വിട്ടയച്ചതിനെതിരെ സിബിഐ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.
മുൻപ്, ഇരുവരുടെയും വീടുകളിൽ സിബിഐ നടത്തിയ റെയ്ഡിൽ കണക്കിൽപെടാത്ത പണവും സ്ഥാവര, ജംഗമസ്വത്തുക്കളുടെ രേഖകളും കണ്ടെടുത്തിരുന്നു. ലഭ്യമായ തെളിവുകൾ കണക്കിലെടുക്കുമ്പോൾ, കേസ് സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്നു ജസ്റ്റിസ് കെ.കെ.രാമകൃഷ്ണൻ നിരീക്ഷിച്ചു. ഗോവിന്ദസ്വാമിക്കു 75 ലക്ഷം രൂപയും ഭാര്യ ഗീതയ്ക്ക് 25 ലക്ഷം രൂപയുമാണ് പിഴയായി വിധിച്ചത്. ഏപ്രിൽ 10ന് മധുര ജയിൽ അധികൃതർക്കു മുന്നിൽ കീഴടങ്ങാനും ഉത്തരവിട്ടിട്ടുണ്ട്.