കുട്ടികളെ തെറ്റുകളിലേക്ക് നയിക്കുന്നത് പിടിക്കപ്പെടില്ലെന്ന വിശ്വാസം: അസി. എക്സൈസ് കമ്മിഷണർ

Mail This Article
കൊച്ചി ∙ ഗൗരവം കുറഞ്ഞ ലഹരിക്കേസുകളിൽ പിടിയിലായാൽ പോലും ജോലി ഉൾപ്പെടെയുള്ള ഭാവിജീവിതത്തിൽ കരിനിഴലായി പിന്തുടരുമെന്ന് അസി. എക്സൈസ് കമ്മിഷണർ കെ.എസ്.മുഹമ്മദ് ഹാരിഷ്. മനോരമ ഓൺലൈൻ - മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചുറ്റുവട്ടം അവാർഡ് 2025 ന്റെ ഭാഗമായുള്ള മധ്യമേഖല ലഹരി വിരുദ്ധ ക്യാംപെയ്നിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ലഹരിക്കേസുകളിൽ ജയിൽ ശിക്ഷ ഒഴിവായാലും രേഖകളിൽ ക്രിമിനൽ പശ്ചാത്തലം തുടരും. പിടിക്കപ്പെടില്ലെന്ന വിശ്വാസം കൂടിയാണ് കുട്ടികളെ തെറ്റുകളിലേക്ക് നയിക്കുന്നത്. അവർ കൗതുകം കൊണ്ട് ലഹരിയിലേക്ക് തിരിയാതിരിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും അദേഹം പറഞ്ഞു.

ലഹരി വിമുക്ത സന്ദേശങ്ങൾ സദസിന്റെ പങ്കാളിത്തത്തോടെ അവതരിപ്പിച്ച വർക്‌ഷോപ്പിന് മെന്റലിസ്റ്റ് നിവിൻ നിരവത്ത് നേതൃത്വം നൽകി. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് കൊച്ചി ഷോറൂം മേധാവി പി.എ.ഷെഫീഖ്, മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ വർഗീസ് സി. തോമസ്, മനോരമ ഓൺലൈൻ സീനിയർ കണ്ടന്റ് കോ-ഓർഡിനേറ്റർ ജോവി എം. തേവര എന്നിവർ പ്രസംഗിച്ചു.
എറണാകുളം, തൃശൂർ, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികളും വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുത്തു. ഉത്തരമേഖല ലഹരി വിരുദ്ധ ക്യാംപെയ്ൻ ഏപ്രിൽ 5ന് കോഴിക്കോട് നടക്കും. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ സൈക്ലത്തോൺ സംഘടിപ്പിച്ചു വരുന്നു. കേരളത്തിലെ മികച്ച വീട്ടു കൂട്ടായ്മയെ കണ്ടെത്താനുള്ള മത്സരാധിഷ്ഠിത പരിപാടിയായ ചുറ്റുവട്ടം അവാർഡ് ഇത്തവണ ലഹരി വിമുക്ത - വിശപ്പ് രഹിത സമൂഹം എന്ന ആശയത്തെ മുൻനിർത്തിയാണ് സംഘടിപ്പിക്കുന്നത്. വിവരങ്ങൾക്ക്: www.chuttuvattomawards.com