ADVERTISEMENT

കൊച്ചി∙ വെളുത്തവാവിനെത്തുടർന്നുള്ള വേലിയേറ്റ വെള്ളപ്പൊക്കം നാലു ദിവസം പിന്നിട്ടതോടെ താന്തോണിത്തുരുത്ത് ഉൾപ്പെടെയുള്ള ദ്വീപുകളിലെയും നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലെയും ജനജീവിതവും ദുരിതത്തിലായി.  വെള്ളപ്പൊക്കത്തിൽ താന്തോണിത്തുരുത്തിലെ എല്ലാ വീടുകളും മുങ്ങി. വാവിനോടനുബന്ധിച്ചു രാത്രി  വെള്ളപ്പൊക്കമുണ്ടാകാറുണ്ടെങ്കിലും ഇത്ര രൂക്ഷമായിട്ടില്ലെന്നു നാട്ടുകാർ പറയുന്നു. മരട്, പനങ്ങാട്, മുളവുകാട്, വൈപ്പിൻ, കുമ്പളം, കുമ്പളങ്ങി, ഇടക്കൊച്ചിയുടെ തീരപ്രദേശങ്ങൾ, പെരുമ്പടപ്പ്, വളന്തകാട് തുടങ്ങിയ മേഖലകളിലും വേലിയേറ്റ വെള്ളപ്പൊക്കമുണ്ട്. വീടുകളിലും സ്ഥാപനങ്ങളിലുമെല്ലാം ഉപ്പുവെള്ളം കയറി.


ശക്തമായ വേലിയേറ്റത്തിൽ മരട് വളന്തകാട് ദ്വീപ് മുങ്ങിയപ്പോൾ
ശക്തമായ വേലിയേറ്റത്തിൽ മരട് വളന്തകാട് ദ്വീപ് മുങ്ങിയപ്പോൾ

തുടർക്കഥയായി ദുരിതം

ദിവസങ്ങളോളം ജീവിതം ദുരിതത്തിലാക്കിയ വൃശ്ചിക വെള്ളപ്പൊക്കമുണ്ടായിട്ടു 2 മാസമായിട്ടില്ല. സാധാരണഗതിയിൽ വെളുത്തവാവിനോടനുബന്ധിച്ച വെള്ളപ്പൊക്കം ഒരു ദിവസം മാത്രമാണുണ്ടായിരുന്നത്. വീട്ടുമുറ്റത്തുവരെ രാത്രിയിൽ വെള്ളം കയറി പുലർച്ചെ ഇറങ്ങിപ്പോകുകയായിരുന്നു പതിവ്. എന്നാൽ വൃശ്ചിക മാസത്തിൽ ഇത്തവണ പതിവിനു വിപരീതമായി ശക്തമായ വെള്ളപ്പൊക്കമാണുണ്ടായത്. വെള്ളപ്പൊക്കം 4 ദിവസം പിന്നിട്ടതോടെ ദ്വീപു നിവാസികൾക്കു രാത്രി ഉറക്കമില്ലാതായി. ഉപ്പുവെള്ളം കയറി വീട്ടുപകരണങ്ങളും മറ്റു സാമഗ്രികളും നശിച്ചു. ഭക്ഷണമുണ്ടാക്കാനുള്ള സാഹചര്യം പോലും പല കുടുംബങ്ങൾക്കുമില്ല.

