ADVERTISEMENT

കൊച്ചി∙ ഒറ്റ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നേ മോഷ്ടിക്കൂ എന്ന ‘ചാലഞ്ചു’മായി കള്ളൻ.  കള്ളനെ പിടിക്കാൻ മറുപടി ‘ചാലഞ്ചു’മായി പൊലീസ്. സിറ്റി കമ്മിഷണറേറ്റിനു കീഴിൽ, നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലാണീ കള്ളനും പൊലീസും ‘ചാലഞ്ച്’.  തമിഴ്നാട് കുളച്ചൽ സ്വദേശി ജോൺസൻ എന്ന മരിയാർപുതം നോർത്ത് പൊലീസിനു വെറുമൊരു മോഷ്ടാവല്ല. സ്റ്റേഷൻ പരിധിയിൽ നിന്നു മാത്രം മോഷ്ടിക്കുന്ന, തീരാത്ത തലവേദനയാണ്. 

ഇതുവരെയുള്ള മോഷണക്കേസുകൾ അറുപതിലധികം. എല്ലാം നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന്.  ആരെയെങ്കിലും ആക്രമിച്ചതായോ മറ്റെവിടെയെങ്കിലും മോഷണം നടത്തിയതായി പൊലീസിന് അറിവില്ല. ഇവിടം ‘ഇഷ്ടപ്പെടാൻ’ പൊലീസ് നിരത്തുന്ന കാരണങ്ങൾ ഇങ്ങനെ: 

‘സ്ഥല പരിചയവും മോഷണത്തിനു ശേഷം കടന്നുകളയാനുള്ള സൗകര്യവും നോക്കിയാണു നോർത്ത് പൊലീസ് സ്റ്റേഷൻ പരിധി തന്നെ തിരഞ്ഞെടുക്കുന്നത്. 50 വർഷം മുൻപ് ആക്രി പെറുക്കാനായി കൊച്ചി നഗരത്തിലെത്തിയ ജോൺസന് ഇവിടത്തെ വഴികളും കനാലും വീടുകളും മറ്റു കെട്ടിടങ്ങളും ഒളിയിടങ്ങളുമെല്ലാം സുപരിചിതം.  മോഷണം നടത്തേണ്ട വീട് നേരത്തെ കണ്ടെത്തി, അടുത്തുള്ള ആളൊഴിഞ്ഞ വീടുകളിലോ കെട്ടിടങ്ങളിലോ വൈകിട്ടു തന്നെ കയറി ഒളിഞ്ഞിരിക്കും. ലക്ഷ്യമിട്ട വീടിന്റെയും കടന്നുകളയാനുള്ള വഴികളിലെ വീടുകളുടെയും മതിലിനോടു ചേർന്നു രണ്ടോ മൂന്നോ കല്ലുകൾ അട്ടിവയ്ക്കുന്ന പതിവുമുണ്ട്.

മതിലു ചാട്ടം എളുപ്പമാക്കാനാണിത്. വീടിന്റെ പിൻവാതിലിലൂടെയാണു മിക്കപ്പോഴും അകത്തു കയറുക. മോഷണം കഴിഞ്ഞ്, പുലർച്ചെ അഞ്ചോടെ ട്രെയിനിൽ കുളച്ചലിലേക്ക്.’ മതിലിനു മുകളിലൂടെ ഓടാൻ കഴിവുള്ള ജോൺസനെ പിടികൂടുക എളുപ്പമല്ലെന്നും പൊലീസ്. അച്ഛന്റെ പേരായ മരിയ അർപുതത്തിൽ നിന്നാണു ജോൺസണു വിളിപ്പേരു വീണത്: മരിയാർപുതം. ചിലരതു ‘മരിയാർഭൂതം’ എന്നു വരെയാക്കി.

60 വയസ്സു പിന്നിട്ട ജോൺസൺ, ഏറ്റവുമൊടുവിൽ ജയിലിലായത് 2018ൽ. ശിക്ഷ കഴിഞ്ഞിറങ്ങിയിട്ടു 4 മാസമായി. കൊച്ചിയിൽ വീണ്ടുമെത്തിയതിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയിട്ട് ഒരു മാസം. ഇതിനിടെ 4 മോഷണശ്രമങ്ങൾ, 2 ചെറിയ മോഷണങ്ങൾ. വീടുകളിൽ നിന്നു പണവും സ്വർണവും മാത്രം മോഷ്ടിച്ചിരുന്ന ജോൺസൺ, 2017ൽ ലാപ്ടോപ്, മൊബൈൽ എന്നിവയും മോഷ്ടിച്ചതായി തെളിഞ്ഞിട്ടുണ്ട്. 

സ്റ്റേഷൻ പരിധിയിൽ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് മിക്ക രാത്രികളിലും തിരച്ചിൽ നടത്തുന്നുണ്ട്. 3 ബൈക്ക് പട്രോൾ പാർട്ടികളും മൊബൈൽ പട്രോളും ബീറ്റ് പൊലീസുകാരുമൊക്കെ ജോൺസനു പിറകെയാണ്. ഒഴി‍ഞ്ഞു കിടക്കുന്ന വീടുകളെല്ലാം പൊലീസ് അരിച്ചു പെറുക്കുന്നു.

റെസി‍ഡൻസ് അസോസിയേഷൻ–പൊലീസ് യോഗങ്ങളും തകൃതി. ‘മരിയാർപുതം ചാലഞ്ച്’ എന്ന പേരിൽ പൊലീസുണ്ടാക്കിയ 4 വാട്സാപ് ഗ്രൂപ്പുകളിൽ ആയിരത്തോളം പേർ അംഗങ്ങളാണ്. കുടുംബത്തെ കുളച്ചലിൽ നിന്നു മാറ്റിയതിനാൽ, ആ വഴിക്കു ജോൺസനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. തനിക്ക് ഇഷ്ടപ്പെട്ട നോർത്ത് സ്റ്റേഷൻ പരിധിയിൽ തന്നെ ജോൺസൺ ഉണ്ടെന്നാണു പൊലീസ് നിഗമനം.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com