മലങ്കര അണക്കെട്ടിന്റെ 3 ഷട്ടർ തുറന്നു

Mail This Article
മൂവാറ്റുപുഴ ∙ ജലനിരപ്പ് ഉയർന്നതോടെ മലങ്കര അണക്കെട്ടിന്റെ മൂന്ന് ഷട്ടർ തുറന്നു. ആകെ 6 ഷട്ടർ ഉള്ളതിൽ 3, 4, 5 ഷട്ടറുകൾ 20 സെന്റിമീറ്റർ വീതമാണ് തുറന്നത്. 3 ഷട്ടർ തുറന്നെങ്കിലും മൂവാറ്റുപുഴയാറിലെ ജലനിരപ്പിൽ പ്രകടമായ വ്യത്യാസമുണ്ടായിട്ടില്ല. ശക്തമായ കാലവർഷം കിഴക്കൻ മേഖലയിൽ സൃഷ്ടിച്ചേക്കാവുന്ന വെള്ളപ്പൊക്ക ഭീഷണിക്കു പരിഹാരം കാണുന്നതിന്റെ ഭാഗമായി മേയ് 25 മുതൽ സെപ്റ്റംബർ 30 വരെ ഡാമിന്റെ ജലനിരപ്പ് 39.5 മീറ്ററായി ക്രമീകരിക്കാൻ മൂവാറ്റുപുഴ വാലി ഇറിഗേഷൻ പ്രോജക്ട് സൂപ്രണ്ടിങ് എൻജിനീയർ ജയ പി. നായർ ഉത്തരവിട്ടിരുന്നു.
വേനൽ മഴ ശക്തമാകുകയും മൂലമറ്റം പവർ ഹൗസിൽ നിന്നുള്ള വെള്ളമൊഴുക്ക് വർധിക്കുകയും ചെയ്തതോടെ ഡാമിലെ ജലനിരപ്പ് 41.60 മീറ്ററായി ഉയർന്നതോടെയാണ് ഷട്ടറുകൾ തുറന്നത്. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിലുള്ള പുഴകളിലും തോടുകളിലും നീരൊഴുക്ക് കൂടിയിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്കു ശേഷം ഡാമിന്റെ വൃഷ്ടിപ്രദേശത്ത് സാമാന്യം നല്ല മഴ പെയ്യുകയും ചെയ്തു. ഇതു മൂലം ഡാമിലെ ജലനിരപ്പ് ഉയർന്നാൽ കൂടുതൽ ഷട്ടറുകൾ തുറക്കുമെന്ന് എംവിഐപി (മൂവാറ്റുപുഴ വാലി ഇറിഗേഷൻ പ്രൊജക്ട് ) അധികൃതർ അറിയിച്ചു.
അതിനാൽ തൊടുപുഴയാറിന്റെയും മൂവാറ്റുപുഴയാറിന്റെയും കരകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. ശക്തമായ മഴയെത്തുമ്പോൾ ഒറ്റയടിക്ക് ഡാമിലെ വെള്ളം തുറന്നുവിടുന്നതാണ് മൂവാറ്റുപുഴ മേഖലയിൽ വെള്ളപ്പൊക്കത്തിനു കാരണമെന്നാണു ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചൂണ്ടിക്കാണിച്ചിരുന്നത്. ഇതു തടയാനാണ് ഡാമിലെ ജലനിരപ്പ് 39.5 അടിയായി നിലനിർത്തണമെന്ന ആവശ്യം ഉയർന്നത്. ജലനിരപ്പ് 39.5 അടിയായി നിലനിർത്തിയാൽ പോലും ജലസേചന പദ്ധതിക്കു തടസ്സമുണ്ടാകില്ലെന്നും ഇവർ വിശദീകരിച്ചിരുന്നു.