നാളെ എംഎൽഎയെ കാണും

താന്തോണിത്തുരുത്തിന്റെ വേലിയേറ്റത്തിനും യാത്രാക്ലേശത്തിനും പരിഹാരം ഔട്ടർ ബണ്ടാണ്. ഔട്ടർബണ്ട് എന്ന വാഗ്ദാനം വർഷങ്ങളായി എല്ലാ ജനപ്രതിനിധികളും നൽകാറുണ്ടെങ്കിലും ഇതുവരെയും നടപടിയായിട്ടില്ല.  5 മീറ്റർ വീതിയിൽ 850 മീറ്റർ നീളത്തിലുള്ള ഈ റോഡ് യാഥാർഥ്യമായാൽ വെള്ളപ്പൊക്ക പ്രശ്നങ്ങൾക്കു പരിഹാരമാകും. വൃശ്ചികവെള്ളപ്പൊക്കം രൂക്ഷമായപ്പോൾ ദ്വീപു വാസികൾ ജിഡ ഓഫിസിലെത്തി പ്രതിഷേധിച്ചിരുന്നു. തിരഞ്ഞെടുപ്പു കഴിഞ്ഞു പ്രശ്നത്തിനു പരിഹാരം കാണാമെന്ന ഉറപ്പാണ് കലക്ടർ അന്നു നൽകിയത്. നാളെ എംഎൽഎ ടി.ജെ. വിനോദുമായി  സംസാരിക്കുമെന്നു ദ്വീപ് നിവാസിയായ അജിത് കുമാർ പറഞ്ഞു.

വൈപ്പിനിലും സ്ഥിതി രൂക്ഷം

വൈപ്പിനിൽ ഞാറയ്ക്കൽ, നായരമ്പലം, എടവനക്കാട് മേഖലകളിലാണു വെള്ളപ്പൊക്കം രൂക്ഷം. കിഴക്കൻ മേഖലയിലെ നൂറുകണക്കിനു വീടുകളിൽ വെള്ളം കയറി.  വീരൻപുഴയിൽ നിന്നും തൊട്ടുചേർന്നുള്ള ചെമ്മീൻ കെട്ടുകളിൽ നിന്നുമാണ് ജനവാസകേന്ദ്രങ്ങളിലേക്കു വെള്ളം കയറുന്നത്. നായരമ്പലം പഞ്ചായത്തിൽ കടുങ്ങാശേരി, കിഴക്കു കട, കുരിശിങ്കൽ, നെടുങ്ങാട്, ചെറുവയ്പ് കിഴക്ക് പ്രദേശങ്ങളിലും വെള്ളം കയറി.

മരടിൽ താഴ്ന്ന പ്രദേശങ്ങൾ മുങ്ങി

വേലിയേറ്റത്തിൽ മേഖലയിലെ താഴ്ന്ന പ്രദേശങ്ങൾ മുങ്ങി. പുലർച്ചെ മൂന്നിനു തുടങ്ങിയ വേലിയേറ്റം നേരം പുലരുന്നതു വരെ നീണ്ടു. ഇന്നലെയാണ് കൂടുതൽ വെള്ളം പൊങ്ങിയത്. എക്കലും ചെളിയും നിറഞ്ഞു കായലുകളുടെ ആഴം കുറഞ്ഞതും കാലാവസ്ഥ വ്യതിയാനവുമാണ് കായലിലെ ജലനിരപ്പ് ഉയരാനും വേലിയേറ്റം വർധിക്കാനും കാരണം.  വളന്തകാട് ദ്വീപ് പതിവില്ലാത്ത വിധമാണു മുങ്ങിയത്.

പൊതു വഴി ഇല്ലാത്ത ദ്വീപിൽ വീടുകൾ തുരുത്തുകൾ പോലെ കാണപ്പെട്ടു.  നഗരസഭാധ്യക്ഷൻ ആന്റണി  ആശാൻപറമ്പിൽ ഉപാധ്യക്ഷ രശ്മി സനിൽ എന്നിവർ ദ്വീപ് സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി. വില്ലേജ് ഓഫിസർ ഇന്നു ദ്വീപ് സന്ദർശിച്ചു റിപ്പോർട്ട് തയാറാക്കുമെന്ന് ആന്റണി ആശാൻപറമ്പിൽ പറഞ്ഞു. കുമ്പളം, പനങ്ങാട്, നെട്ടൂർ, ചേപ്പനം, ചാത്തമ്മ തുടങ്ങി താഴ്ന്ന പ്രദേശങ്ങളിൽ ഓരുവെള്ളം തടയാൻ ബണ്ട് കെട്ടാതിരുന്നത് വിനയായി.

 

 

 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com