ADVERTISEMENT

കൊച്ചി∙ വൈറ്റില മൊബിലിറ്റി ഹബ് പൊതു, സ്വകാര്യ പങ്കാളിത്ത മാതൃകയിൽ പൂർത്തിയാക്കാൻ നിതി ആയോഗ് നിർദേശം. ഇതു രണ്ടാംവട്ടമാണു മൊബിലിറ്റി ഹബ് പൊതു,സ്വകാര്യ പങ്കാളിത്തത്തിൽ നിർമിക്കാൻ നിർദേശം വരുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്തു ചീഫ് സെക്രട്ടറിയിൽ നിന്നായിരുന്നു, സ്വകാര്യ പങ്കാളിത്തം സംബന്ധിച്ച  ആദ്യ നിർദേശം.

നവംബറിൽ ഹബ് രണ്ടാംഘട്ട വികസനത്തിനു സംസ്ഥാന സർക്കാർ അനുമതി നൽകിയെങ്കിലും ഒരു വർഷമായിട്ടും തുടങ്ങാനായില്ല. ഒട്ടേറെ പണിപ്പെട്ടു സർക്കാർ വകുപ്പുകളിൽ നിന്ന് ഏറ്റെടുത്ത സ്ഥലത്തു സ്വകാര്യ  പങ്കാളിത്ത പദ്ധതിയുമായി  മുന്നോട്ടു പോകാൻ സംസ്ഥാന സർക്കാരിനു താൽപര്യം  കുറവായിരിക്കും. അതോടെ മൊബിലിറ്റി ഹബ് വികസനം ഈ സർക്കാരിന്റെ കാലത്തും  തുടങ്ങില്ലെന്ന്  ഉറപ്പായി.

അനാഥ പദ്ധതി

രക്ഷിതാക്കളില്ലാത്ത കുട്ടിയെപ്പോലെയാണ് വൈറ്റില മൊബിലിറ്റി ഹബ്. വി. എസ്. അച്യുതാനന്ദൻ സർക്കാരിന്റെ അവസാന കാലത്ത് ഒന്നാം ഘട്ടം വളരെ വേഗത്തിൽ പൂർത്തിയാക്കിയ പദ്ധതിക്കു പിന്നീടു വന്ന യുഡിഎഫ് സർക്കാരോ, ഇപ്പോഴത്തെ എൽഡിഎഫ് സർക്കാരോ  പുതുതായി ഒരു കല്ലു പോലും വച്ചില്ല. ‌

ഹബ്ബിന്റെ ചുമതലക്കാരെ അടിക്കടി മാറ്റി. അസി. കലക്ടർ സ്നേഹിൽകുമാർ സിങ് ആണ് ഇപ്പോഴത്തെ എംഡി. അദ്ദേഹം സ്ഥലം മാറിയെങ്കിലും ഹബ് എംഡിയുടെ ചുമതല തുടരുന്നു. ഹബ് വികസനം ഏതു വിധത്തിലാകണമെന്നു പലവട്ടം ചർച്ച ചെയ്തതാണ്. പിപിപി മാതൃക തീരുമാനിച്ചതു മാറ്റി പൊതുമേഖലയിൽ തന്നെയാകാമെന്നു ധാരണയായി.

പദ്ധതിക്കുവേണ്ടി കിറ്റ്കോ വിശദമായ പദ്ധതി രേഖ തയാറാക്കി. ഏറ്റവും ഒടുവിൽ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനായിരുന്നു ചുമതല. ഒന്നും നടന്നില്ലെങ്കിലും ഇതിനകം ഹബ് വികസനത്തിനു  രണ്ടോ മൂന്നോ വിശദ പദ്ധതി രേഖയായി. ഇതിനൊക്കെ ലക്ഷങ്ങളും െചലവായി.

590 കോടിയുടെ വിശദ പദ്ധതി 

590 കോടി ചെലവിൽ 2 വർഷംകൊണ്ടു രണ്ടാംഘട്ട വികസനം പൂർത്തിയാക്കാൻ വിഭാവനം ചെയ്തതായിരുന്നു കെഎംആർഎൽ പ്രോജക്ട്. രാജ്യാന്തര നിലവാരമുള്ള പൊതുഗതാഗത ഹബ് നിർമിക്കാൻ സാങ്കേതിക സഹായവും വായ്പയും ഫ്രഞ്ച് വികസന ഏജൻസി വാഗ്ദാനം ചെയ്തു.

26.8 ഏക്കർ സ്ഥലത്ത് 27 % സ്ഥലത്താണു നിർമാണം. 32 % സ്ഥലം റോഡും പാർക്കിങ് ഏരിയയുമായി മാറ്റിവച്ചു. വാട്ടർ മെട്രോയ്ക്ക് 34270 ചതുരശ്ര മീറ്ററും മെട്രോ സ്റ്റേഷന് 2390 ചതുരശ്ര മീറ്ററും നീക്കിവച്ചു. 34270 ചതുരശ്രമീറ്റർ സ്ഥലം റോഡിനു പോകും. 44628 ചതുരശ്ര മീറ്റർ സ്ഥലത്തു മരങ്ങളും ചെടികളും നടും 5 നില പാർക്കിങ് ഏരിയയിൽ 1200 കാറുകൾക്കും 2500 ഇരുചക്ര വാഹനങ്ങളും പാർക്ക് ചെയ്യാം.

പ്രധാന ടെർമിനലിൽ 75 ബസുകൾക്കു പാർക്കിങ് സൗകര്യം.42 കിയോസ്കുകൾ. 2474 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഹാൾ, 21 മുറികളുള്ള ഹോട്ടൽ, 2.3 ദശലക്ഷം ലീറ്റർ ശേഷിയുള്ള മഴവെള്ള സംഭരണി, 1000 കിലോവാട്ട് ഉൽപാദന ശേഷിയുള്ള സൗരോർജ പ്ലാന്റ് എന്നിവയും രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായിരുന്നു.  

പദ്ധതിക്കു സഹായം തേടിയാണു മൊബിലിറ്റി ഹബ് സൊസൈറ്റി,  കേന്ദ്ര നഗരവികസന മന്ത്രാലയത്തെ സമീപിച്ചത്. മന്ത്രാലയം അപേക്ഷ തത്വത്തിൽ അംഗീകരിച്ചു നിതി ആയോഗിനു കൈമാറി. കോവിഡ് വ്യാപനം വന്നതോടെ പുതിയ പദ്ധതികൾക്കെല്ലാം നിയന്ത്രണമായി. ഇതോടെ മൊബിലിറ്റി ഹബ്ബിന്റെ കാര്യവും നിർദേശത്തിൽ ഒതുങ്ങി.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com